മലപ്പുറം: വ്യാജ രേഖകൾ നിർമ്മിച്ച് രജിസ്ട്രേഷനെത്തിച്ച ബസ് മോട്ടോർ വാഹനവകുപ്പിന്റെ ഇൻ്റേണൽ വിജിലൻസ് വിഭാഗം പിടികൂടി. തിരൂർ ആർ.ടി.ഓഫീസിൽ വാഹനം രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിനിടെയാണ് തട്ടിപ്പ് പുറത്തായത്. നിർമാണത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും ലംഘിച്ചായിരുന്നു വാഹനത്തിന്റെ നിർമാണം.
തിരൂരിലെ അംഗീകൃത സ്ഥാപനത്തിൽ നിന്നാണ് ബസ് നിർമിച്ചതെന്ന വ്യാജ സർട്ടിഫിക്കറ്റുകളാണ് രജിസ്ട്രേഷനായി ഹാജരാക്കിയിരുന്നത്. എന്നാൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ വിശദമായ പരിശോധനയിൽ നിലമ്പൂരിലുള്ള ലോക്കൽ വർക്ക്ഷോപ്പിലാണ് ബസിന്റെ ബോഡി പണിതതെന്ന് കണ്ടെത്തുകയായിരുന്നു. വ്യാജരേഖ ചമച്ചതിനും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വാഹനം നിർമിച്ചതിനും കൂടുതൽ നിയമനടപടികൾക്കായി ബസും വ്യാജരേഖകളും തിരൂർ പൊലീസിന് കൈമാറി.





