സമുദായത്തിൻ്റെ കാര്യം നോക്കാൻ ആരും ലീഗ് അദ്ധ്യക്ഷനെ ഏൽപ്പിച്ചിട്ടില്ലന്ന് ആറ്റുണ്ണി തങ്ങൾ

സമുദായത്തിൻ്റെ കാര്യം നോക്കാൻ ആരും ലീഗ് അദ്ധ്യക്ഷനെ ഏൽപ്പിച്ചിട്ടില്ലന്ന് ആറ്റുണ്ണി തങ്ങൾ

തന്യൂനപക്ഷങ്ങൾക്കിടയിലും മത സംഘടനകൾക്കിടയിലും ലീഗിൻ്റെ പഴയ സ്വാധീനം നഷ്ടമായെന്ന് ആറ്റുണ്ണി തങ്ങൾ. സമസ്തയെ വരുതിയിലാക്കാൻ ലീഗ് നടത്തിയ നീക്കം അവരെ സമുദായത്തിൽ നിന്നും ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്ക് എതിരെയും ആറ്റുണ്ണി തങ്ങൾ ആഞ്ഞടിച്ചു. സമുദായത്തിൻ്റെ കാര്യം നോക്കാൻ ലീഗ് അദ്ധ്യക്ഷനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലന്നു പറഞ്ഞ അദ്ദേഹം, ലീഗ് നിലവിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും പരിഹസിച്ചു. എല്ലാ സമുദായത്തിനും സ്വീകാര്യമായ പാർട്ടിയാണ് സി.പി.എം എന്നും ആറ്റുണ്ണി തങ്ങൾ ചൂണ്ടിക്കാട്ടി.

അഭിമുഖത്തിൻ്റെ പ്രസക്തഭാഗങ്ങൾ കാണുക

പൊന്നാനിയിലെ വിജയ സാധ്യത ആര്‍ക്കാണ് ?

പൊന്നാനി സാധ്യത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാണ്. പല രീതിയിലുള്ള കാരണങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉയര്‍ന്നുവരുന്നുണ്ട്. അത് പൊന്നാനിയുടെ ഒരു മതേതര മനസ്സ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതും. മറ്റൊന്ന് കേന്ദ്രത്തില്‍ ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന മോദി ഗവണ്‍മെന്റ്. കഴിഞ്ഞ പത്തു വര്‍ഷക്കലമായി നടന്നു വരുന്ന പൊതുവായ പ്രശ്‌നങ്ങള്‍ അതിസങ്കീര്‍ണമാണ്. രാജ്യത്തെ ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങള്‍ പൗരത്വ ഭേദഗതി പോലെയുള്ള പ്രശ്‌നങ്ങള്‍, മുത്തലാഖ് ബില്ല്, കാശ്മീര്‍ പ്രശ്‌നങ്ങള്‍ ഇതെല്ലാം ഈ തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയങ്ങളായി വരും. ഇത്തരം പ്രശ്‌നങ്ങളോട് യുഡിഎഫ് പ്രത്യേകിച്ച് ലീഗ് എടുക്കുന്ന സമീപനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വളരെ അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ട് എന്നുള്ളതാണ് ഞങ്ങള്‍ പൊന്നാനി നടന്നു കാണുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.

ഈ ലോകസഭ തിരഞ്ഞെടുപ്പില്‍ ഏത് മുന്നണിയാണ് കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യത ?

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്. കാരണം ഇടതുപക്ഷം ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് കേരളത്തിലെ പൊതുസമൂഹം വളരെ വലിയ തോതിലുള്ള പിന്തുണയും അംഗീകാരവുമാണ് നല്‍കുന്നത്. പ്രത്യേകിച്ച് കേരളത്തില്‍ കഴിഞ്ഞ ഏഴ് ഏഴര വര്‍ഷക്കാലമായി നില്‍ക്കുന്ന സഖാവ് പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റ്. പൊതുവേ കേന്ദ്ര ഗവണ്‍മെന്റ് സാമ്പത്തികമായി കേരളത്തിനെ എന്നെന്നേക്കുമായി അവസാനിപ്പിക്കുന്ന പല സമീപനങ്ങള്‍ സ്വീകരിച്ചപ്പോഴൊക്കെ അത് കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന വലിയ ക്രൂരതയാണ്.

അതുകൊണ്ടുതന്നെ ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ഏറ്റവും പാവപ്പെട്ട ജനങ്ങള്‍ക്ക് കിട്ടേണ്ട വികസനവും ക്ഷേമപ്രവര്‍ത്തനങ്ങള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാം നിഷേധിക്കപ്പെടുന്ന ഒരു ഘട്ടം വന്നപ്പോള്‍പ്പോലും അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് ജനങ്ങള്‍ പ്രത്യേകിച്ച് കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പമാണ് ഈ മുന്നണിയും ഈ ഗവണ്‍മെന്റും എന്ന രീതിയില്‍ പറയുകയല്ല അത് പ്രാവര്‍ത്തികമാക്കി കൊടുത്ത ഒരു ഗവണ്‍മെന്റാണ്. അതുകൊണ്ട് തന്നെയാണ് കേരളത്തില്‍ പൊതുവായി ഒരു ഇടതുപക്ഷത്തിന് അനുകൂലമായ ഒരു കാറ്റ് ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആഞ്ഞുവീശുന്നത്.

ലീഗ് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാത്തത് എന്തുകൊണ്ടായിരിക്കും ?

ഇത് ലീഗ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണല്ലോ. അവര്‍ തീരുമാനിക്കുന്ന ചില അജണ്ടകളുണ്ട്. ആ അജണ്ടകളാണ് അതിനകത്ത് നടപ്പിലാക്കുക. ലീഗിനകത്ത് ശബ്ദമുയര്‍ത്തി വരുന്ന ആളുകളെയെല്ലാം ലീഗ് ഒഴിവാക്കുകയാണ്. കെ ടി ജലീല്‍, ലീഗിന്റെ ചെറുപ്പകാലത്ത് ഏറ്റവും നല്ല ഒരു മുഖമായിരുന്നു കെ ടി ജലീലിന്റേത്. ജലീല്‍ ലീഗ് വിടാനുള്ള കാരണം ലീഗ് എടുത്ത ചില സമീപനങ്ങളാണ്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെടുത്തി ലീഗ് കേരളത്തിലുടനീളം ഒരു ഫണ്ട് പിരിച്ചു.

അന്ന് പള്ളിയായ പള്ളികളിലും കെഎംസിസി പോലെയുള്ള ലീഗിന്റെ മറ്റ് സംഘടനകള്‍ ഒക്കെ ധാരാളം ഫണ്ട് ശേഖരിച്ചു. ഫണ്ട് എവിടെപ്പോയി എന്നുള്ളത് ആര്‍ക്കും അറിയാത്ത ഒരു സംഭവമായി കേരളം ചര്‍ച്ച ചെയ്യപ്പെട്ടു. ആ സന്ദര്‍ഭങ്ങളില്‍ ഫണ്ട് എവിടെ എന്ന് ജലീല്‍ ചോദിച്ചപ്പോഴാണ്, ജലീലിനെ പോലൊരു ചെറുപ്പക്കാരനെ ലീഗ് പുറത്താക്കിയത്. അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കുന്ന ഒരു സംഘത്തെയാണ് അല്ലാതെ ചെറുപ്പക്കാര്‍ക്കോ പുതുമുഖങ്ങള്‍ക്കോ ഒരു രീതിയിലുള്ള പരിഗണനയും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കണ്ട.

സമസ്ത – ലീഗ് തര്‍ക്കം, ഈ തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നത് ?

ലീഗിന്റെ മനോഭാവം എന്താണെന്നു വച്ചാല്‍ സമസ്ത ഇകെ വിഭാഗം മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലും ലീഗിന് വിധേയമായും നില്‍ക്കണം എന്നുള്ള ഒരു സമീപനമാണ്. സമീപകാലത്ത് ഇകെ വിഭാഗം സമസ്ത എടുത്ത ചില നിലപാടുകള്‍ ഉണ്ട്, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉടനീളം ഈ പ്രശ്‌നം ഉയര്‍ന്നു വന്നപ്പോള്‍ കേരളത്തിലെ ഗവണ്‍മെന്റ് എടുത്ത സമീപനത്തിനോടൊപ്പം, പ്രത്യേകിച്ച് കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായിയുടെ നേതൃത്വത്തില്‍ ഇതിനെതിരെ ഒരു വിപുലമായ ഒരു ക്യാമ്പയിന്‍ കേരളത്തില്‍ വന്നു. ആ സന്ദര്‍ഭത്തില്‍ ഒക്കെ സിപിഎമ്മും ഇടതുപക്ഷവും എടുത്ത നിലപാടാണ് ഇതിനെതിരായിട്ടുള്ള കൃത്യമായ നിലപാട് എന്ന് മനസ്സിലാക്കി ഇകെ വിഭാഗത്തില്‍പ്പെട്ട വളരെ ബഹുമാന്യനായ ആദരണീയനായ ജിഫ്രി മുത്തുക്കോയ തങ്ങളെ പോലെയുള്ള സമസ്തയുടെ പരമോന്നത മതപണ്ഡിതന്മാര്‍ ഒന്നടങ്കം ഇടതുപക്ഷത്തിന്റെ ഇത്തരം വേദി പങ്കിടുവാനും ഇടതുപക്ഷമാണ് ശരി എന്നുള്ള നിലപാട് സ്വീകരിക്കുവാനും തയ്യാറായി.

അതുകൊണ്ടാണ് അവര്‍ ഇടതുപക്ഷമാണ് എന്ന അര്‍ത്ഥത്തിലല്ല, ശരിയായ രീതിയില്‍ എടുക്കുന്ന സമീപനങ്ങള്‍. അന്നുമുതലേ ലീഗും സമസ്തയും തമ്മില്‍ ചില അസ്വസ്ഥതകളുണ്ട്. അതിന്റെ ഒരു ഭാഗമാണ് പാണക്കാട് തങ്ങളെ കേന്ദ്രീകരിച്ച് ഒരു കാവിസംഗമം ഒക്കെ നടത്തി. സംവിധാനം സമസ്തയല്ല ഞങ്ങള്‍ തീരുമാനിക്കും എല്ലാം സമസ്തയില്‍ നിലപാട് സ്വീകരിച്ചു. യഥാര്‍ത്ഥത്തില്‍ മുസ്ലിം ലീഗ് എടുത്ത ആ സമീപനത്തിനെതിരായി ഇകെ വിഭാഗത്തിനകത്ത് ബഹുമാന്യരായപണ്ഡിത നേതൃത്വത്തിന് അത്തരം സമീപനങ്ങളോട് കടുത്ത വിയോജിപ്പുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. മുസ്ലിംലീഗിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് നിലപാട് സ്വീകരിക്കുന്നവരല്ല എന്ന സന്ദേശവും ബഹുമാന്യനായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പല സന്ദര്‍ഭങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് വരാനിരിക്കുന്ന ചിത്രമാണ് പ്രത്യേകിച്ച് കെ എസ് ഹംസയെ പോലെയുള്ള ആളുകള്‍ക്ക് കുറെ അനുകൂലമായി, ഇകെ വിഭാഗം മാത്രമല്ല മറ്റ് മുസ്ലിം മതസംഘടനകളൊക്കെ ഇടതുപക്ഷം വരണം എന്ന് ചിന്തിക്കുന്ന ഒരു മനോഭാവത്തിലാണ്.

ലീഗ് അദ്ധ്യക്ഷന്, ഇപ്പോള്‍ പഴയ പോലെ മതസംഘടനകളില്‍ സ്വാധീനമില്ലേ ?

ലീഗ് അധ്യക്ഷന്‍ അങ്ങനെ മതസംഘടനകളില്‍ ഇടപെടേണ്ട ഒരാളല്ല. മുസ്ലിം വിഭാഗത്തിന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതിനായി ലീഗ് അധ്യക്ഷനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അതിനുള്ള അധികാരവും ആര്‍ക്കുമില്ല. രാഷ്ട്രീയം വേറെ മതപരമായ കാര്യങ്ങള്‍ വേറെ എന്ന നിലപാടാണ് ഞങ്ങള്‍ സംബന്ധിച്ച് പറയാനുള്ളത്.

കേരളത്തില്‍ മത ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാകുന്നത് എന്തുകൊണ്ടാണ് ?

ഒരു സംശയവുമില്ല, കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിശിഷ്യ സിപിഐഎമ്മിന് വലിയ വേരോട്ടമുള്ള മണ്ണാണ് ഈ കേരളം. കേരളത്തിലെ മതനിരപേക്ഷതയ്ക്ക് വേണ്ടി അങ്ങേയറ്റം ത്യാഗവും ജീവനും നല്‍കപ്പെട്ട ഒരു പ്രസ്ഥാനമാണ് സിപിഐഎം ഇടതുപക്ഷ ജനാധിപത്യ മുന്നണി. അത്‌കൊണ്ടുതന്നെ ന്യൂനപക്ഷമത വിഭാഗങ്ങള്‍ക്കിടയില്‍ വലിയ വേരോട്ടമാണ് ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ച് സിപിഎമ്മിനകത്ത്. ഒരു പ്രതിസന്ധിഘട്ടത്തില്‍ പ്രത്യേകിച്ച് മുസ്ലിം ജനസാമാന്യത്തിന് അതേപോലെതന്നെ ന്യൂനപക്ഷ സമുദായത്തിന് അത് ക്രിസ്ത്യന്‍ ആവട്ടെ മുസ്ലിം ആവട്ടെ, അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയുന്ന അല്ലെങ്കില്‍ അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഏക പ്രസ്ഥാനം സിപിഐഎമ്മാണ്. അത് വാക്കാല്‍ മാത്രമല്ല പ്രവര്‍ത്തിയിലൂടെ അധികാര രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ കിട്ടിയ സന്ദര്‍ഭങ്ങളിലൊക്കെ അത് കൃത്യമായി നടപ്പിലാക്കിയ ഗവണ്‍മെന്റാണ്.

പള്ളിയിലും മറ്റ് മദ്രസകളിലുമൊക്കെ പഠിപ്പിക്കാന്‍ പോകുന്ന മദ്രസ അധ്യാപകരുണ്ട്. മുസ്ലിം ലീഗ് ദീര്‍ഘകാലമായി ഭരണം നടത്താന്‍ കിട്ടിയ സന്ദര്‍ഭങ്ങളില്‍ പോലും അത്തരം വിഭാഗങ്ങളെയൊന്നും അഡ്രെസ്സ് ചെയ്യാന്‍ ലീഗിനോ കോണ്‍ഗ്രസ്സിനോ കഴിഞ്ഞിട്ടില്ല. പിണറായി ഗവണ്‍മെന്റ് വന്നതിനുശേഷമാണ് ആ വിഭാഗത്തിന് ആവശ്യമായ ക്ഷേമനിധി മറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ അവരും പള്ളിയിലും മദ്രസയിലെയും പഠിപ്പിക്കുന്ന ഈ മുസ്ലിയാക്കന്മാരുടെ ജീവിതപ്രശ്‌നങ്ങളെ കാണുവാനും പരിഹരിക്കുവാന്‍ ആവശ്യമായ ഗവണ്‍മെന്റിന്റെ സേവനങ്ങളും ആ വിഭാഗങ്ങളിലേക്കും കൊടുക്കണമെന്ന് ന്യൂനപക്ഷങ്ങളെ പ്രൊട്ടക്റ്റ് ചെയ്യുവാനും സംരക്ഷിക്കുവാനും അത് അവരുടെ ജീവിതോപാധികളെ മുന്നോട്ടുവെക്കുന്ന ഒരുപാട് ആശയങ്ങളും പദ്ധതികളും നടപ്പിലാക്കിയ ഒരു ഗവണ്‍മെന്റാണ്.

പല സന്ദര്‍ഭങ്ങളിലും ആര്‍എസ്എസ് മുസ്ലിം ജനസാമാന്യത്തിന്റെ നേരെ ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്കും നേരെ കടന്നാക്രമണങ്ങള്‍ക്ക് വരുന്ന സമയത്ത് അവിടെ ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്ന പ്രസ്ഥാനമാണ് കേരളത്തിന്റെ ഇടതുപക്ഷം. മുസ്ലിം ജനവിഭാഗത്തിന്റെ അവകാശങ്ങളും മതപരമായ ആചാര അനുഷ്ഠാന വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കാതെ സംരക്ഷിക്കാന്‍ കഴിയാവുന്ന പ്രസ്ഥാനം സിപിഐഎം ആണെന്ന ഇടതുപക്ഷമാണ് യഥാര്‍ത്ഥത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ട്. അതെല്ലാമാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്ത് എന്നാണ് സൂചിപ്പിക്കാനുള്ളത്.

അഭിമുഖത്തിൻ്റെ പൂർണ്ണരൂപം എക്സ്പ്രസ്സ് കേരള വീഡിയോയിൽ കാണാം.

Top