പിന്‍ഗാമികളുടെ പട്ടിക മുന്നോട്ട് വച്ച് ഖമേനി; മകന്റെ പേരില്ലെന്ന് റിപ്പോര്‍ട്ട്

പിന്‍ഗാമികളുടെ പട്ടികയ്ക്കു പുറമെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍മാര്‍ക്ക് പകരക്കാരെ നിയമിക്കാനും ഖമേനി നീക്കം ആരംഭിച്ചിട്ടുണ്ട്.

പിന്‍ഗാമികളുടെ പട്ടിക മുന്നോട്ട് വച്ച് ഖമേനി; മകന്റെ പേരില്ലെന്ന് റിപ്പോര്‍ട്ട്
പിന്‍ഗാമികളുടെ പട്ടിക മുന്നോട്ട് വച്ച് ഖമേനി; മകന്റെ പേരില്ലെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇസ്രയേല്‍ വധഭീഷണിക്കിടെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പിന്‍ഗാമികളാകേണ്ടവരുടെ പട്ടിക മുന്നോട്ടു വച്ചതായി റിപ്പോര്‍ട്ട്. പട്ടികയില്‍ ഖമേനിയുടെ മകന്‍ മോജ്തബ ഇല്ലെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്‍ഗാമികളുടെ പട്ടികയ്ക്കു പുറമെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍മാര്‍ക്ക് പകരക്കാരെ നിയമിക്കാനും ഖമേനി നീക്കം ആരംഭിച്ചിട്ടുണ്ട്.

മേഖലയില്‍ നിലവില്‍ സംഘര്‍ഷ സാഹചര്യം തുടരുന്നതിനാല്‍ 86 വയസ്സുകാരനായ ഖമേനി ബങ്കറില്‍ അഭയം തേടിയിരിക്കുകയാണെന്നും പിന്‍ഗാമികളുടെ പട്ടികയില്‍ മൂന്നു പുരോഹിതന്മാരുണ്ടെന്നാണ് സൂചനയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മകന്‍ മോജ്തബ ഖമേനിയുടെ പിന്‍ഗാമിയാകുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അതിനെ തള്ളിക്കളയുന്നതാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

Also Read: നൈജറില്‍ സൈനിക താവളം ആക്രമിച്ച് ആയുധധാരികള്‍; 34 സൈനികര്‍ കൊല്ലപ്പെട്ടു

ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വൈദിക സമിതിയായ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ടിനോട്, താന്‍ മുന്നോട്ടുവച്ചിരിക്കുന്ന മൂന്നു പേരുകളില്‍നിന്ന് ഉചിതമായ വ്യക്തിയെ കണ്ടെത്താന്‍ വേഗത്തില്‍ നടപടിയെടുക്കാന്‍ ഖമേനി നിര്‍ദേശിച്ചതായും സൂചനയുണ്ട്. സാധാരണ ഇറാനിലെ പുതിയ പരമോന്നത നേതാവിനെ നിയമിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മാസങ്ങള്‍ എടുക്കും. നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് പരമോന്നത നേതാവിനെ വൈദിക സമിതി തിരഞ്ഞെടുക്കുക. എന്നാല്‍ രാജ്യം അടിയന്തര ഘട്ടത്തിലൂടെ കടന്നുപോകുന്നതിനാല്‍ വേഗത്തിലുള്ള തീരുമാനം എടുക്കണമെന്നാണ് ഖമേനിയുടെ നിര്‍ദേശം.

Share Email
Top