മോശം പെരുമാറ്റം; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

മോശം പെരുമാറ്റം; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: പൊലീസിന്റെ മോശം പെരുമാറ്റത്തിന് കോടതിയുടെ രൂക്ഷ വിമർശനം. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പൊലീസിന്റെ ആത്മവീര്യം സംരക്ഷിക്കാൻ തെറ്റു ചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടതെന്ന് ഹൈക്കോടതി ചോദിച്ചു.

പൊലീസുകാരുടെ പെരുമാറ്റ ഏതു വിധത്തിലായിരിക്കണം എന്നതു സംബന്ധിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. എന്നിട്ടും അതിനു വിപരീതമായി പ്രവർത്തിക്കുന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. രൂക്ഷമായ വിമർശനമാണ് ഇന്നു ഹൈക്കോടതിയിൽ നിന്നുയർന്നത്.

പൊലീസിനെ എന്ത് ആരോപണം ഉയർന്നാലും അവർക്കെതിരെ നടപടി എടുക്കാതിരിക്കാൻ പറയുന്ന കാരണം സേനയുടെ ആത്മവീര്യം നഷ്ടമാവും എന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്തിനാണ് ഇങ്ങനെ ഒരാളെ പിന്തുണയ്ക്കാൻ നിൽക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. അന്വേഷണം എപ്പോഴും പക്ഷപാതരഹിതമായിരിക്കണമെന്നും അഭിപ്രായപ്പെട്ട കോടതി, കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.

ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അക്വിബ് സുഹൈൽ എന്ന അഭിഭാഷകനെ എസ്ഐ വി.ആർ.റിനീഷ് അപമാനിച്ച സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ എസ്ഐ റിനീഷ് അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു കോടതിയുടെ ഇടപെടൽ. ജനങ്ങളോട് മോശമായി പെരുമാറരുെതന്ന് വ്യക്തമാക്കി കോടതി നിർദേശപ്രകാരം പുറത്തിറക്കിയ മാർഗരേഖയ്ക്ക് വിരുദ്ധമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി എന്നു വ്യക്തമാക്കി ഇയാൾക്കെതിരെ കോടതിയലക്ഷ്യ കേസും എടുത്തിരുന്നു. ഈ കേസിലാണ് എസ്ഐ റിനീഷ് മാപ്പു പറഞ്ഞത്. ജനങ്ങളോട് മര്യാദക്ക് പെരുമാറണമെന്നത് അനുസരിക്കാൻ പൊലീസുകാർക്ക് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ എന്നും നേരത്തെ കോടതി ആരാഞ്ഞിരുന്നു. പൊലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച് കോടതി നിർദേശപ്രകാരം ഡിജിപി ഇതിനിടെ പുതിയ സർക്കുലറും പുറത്തിറക്കിയിരുന്നു.

പൊലീസ് ഉദ്യോഗസ്ഥൻ മാപ്പു പറഞ്ഞെങ്കിലും അത് കോടതി സ്വീകരിച്ചിരുന്നില്ല. എന്തു തെറ്റു ചെയ്താലും മാപ്പു പറഞ്ഞ് രക്ഷപെട്ടു പോകാം എന്നത് ശരിയായ കാര്യമല്ല എന്നു ചൂണ്ടിക്കാട്ടിയ കോടതി, ഏതു വിധത്തിലുള്ള അച്ചടക്ക നടപടിയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ചതെന്ന് വ്യക്തമാക്കാനും നിർദേശിച്ചിരുന്നു. അതുവരെ സ്വീകരിച്ച അച്ചടക്ക നടപടി ചൂണ്ടിക്കാട്ടിയ പൊലീസ്, കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും അറിയിച്ചിരുന്നു. അതിനിടെയാണ് മറ്റു രണ്ടു പേർ റിനീഷിനെതിരെ പരാതിയുമായി കോടതിെയ സമീപിച്ചത്. ഈ കേസുകൾ കൂടിയാണ് ഇന്ന് കോടതി പരിഗണിച്ചത്.

Top