തായ്‌ലൻഡിൽ 44 കുട്ടികളുമായി പോയ ബസിനു തീപിടിച്ച് 25 വിദ്യാർഥികൾ മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. സബർബൻ ബാങ്കോക്കിൽ വിദ്യാർത്ഥികളെയും അവരുടെ അധ്യാപകരെയും കയറ്റിക്കൊണ്ടിരുന്ന ബസിനാണ് തീപിച്ചത്. തീപിടുത്തത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30 ഓടെ തായ്‌ലൻഡിലെ ഖു ഖോട്ടിലെ സീർ രംഗ്‌സിത് ഷോപ്പിംഗ് മാളിന് സമീപമുള്ള ഫാഹോൺ യോതിൻ റോഡിലാണ് അപകടം. 44 യാത്രക്കാരുമായി അയുത്തായയിലേക്ക് പോകുകയായിരുന്നു ബസ്. തലസ്ഥാനമായ ബാങ്കോക്കിന് ഏകദേശം 250 കിലോമീറ്റർ (155 മൈൽ) വടക്കുള്ള ഉതൈ താനി പ്രവിശ്യയിലേക്കുള്ള വിദ്യാഭ്യാസ യാത്രയിൽ ആറ് അധ്യാപകരും ഉണ്ടായിരുന്നു.
Also Read: പരീക്ഷണത്തിലൂടെ ഭീമൻ ആടുകളെ ജീവിപ്പിക്കാൻ ശ്രമം; അമേരിക്കൻ പൗരൻ പിടിയിൽ
സംഭവസ്ഥലത്ത് അന്വേഷണം പൂർത്തിയാക്കാത്തതിനാൽ മരണസംഖ്യ സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും എന്നാൽ രക്ഷപ്പെട്ടവരുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ 25 പേർ മരിച്ചതായി ഭയക്കുന്നതായും ആഭ്യന്തര മന്ത്രി അനുതിൻ ചർൺവിരാകുൽ പറഞ്ഞു. സംഭവത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഗതാഗത മന്ത്രി സൂര്യ ജുവാങ്‌റൂങ്‌ഗ്രുവാങ്‌കിറ്റ് പറഞ്ഞു.