കൊച്ചി: സൈബർ കുറ്റകൃത്യങ്ങളുടെ പേരിൽ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വീണ്ടും സജീവമാക്കി പണം തട്ടിയെടുക്കാൻ ഒരു ക്രൈം സിൻഡിക്കറ്റ് പ്രവർത്തിക്കുന്നുണ്ടോ എന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതി അറിയാതെ, ആൾമാറാട്ടം നടത്തി ഹർജി നൽകിയ സംഭവത്തെ തുടർന്നാണ് ജസ്റ്റിസ് എം.എ. അബ്‌ദുൽ ഹക്കീമിൻ്റെ ഈ നിരീക്ഷണം. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ ബാങ്ക് അക്കൗണ്ടുകൾ ഡീഫ്രീസ് ചെയ്യാൻ ആവശ്യപ്പെട്ട് ഒട്ടേറെ ഹർജികൾ യുവ അഭിഭാഷകർ മുഖേന ഹൈക്കോടതിയിൽ എത്തുന്നുണ്ട്. ഈ ഹർജികൾക്ക് പിന്നിൽ യഥാർത്ഥ അക്കൗണ്ട് ഉടമകൾ/പരാതിക്കാർ തന്നെയാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
Also Read: ഇനി ഭാഷാ തടസ്സമില്ല! 70-ൽ അധികം ഭാഷകളിൽ തത്സമയ സംഭാഷണ തർജ്ജമയുമായി ഗൂഗിൾ ട്രാൻസ്ലേറ്റ്
ഇത്തരം ഹർജികളിലെ യഥാർത്ഥ്യം ഉറപ്പാക്കാൻ, ഹർജിക്കാരുടെ മേൽവിലാസത്തിൻ്റെ പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.യെ കേസിൽ കക്ഷിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഒരു ഓൺലൈൻ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന എറണാകുളം പോത്താനിക്കാട് സ്വദേശിയായ ആദിൽ മീരാൻ്റെ പേരിലാണ് അക്കൗണ്ട് ഡീഫ്രീസ് ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി എത്തിയത്. എന്നാൽ, താൻ വക്കാലത്ത് നൽകിയിട്ടില്ലെന്നും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കാണിച്ച് റിമാൻഡിൽ കഴിയുന്ന പ്രതി ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകി. ഇതോടെയാണ് ആൾമാറാട്ടത്തിലൂടെയാണ് ഹർജി നൽകിയതെന്ന് വ്യക്തമായത്.
ആദിലിൻ്റെ പേരിലുള്ള വക്കാലത്തിൽ മറ്റാരോ ആണ് ഒപ്പുവച്ചത്. ഇത് അഡ്വ. ടി.പി. റിൻഷാദിൻ്റെ അറിവോടെയാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും, അഡ്വ. ഷക്കീബ് ചുക്കൻ ഇത് സാക്ഷ്യപ്പെടുത്തിയെന്നും കോടതി കണ്ടെത്തി. പ്രഥമദൃഷ്ട്യാ ഇരുവരും കോടതിയലക്ഷ്യം ചെയ്തതായി നിരീക്ഷിച്ച ഹൈക്കോടതി, ഇരുവർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകാൻ നിർദ്ദേശം നൽകി.






