അഥർവ നായകനായി തിയേറ്ററുകളിൽ ശ്രദ്ധനേടിയ റൊമാന്റിക് എന്റർടെയ്നർ ചിത്രം ‘ഇദയം മുരളി’ ഒടിടി റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 7 മുതൽ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ചിത്രം കാണാം. ഫഹദ് ഫാസിൽ അതിഥി വേഷത്തിലെത്തിയ ഈ ചിത്രം ആകാശ് ഭാസ്കരനും സെന്തിൽ കുമാർ കേശവനും ചേർന്നാണ് സംവിധാനം ചെയ്തത്.
കയാദു ലോഹർ, പ്രീതി മുകുന്ദൻ എന്നിവർ നായികമാരായെത്തിയ ചിത്രത്തിൽ നാട്ടി, നിഹാരിക, തമൻ, പ്രഗ്യ നഗ്ര, ഗായിക ജോനിത എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 22 വർഷത്തിന് ശേഷം സംഗീത സംവിധായകൻ തമൻ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. അഥർവയുടെ പിതാവും പ്രശസ്ത നടനുമായ മുരളിക്ക് ആദര സൂചകമായാണ് സിനിമയ്ക്ക് ‘ഇദയം മുരളി’ എന്ന് പേരിട്ടത്.
ജൂലൈ 10-ന് തിയറ്ററുകളിലെത്തി പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസയും എഡിറ്റിങ് പ്രദീപ് ഇ. രാഘവുമാണ് നിർവ്വഹിച്ചത്. അതേസമയം, സെപ്റ്റംബർ 11-ന് റിലീസിനൊരുങ്ങുന്ന ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ എന്ന ഫാന്റസി ചിത്രമാണ് ഫഹദിന്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്.






