മലയാള സിനിമയുടെ അഭിമാന താരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി മുഖാമുഖം എത്തുന്ന പുതിയ ചിത്രം ‘ആശ’ നാളെ തിയേറ്ററുകളിൽ എത്തുന്നു. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ അഞ്ച് ഭാഷകളിലായാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. യാദൃശ്ചികമായി സംഭവിക്കുന്ന ഒരു കാർ അപകടവും, തുടർന്ന് അരങ്ങേറുന്ന അത്യന്തം ആകാംക്ഷ ഭരിതമായ മുഹൂർത്തങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം.
ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ ദുരൂഹത നിറഞ്ഞ ട്രെയിലറുകളും പ്രൊമോഷണൽ മെറ്റീരിയലുകളും പ്രേക്ഷകരിൽ വലിയ പ്രതീക്ഷകളാണ് നൽകിയിരിക്കുന്നത്. ഇതുവരെ കാണാത്ത രീതിയിലുള്ള സങ്കീർണ്ണവും പ്രവചനാതീതവുമായ അഭിനയ ശൈലിയിലായിരിക്കും ഉർവശിയും ജോജു ജോർജും ഈ ചിത്രത്തിൽ എത്തുന്നത്. ‘പണി’ സിനിമയിലൂടെ ശ്രദ്ധേയനായ രമേഷ് ഗിരിജയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഭിനേതാക്കളുടെ പ്രകടനമികവ് കൊണ്ടും വേറിട്ട കഥാതന്തു കൊണ്ടും ചിത്രം തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ ഉറച്ച വിശ്വാസം.
Also Read: കോമയിൽ നിന്ന് ഉണർന്നപ്പോൾ സൂപ്പർ പവർ! ‘ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍’ ട്രെയിലർ പുറത്ത്
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനാലാണ്. പൊൻമാൻ, ഗഗനചാരി, മദനോത്സവം തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസ് സമ്മാനിക്കുന്ന പുതിയ ദൃശ്യവിരുന്നാണിത്. ജോജു ജോർജ്, രമേഷ് ഗിരിജ, സംവിധായകൻ സഫർ സനൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് ശക്തമായ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഉർവശിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷപ്പകർച്ചയായിരിക്കും ‘ആശ’യിലേത്.






