കിര്‍ഗിസ്താനില്‍ ഇന്ത്യ, പാക് വിദ്യാർത്ഥികള്‍ക്കു നേരെ ആക്രമണം: 180 പാക് വിദ്യാര്‍ത്ഥികളെ ലാഹോറില്‍ തിരിച്ചെത്തിച്ചു

കിര്‍ഗിസ്താനില്‍ ഇന്ത്യ, പാക് വിദ്യാർത്ഥികള്‍ക്കു നേരെ ആക്രമണം: 180 പാക് വിദ്യാര്‍ത്ഥികളെ ലാഹോറില്‍ തിരിച്ചെത്തിച്ചു

കിര്‍ഗിസ്താന്റെ തലസ്ഥാന നഗരമായ ബിഷ്‌കെക്കില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് 180 പാക് വിദ്യാര്‍ത്ഥികളെ ലാഹോറില്‍ തിരിച്ചെത്തിച്ചു. ശനിയാഴ്ച ലാഹോര്‍ അല്ലാമ ഇഖ്ബാല്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് വിദ്യാര്‍ത്ഥികളെ എത്തിച്ചത്.

അതേസമയം, ബിഷ്‌കെക്കില്‍ അന്താരാഷ്ട്ര വിദ്യാത്ഥികള്‍ക്കെതിരേ കിര്‍ഗികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തെ അടിച്ചമര്‍ത്താന്‍ പ്രത്യേക സേനയെ വിന്യസിച്ചതായി കിര്‍ഗ് പൊലീസ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏകദേശം 14,500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കിര്‍ഗിസ്താനിലുള്ളത്. പാകിസ്താനില്‍നിന്നുള്ള 10,000 വിദ്യാര്‍ത്ഥികളുമുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.

കിര്‍ഗിസ്താനില്‍ സംഭവിച്ചത്

പ്രാദേശിക റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ വിവരങ്ങളും പ്രകാരം കിര്‍ഗിസ്താന്‍ തലസ്ഥാനത്തെ ഏതാനും മെഡിക്കല്‍ സര്‍വകലാശാല ഹോസ്റ്റലുകളിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. മെയ് 13ന് പ്രാദേശിക വിദ്യാര്‍ത്ഥികളും ഈജിപ്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികളും തമ്മിലുള്ള വഴക്കിനെത്തുടര്‍ന്ന് അക്രമം നിയന്ത്രണാതീതമായതായി കിര്‍ഗിസ്താനിലെ പാകിസ്താന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ തര്‍ക്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഇന്നലെ വിഷയം കൂടുതല്‍ വഷളായത്.

ആള്‍ക്കൂട്ട ആക്രമണത്തിനിടെ മൂന്നോ നാലോ പാകിസ്താന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായും ബലാത്സംഗത്തിനിരയായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് കിര്‍ഗിസ്താന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

Top