തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. സർവീസുകളിൽ വരുത്തിയ മാറ്റങ്ങൾ കാരണം പല ട്രെയിനുകളും ഭാഗികമായി റദ്ദാക്കുകയും ചിലത് മണിക്കൂറുകളോളം വൈകിയോടുകയും ചെയ്യും. റൂട്ടുകളിൽ ട്രാക്ക് നവീകരണവും മെയിന്റനൻസ് ജോലികളും വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) ഒക്ടോബർ 03, 16, 17, 18, 23, 24, 25, 27, 30, 31, നവംബർ 01 തീയതികളിൽ തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും. കൂടാതെ മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) മേൽപ്പറഞ്ഞ തീയതികളിൽ ഒരു മണിക്കൂറോളം വൈകിയായിരിക്കും ഓടുക. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) നവംബർ നാലിനും, തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22633) ഒക്ടോബർ 21-നും അരമണിക്കൂർ വീതം വൈകുമെന്നും റെയിൽവേ വ്യക്തമാക്കി.
Also Read: പെട്രോൾ മുതൽ ഇലക്ട്രിക് വരെ; എൻയു_ഐക്യു പ്ലാറ്റ്‌ഫോമിൽ മഹീന്ദ്രയുടെ വിഷൻ എസ് വരുന്നു
സേലം ഡിവിഷനിലെ അറ്റകുറ്റപ്പണികൾ കാരണം മറ്റ് ചില ട്രെയിനുകൾക്കും ഭാഗിക റദ്ദാക്കൽ ഏർപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ടൗൺ – തിരുച്ചിറപ്പള്ളി ജങ്ഷൻ എക്സ്പ്രസ് (16844) ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത തീയതികളിൽ കൊടുമുടിയിൽ യാത്ര അവസാനിപ്പിക്കും; തുടർന്ന് കൊടുമുടിയിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് അൺറിസർവ്ഡ് സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കും. കൂടാതെ ഷൊർണൂർ – കോയമ്പത്തൂർ പാസഞ്ചർ (56604) ഒക്ടോബറിലെ ചില ദിവസങ്ങളിൽ പോത്തനൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ.






