നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനായി ഒരു പുതിയ ചരിത്രമാണ് കുറിച്ചത്. വനിതാ ഏകദിന ലോകകപ്പിന്റെ ആവേശകരമായ രണ്ടാം സെമിഫൈനലിൽ, നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ക്രിക്കറ്റ് ചരിത്ര പുസ്തകങ്ങളിൽ തങ്കലിപികളിൽ എഴുതിച്ചേർക്കപ്പെടുന്ന ഈ വിജയം ഓസ്‌ട്രേലിയക്ക് ഒരു കനത്ത പ്രഹരം നൽകി. ഇന്ത്യയുടെ ജയം മാത്രമല്ല, ഒട്ടനവധി റെക്കോർഡുകളും ഈ ഒറ്റ മത്സരത്തിൽ തകർന്നു വീണു.
ഓസ്ട്രേലിയ ഉയർത്തിയ 339 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം ഇന്ത്യ 48.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ഇന്ത്യൻ ബാറ്റിംഗിൻ്റെ നട്ടെല്ലായത് ജെമീമ റോഡ്രിഗസിൻ്റെ അപരാജിത സെഞ്ച്വറിയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ അർദ്ധസെഞ്ച്വറിയുമാണ്. ജെമീമ 134 പന്തിൽ 127 റൺസുമായി പുറത്താകാതെ നിന്ന് വിജയമുറപ്പിച്ചപ്പോൾ, ഹർമൻപ്രീത് കൗർ 88 പന്തിൽ 89 റൺസെടുത്തു. റിച്ച ഘോഷ് (16 പന്തിൽ 26), ദീപ്തി ശർമ (17 പന്തിൽ 24) എന്നിവരുടെയും ഇന്നിംഗ്‌സുകൾ ഇന്ത്യൻ ജയത്തിൽ നിർണായകമായി.
Also Read: എൻ്റെ വ്യക്തിഗത നേട്ടങ്ങളല്ല, ഇന്ത്യയുടെ വിജയമാണ് പ്രധാനം; കണ്ണീരോടെ ജമീമ റോഡ്രിഗ്സ്
ഈ ഇന്ത്യൻ വിജയത്തോടെ നിരവധി റെക്കോർഡുകളാണ് തകർക്കപ്പെട്ടത്. വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ് എന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കി. അതുകൂടാതെ, ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ (പുരുഷൻമാരുടെയും സ്ത്രീകളുടെയും) 300-ൽ അധികം റൺസ് വിജയകരമായി പിന്തുടരുന്ന ആദ്യ ടീമായും ഇന്ത്യ ചരിത്രം കുറിച്ചു. ഇന്ത്യയും ഓസ്‌ട്രേലിയയും ചേർന്ന് നേടിയ 679 റൺസ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാച്ച് അഗ്രഗേറ്റ് ആണ്. ഓസ്‌ട്രേലിയൻ ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ് വനിതാ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രം കുറിച്ചതും ഈ മത്സരത്തിലാണ്.






