കോഴിക്കോട്: ബിഫാം വിദ്യാർത്ഥിനിയായ അത്തോളി സ്വദേശിനി ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ആയിഷ റഷയുടെ സുഹൃത്ത് ജിം ട്രെയിനറായ ബഷീറുദ്ദീൻ ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വാടകവീടിനുള്ളിലാണ് യുവതി ജീവനൊടുക്കിയത്.
മൂന്ന് ദിവസം മുമ്പാണ് അത്തോളി സ്വദേശിനി ആയിഷ റഷയെ ബഷിറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കഴിഞ്ഞ ദിവസം തന്നെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബഷീറുദ്ദീൻ ട്രെയിനറായിരുന്ന ജിമ്മിൽ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാൽ ആഘോഷത്തിന് പോകാൻ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത് വകവെക്കാതെ ബഷീറുദ്ദീൻ ഓണാഘോഷത്തിന് പോയെന്ന് പൊലീസ് പറയുന്നു.
ALSO READ: മദ്യലഹരിയിൽ വയോധികനെ അടിച്ച് വീഴ്ത്തി; കാപ്പ കേസ് പ്രതി പിടിയിൽ
ബഷീറുദ്ദീൻ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ആയിഷ റഷയെ ഇയാൾ മാനസികമായി പീഡിപ്പിച്ചതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ആയിഷയുടെ ഫോണിൽ നിന്നുള്ള വാട്‌സാപ്പ് സന്ദേശങ്ങളിൽ നിന്നാണ് പൊലീസിന് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ജിം ട്രെയിനറാണ് ബഷീറുദ്ദീൻ. ഇയാൾ ആയിഷയുമായി നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും.
അതേസമയം, കഴിഞ്ഞ മൂന്നു വർഷത്തോളമായി ആയിഷയുമായി പരിചയമുണ്ടെന്നാണ് ബഷീറുദ്ദീൻ പൊലീസിന് നൽകിയ മൊഴി. കഴിഞ്ഞ ഇരുപത്തിനാലിനാണ് ആയിഷ തന്റെ വാടകവീട്ടിലെത്തിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. സംഭവ ദിവസം രാവിലെ താൻ ജിമ്മിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോയെന്നും എന്നാൽ ഇതിനെ ആയിഷ എതിർത്തു എന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തർക്കത്തിനൊടുവിൽ ബഷിറുദ്ദീൻ ജിമ്മിലേക്കു പോയി. ഉച്ചയോടെ ആയിഷ ബഷീറുദ്ദീനു വാട്സാപ് സന്ദേശം അയച്ചു. ‘എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും’ എന്നായിരുന്നു സന്ദേശം. ആഘോഷം കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് ആയിഷയെ തൂങ്ങിയ നിലയിൽ കണ്ടതെന്നും ബഷീറുദ്ദീൻ മൊഴി നൽകിയിട്ടുണ്ട്.
ALSO READ: 17കാരനുമായി നാടുവിട്ട 27കാരിയെ വാട്സാപ് സന്ദേശം പിന്തുടർന്ന് പൊലീസ് പിടികൂടി
മംഗലാപുലത്ത് പഠിക്കുന്ന ആയിഷ കോഴിക്കോട് എങ്ങനെ എത്തിയെന്നും ബഷീറുദ്ദീൻ അപായപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു. ആയിഷയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മുബഷീർ ആണ് പേര് എന്നാണ് ഇയാൾ പറഞ്ഞത്. ഭർത്താവ് ആണെന്ന് ആദ്യം പറഞ്ഞതിനുശേഷം പിന്നീട് കാമുകൻ എന്ന് തിരുത്തി. ആയിഷയെ ട്രാപ്പ് ചെയ്തതാണ്. യുവതിയുടെ ചിത്രങ്ങൾ സുഹൃത്തിന്റെ പക്കലുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ട്രാപ്പിൽ കുടുക്കി എന്തെങ്കിലും നേടുക എന്നതായിരുന്നു ബഷീറുദ്ദീന്റെ ഉദ്ദേശം. ഇതിന്റെ പിന്നിൽ ബഷീറുദ്ദീന്റെ മറ്റ് കൂട്ടാളികൾ ഉണ്ടോയെന്ന് സംശയമുണ്ടെന്നും ബന്ധു ആരോപിച്ചിരുന്നു. അതേസമയം, ആയിഷയുടേത് ആത്മഹത്യ ആണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.






