ബഹ്‌റൈനിൽ വൻ സുരക്ഷാ വേട്ട; ഇറാന്റെ ഐആർജിസി ശൃംഖലയിലെ 15 പേർ പിടിയിൽ

ബഹ്‌റൈനിലെ യുവാക്കളെ ലക്ഷ്യമിട്ട്, അവരെ നിയമവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ച വലിയൊരു ശൃംഖലയാണ് ഇതോടെ തകർന്നത്

ബഹ്‌റൈനിൽ വൻ സുരക്ഷാ വേട്ട; ഇറാന്റെ ഐആർജിസി ശൃംഖലയിലെ 15 പേർ പിടിയിൽ
ബഹ്‌റൈനിൽ വൻ സുരക്ഷാ വേട്ട; ഇറാന്റെ ഐആർജിസി ശൃംഖലയിലെ 15 പേർ പിടിയിൽ

മനാമ: രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയുയർത്തി ഇറാന്റെ സായുധ സേനയായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സിന് വേണ്ടി പ്രവർത്തിച്ചിരുന്ന 15 പേരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ബഹ്‌റൈനിലെ യുവാക്കളെ ലക്ഷ്യമിട്ട്, അവരെ നിയമവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ച വലിയൊരു ശൃംഖലയാണ് ഇതോടെ തകർന്നത്. പിടിയിലായവർ ഇറാൻ നിർദേശപ്രകാരം രാജ്യത്ത് പ്രകോപനം സൃഷ്ടിക്കാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സമൂഹത്തിന്റെ വിവിധ കോണുകളിലേക്ക് നുഴഞ്ഞുകയറി, വിദ്വേഷവും ഭിന്നതയും വളർത്താൻ പ്രത്യേക സെല്ലുകൾ രൂപീകരിച്ചാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്. യുവാക്കളെയും കൗമാരക്കാരെയും സ്വാധീനിച്ച് കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. മുൻപ് അറസ്റ്റിലായ ഇറാൻ ഏജന്റുമാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തമായ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ നിർണായക അറസ്റ്റ് നടന്നിരിക്കുന്നത്.

Also Read: മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തകർത്തു; ബഹ്‌റൈനിൽ ഇറാന്റെ വൻ ആക്രമണശ്രമം തടഞ്ഞ് പ്രതിരോധ സേന!

മേഖലയിൽ കഴിഞ്ഞ കുറച്ചു നാളുകളായി നിലനിൽക്കുന്ന അസ്വസ്ഥതകളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ പ്രതിരോധ സേന കടുത്ത ജാഗ്രതയിലാണ്. പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും ഈ ശൃംഖലയുമായി ബന്ധമുള്ള മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാനോ, ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി സമാധാനം തകർക്കാനോ ശ്രമിക്കുന്ന ആർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Share Email
Top