മലപ്പുറം: ട്രാഫിക് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അസഭ്യം പറഞ്ഞ് വധഭീഷണി മുഴക്കുകയും ചെയ്ത പ്രതിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മങ്കേരി കട്ടച്ചിറ സ്വദേശി കബീർ (39) ആണ് പിടിയിലായത്. മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ജൂലൈ 5 ഞായറാഴ്ച രാവിലെ 11.25 ഓടെ വളാഞ്ചേരി ജങ്ഷനിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. പട്ടാമ്പി ഭാഗത്തുനിന്നും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബസിലിരുന്ന പ്രതി, ജങ്ഷനിൽ ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന പോലീസുകാരന് നേരെ എന്തോ വസ്തു എറിയുകയായിരുന്നു. പ്രതി പൊതുജന മധ്യത്തിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥനെ കേട്ടാലറക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. പോലീസുകാരനെ പരസ്യമായി അധിക്ഷേപിക്കുകയും കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതോടെ ട്രാഫിക് വിഭാഗം വളാഞ്ചേരി പോലീസിൽ പരാതി നൽകി. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും പോലീസ് കേസെടുത്തതിന് പിന്നാലെ വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ എം. നിർമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.






