ബഹ്റൈനിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചു; സ്വദേശിവൽക്കരണം ശക്തമാക്കാൻ സർക്കാർ

ഫീസ് വർദ്ധനവിലൂടെ ലഭിക്കുന്ന വരുമാനം സ്വദേശി ഉദ്യോഗാർത്ഥികളുടെ പരിശീലനത്തിനും വേതന പിന്തുണാ പദ്ധതികൾക്കുമായി വിനിയോഗിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്

ബഹ്റൈനിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചു; സ്വദേശിവൽക്കരണം ശക്തമാക്കാൻ സർക്കാർ
ബഹ്റൈനിൽ പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചു; സ്വദേശിവൽക്കരണം ശക്തമാക്കാൻ സർക്കാർ

ബഹ്റൈനിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. സ്വദേശി-വിദേശി തൊഴിലാളികൾക്കിടയിലെ വേതന വ്യത്യാസം കുറയ്ക്കുന്നതിനും സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഈ നീക്കം. എംപി ഹമദ് അൽ ദോയിയുടെ ചോദ്യത്തിന് മറുപടിയായി തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫീസ് വർദ്ധനവിലൂടെ ലഭിക്കുന്ന വരുമാനം സ്വദേശി ഉദ്യോഗാർത്ഥികളുടെ പരിശീലനത്തിനും വേതന പിന്തുണാ പദ്ധതികൾക്കുമായി വിനിയോഗിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

വിവിധ തൊഴിൽ മേഖലകളിൽ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ‘ബഹ്‌റൈനൈസേഷൻ’ നിയമം വരും ദിവസങ്ങളിൽ കൂടുതൽ കർശനമാക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് വലിയ പിഴയും നിയമനടപടികളും നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, സ്വദേശിവൽക്കരണത്തോട് സഹകരിക്കുകയും കൂടുതൽ സ്വദേശികളെ നിയമിക്കുകയും ചെയ്യുന്ന കമ്പനികൾക്ക് സർക്കാർ ടെൻഡറുകളിൽ മുൻഗണനയും മറ്റ് വികസന പിന്തുണകളും നൽകി പ്രോത്സാഹിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

രാജ്യത്ത് മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, സർക്കാർ നൽകുന്ന വേതന പിന്തുണയുടെ ആനുകൂല്യം പറ്റി സ്വദേശികളെ അന്യായമായി പിരിച്ചുവിടുന്ന പ്രവണത തടയാൻ പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും. പ്രവാസികൾക്ക് ഈ തീരുമാനം തിരിച്ചടിയാകുമെങ്കിലും, സ്വദേശി യുവജനങ്ങൾക്ക് സ്വകാര്യ മേഖലയിൽ മാന്യമായ തൊഴിലും വേതനവും ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം.

Share Email
Top