മനാമ: സമാധാനത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും പ്രതീകമായി ബഹ്‌റൈൻ 54-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിക്കുന്നു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഭരണത്തിൻ കീഴിൽ രാജ്യം കൈവരിച്ച അഭിമാനകരമായ നേട്ടങ്ങൾക്ക് അടിവരയിടുന്ന ആഘോഷമാണിത്. സ്വദേശികൾക്കൊപ്പം പ്രവാസികളും ഈ ചരിത്രമുഹൂർത്തത്തിൽ പങ്കുചേർന്ന് ബഹ്‌റൈൻ്റെ പുരോഗതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.
സാഖിർ പാലസിൽ നടക്കുന്ന ദേശീയ ദിനാഘോഷ ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മുഖ്യാതിഥിയാകും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ, രാജകുടുംബാംഗങ്ങളും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ഈ ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തുടനീളം ‘സെലിബ്രേറ്റ് ബഹ്‌റൈൻ’ എന്ന പേരിൽ നടക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ഈ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു.
ഇന്ന് (ഡിസംബർ 16) വൈകുന്നേരം 7 മണിക്ക് സാഖിറിലെ ബിഐസിയിൽ അരങ്ങേറുന്ന ഗംഭീര കരിമരുന്ന് പ്രകടനം ആകാശത്ത് വർണ്ണ വിസ്മയം തീർക്കും. ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്നും നാളെയും (ഡിസംബർ 16,17) പൊതു അവധിയായിരിക്കുമെന്ന പ്രഖ്യാപനം, ഈ ആഘോഷങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നു.






