വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ആസിഫ് അലി. മനു അശോകൻ സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ‘ഉയരെ’ എന്ന ചിത്രത്തിലെ ‘ഗോവിന്ദ്’ എന്ന ടോക്സിക് കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ, ചോക്ലേറ്റ് ബോയ് ഇമേജുള്ള ആസിഫ് അലി ഈ നെഗറ്റീവ് വേഷം ചെയ്യാൻ സമ്മതിക്കുമെന്ന് അണിയറപ്രവർത്തകർ ആദ്യം കരുതിയിരുന്നില്ലെന്നും, സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഈ കഥാപാത്രം ചെയ്യരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടാകുമെന്നും സംവിധായകൻ മനു അശോകൻ വ്യക്തമാക്കുന്നു. ‘ദി ക്യൂ സ്റ്റുഡിയോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
‘ഒരിക്കലും ആസിഫ് ആ വേഷം ചെയ്യില്ല എന്ന ഉറപ്പിലാണ് നമ്മൾ ആലോചിച്ചത്. ഗോവിന്ദ് എന്ന കഥാപാത്രത്തെ സ്ഥിരമായി വില്ലൻ വേഷങ്ങൾ ചെയ്യുന്ന ഒരാളാണ് അവതരിപ്പിച്ചിരുന്നതെങ്കിൽ അതിൽ വലിയ പുതുമ ഉണ്ടാകില്ല. എന്നാൽ ‘സൺഡേ ഹോളിഡേ’ പോലുള്ള ഹിറ്റ് ചിത്രങ്ങൾ ചെയ്ത് ‘ബോയ് നെക്സ്റ്റ് ഡോർ’ ഇമേജിൽ നിൽക്കുന്ന ഒരു നായകൻ ഇതുപോലൊരു കഥാപാത്രം ഏറ്റെടുക്കുമോ എന്ന സംശയം ഞങ്ങൾ പരസ്പരം ഒരുവട്ടം ചോദിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങൾ പലതരം പരീക്ഷണങ്ങൾ നടത്തുന്നവരാണെങ്കിലും ആസിഫിന്റെ കാര്യത്തിൽ ടീമിന് ആശങ്കയുണ്ടായിരുന്നു. എങ്കിലും ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതിയാണ് അദ്ദേഹത്തെ സമീപിച്ചത്,’ മനു അശോകൻ പറയുന്നു.
Also Read:കൈലി മുണ്ടിൽ ലാലേട്ടൻ; മോഹൻലാൽ-അനൂപ് സത്യൻ ചിത്രം ‘എൽ 368’ ലൊക്കേഷൻ ഗ്ലിംപ്സ് പുറത്ത്
‘ചിത്രത്തിലെ ആസിഡ് ആക്രമണ സീൻ വിവരിച്ചപ്പോൾ ആസിഫ് വല്ലാതെ ഷോക്കായിപ്പോയി. അത്രയും വലിയൊരു ക്രൂരത അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ആസിഫ് കൺഫ്യൂസ്ഡായതിനേക്കാൾ കൂടുതൽ അദ്ദേഹത്തോട് അടുത്തുള്ളവരായിരിക്കാം ഈ വേഷം ചെയ്യരുതെന്ന് ഉപദേശിച്ചത്. നെഗറ്റീവ് കഥാപാത്രം ചെയ്താൽ കരിയറിനെ ബാധിക്കുമെന്നും പിന്നീട് ഇത്തരം വേഷങ്ങൾ മാത്രമേ തേടി വരൂ എന്നുമൊക്കെ പലരും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടാകാം. എന്നാൽ താനൊരു സ്റ്റാർ എന്നതിലുപരി മികച്ചൊരു ആക്ടർ ആണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ആസിഫ് ആ റിസ്ക് ഏറ്റെടുക്കാൻ തയ്യാറായത്,’ മനു അശോകൻ കൂട്ടിച്ചേർത്തു.






