പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ക്ഷേത്രത്തിനകത്തുവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കരാർ ജീവനക്കാരൻ അറസ്റ്റിൽ. പിംപ്രി-ചിഞ്ച്വാഡ് നഗരത്തിലെ നിഗ്ഡി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ക്ഷേത്രത്തിലാണ് ഈ സംഭവം നടന്നത്. വിശാൽ സിങ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പ്രതിയെ തിരിച്ചറിയാനും പിടികൂടാനും പൊലീസിന് സാധിച്ചത്.
ഞായറാഴ്ച (ഒക്ടോബർ 11) മാതാപിതാക്കളോടൊപ്പം ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു പെൺകുട്ടി. പ്രാർത്ഥന കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുന്നതിനിടയിലാണ് നിർമ്മാണ സൈറ്റുകളിൽ ധരിക്കുന്ന ഓറഞ്ച് ജാക്കറ്റ് ധരിച്ചെത്തിയ പ്രതി പെൺകുട്ടിയെ സമീപിച്ചത്. ക്ഷേത്രത്തിനുള്ളിൽ ഒറ്റയ്ക്കായ പെൺകുട്ടിയുടെ കൈയിൽ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ പെൺകുട്ടി കുതറിമാറി പ്രതിയെ തള്ളിമാറ്റുകയും, തുടർന്ന് ഇയാൾ ക്ഷേത്രത്തിനകത്ത് നിന്ന് പുറത്തേക്ക് പോവുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊതുജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ നിഗ്ഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ചയോടെ പ്രതിയെ പിടികൂടുകയായിരുന്നെന്ന് സീനിയർ ഇൻസ്പെക്ടർ മഹേഷ് ബൻസോഡെ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.






