ഇടതുമുന്നണിക്ക് മൂന്നാം ഭരണം ലഭിക്കുമോ എന്ന രാഷ്ട്രീയ ചോദ്യത്തിന്റെ ഉത്തരമാകാന്‍ നിലമ്പൂര്‍ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. പി.വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ യുദ്ധപ്രഖ്യാപനത്തിന് ശേഷം എം.എല്‍.എ സ്ഥാനം രാജിവെച്ചതോടെ വന്ന ഉപതെരഞ്ഞെടുപ്പ് സി.പി.എമ്മിന് നിര്‍ണായകമാണ്. നിലമ്പൂര്‍ പിടിച്ചാല്‍ കേരളത്തില്‍ മൂന്നാം ഭരണം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം നേതൃത്വം ഉള്ളത്. സി.പി.എം ചേരിവിട്ടെത്തിയ പി.വി അന്‍വര്‍ നല്‍കുന്ന പിന്തുണയില്‍ ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായിരുന്ന നിലമ്പൂര്‍ തിരിച്ചുപിടിച്ചാല്‍ അത് യു.ഡി.എഫിന് ഭരണമാറ്റത്തിന്റെ ആവേശം നല്‍കും. കേരളത്തിലെ രാഷ്ട്രീയത്തില്‍ മുന്നണി മാറ്റങ്ങള്‍ക്ക് വരെ വഴിവെച്ചേക്കാവുന്ന ഉപതെരഞ്ഞെടുപ്പെന്ന പ്രധാന്യം കൂടി നിലമ്പൂരിനുണ്ട്.
Also Read:‘സുപ്രീം കോടതി വിധി തമിഴ്‌നാടിന് ചരിത്ര വിജയം’: മുഖ്യമന്ത്രി സ്റ്റാലിൻ
നിലമ്പൂരില്‍ എല്‍.ഡി.എഫ് വിജയിച്ചാല്‍ മുസ്ലീം ലീഗ് മുന്നണിമാറ്റക്കാര്യം ഗൗരവത്തിലെടുക്കും. മൂന്നാം തവണ ഭരണമില്ലാതെ നില്‍ക്കാന്‍ ലീഗിനാവില്ല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടിക പുതുക്കലും ബൂത്ത് പുനര്‍നിര്‍ണയമടക്കമുള്ള നടപടികളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇനി പ്രഖ്യാപനം കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. നിലമ്പൂരില്‍ സി.പി.എം തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ചുമതല നല്‍കിയിരിക്കുന്നത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജിനാണ്. കഴിഞ്ഞ ഒരു മാസമായി നിലമ്പൂരില്‍ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗങ്ങളുമായി സജീവമാണ് സ്വരാജ്. കോണ്‍ഗ്രസിലാവട്ടെ രാഷ്ട്രീയകാര്യസമിതി അംഗം എ.പി അനില്‍കുമാറിനാണ് ചുമതല. പതിവ് ആലസ്യം വിട്ട് ഇത്തവണ ആവേശത്തോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ കോണ്‍ഗ്രസും സജീവമാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്കുളള അവസാന ഘട്ട ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് പ്രധാന മുന്നണികള്‍. കോണ്‍ഗ്രസ് ഹൈക്കമാന്റ് നടത്തിയ രണ്ട് സര്‍വേകളിലും സാമുദായിക സമവാക്യത്തിലും ആര്യാടന്‍ ഷൗക്കത്തിനാണ് മുന്‍തൂക്കം. നിലമ്പൂര്‍ നിലനിര്‍ത്താന്‍ ഒരു സ്വതന്ത്ര പരീക്ഷണത്തിന് ഒരുങ്ങുകയാണ് സി.പി.എം. തൃക്കാക്കരയിലും പാലക്കാട്ടും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിന് അടുത്ത കേരള ഭരണം പിടിക്കാന്‍ നിലമ്പൂര്‍ തിരിച്ചുപിടിക്കല്‍ നിര്‍ണായകമാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ വയനാട്ടിലെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ വിജയം ഹൈക്കമാന്റിനും ഏറെ പ്രധാനപ്പെട്ടതാണ്. കോണ്‍ഗ്രസ് ഹൈക്കമാന്റ് നിയോഗിച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍ കനഗോലുവിന്റെ സംഘം നിലമ്പൂരില്‍ രണ്ടു തവണ സര്‍വേ നടത്തി റിപ്പോര്‍ട്ട് ഹൈക്കമാന്റിന് സമര്‍പ്പിച്ചിട്ടുണ്ട്.
നിലമ്പൂരില്‍ 34 വര്‍ഷം എം.എല്‍.എയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്തിനെയാണ് നിലമ്പൂര്‍ തിരിച്ചുപിടിക്കാനുള്ള സ്ഥാനാര്‍ത്ഥിയായി സര്‍വേകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. രാഷ്ട്രീയത്തിനപ്പുറത്ത് സാംസ്‌ക്കാരിക രംഗത്തും സിനിമാരംഗത്തും വ്യക്തിമുദ്രപതിപ്പിച്ചതും നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭ ചെയര്‍മാനുമായിരിക്കെ ദേശീയ തലത്തില്‍ നടപ്പാക്കിയ ശ്രദ്ധേയ പദ്ധതികളുടെ മികവുമാണ് സര്‍വേയില്‍ ആര്യാടന്‍ ഷൗക്കത്തിനെ തുണച്ചത്. 34 വര്‍ഷം നിലമ്പൂരിന്റെ എം.എല്‍.എയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ വിയോഗ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തായിരിക്കും മികച്ച സ്ഥാനാര്‍ത്ഥി എന്ന വിലയിരുത്തലിലാണ് സര്‍വെ റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സാമുദായിക സമവാക്യമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.

കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള മുസ്ലീം ഭൂരിപക്ഷമായ 6 ജില്ലകള്‍ ഉള്‍പ്പെടുന്ന മലബാറില്‍ ഹിന്ദു വിഭാഗത്തില്‍ നിന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഐ.സി ബാലകൃഷ്ണന്‍, മലപ്പുറത്ത് വണ്ടൂരില്‍ നിന്നും എ.പി അനില്‍കുമാര്‍, പാലക്കാട് മണ്ഡലത്തില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നീ 3 എം.എല്‍.എമാരാണുള്ളത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് കണ്ണൂര്‍ ഇരിക്കൂറില്‍ നിന്നും സജീവ് ജോസഫ്, പേരാവൂരില്‍ നിന്നും സണ്ണി ജോസഫ് എന്നിവരും മുസ്ലീം വിഭാഗത്തില്‍ നിന്ന് വയനാട് കല്‍പ്പറ്റയില്‍ നിന്നുള്ള ടി. സിദ്ദിഖും മാത്രമാണുള്ളത്. നേരത്തെ ടി. സിദ്ദിഖും പാലക്കാട് ഷാഫി പറമ്പിലുമായി മലബാറില്‍ നിന്നും രണ്ട് മുസ്ലീം എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുകയും ചെയ്തതോടെ മലബാറിലെ കോണ്‍ഗ്രസിന്റെ മുസ്ലീം പ്രാതിനിധ്യം രണ്ടില്‍ നിന്നും ഒന്നായി കുറഞ്ഞു.
മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിക്കുന്നതോടെ മുസ്ലീം പ്രാതിനിധ്യം കോണ്‍ഗ്രസിന് ഉറപ്പിക്കാനാവും. അതേസമയം വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഇതരമതവിഭാഗങ്ങള്‍ക്കും സ്വീകാര്യനായ മതേതരവാദിയായ നേതാവെന്ന പ്രതിഛായയും ഗുണകരമാകുമെന്നാണ് സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നത്. മലബാറില്‍ മേധാവിത്വമുള്ള മുസ്ലീം ലീഗിനെതിരെ കോണ്‍ഗ്രസിന്റെ മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള എം.എല്‍.എ എന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അസ്ഥിത്വത്തിന്റെ ആവശ്യം കൂടിയാണ്. കഴിഞ്ഞ 34 വര്‍ഷം ആര്യാടന്‍ മുഹമ്മദാണ് വര്‍ഗീയതക്കും മത രാഷ്ട്രീയത്തിനെതിരെ പൊരുതി മലബാറില്‍ കോണ്‍ഗ്രസിന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ചത്.

സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുണ്ടായിരുന്ന ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെ ഒരു വര്‍ഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂര്‍ മണ്ഡലത്തിലേക്ക് പരിഗണിക്കാമെന്നതാണ് നേതൃത്വതലത്തിലെ ധാരണ. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ 2016ല്‍ വി.എസ് ജോയിക്ക് മലമ്പുഴയില്‍ സീറ്റ് നല്‍കിയിരുന്നു. അന്ന് ബി.ജെ.പിക്ക് പിന്നാലെ മൂന്നാം സ്ഥാനത്തായിരുന്നു വി.എസ് ജോയി. വി.എസ് അച്യുതാനന്ദന്‍ 27,142 വോട്ടിനു ജയിച്ചപ്പോള്‍ രണ്ടാമതെത്തിയ ബി.ജെ.പിയുടെ കൃഷ്ണകുമാര്‍ 46157 വോട്ടുനേടി. വി.എസ് ജോയിക്ക് 35333 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. 2016 ല്‍ കെ.എസ്.യു പ്രസിഡന്റായിരുന്ന സതീശന്‍ പാച്ചേനി മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദന്റെ ഭൂരിപക്ഷം 4703 ആയി കുറച്ചപ്പോഴായിരുന്നു വി.എസ് ജോയി ബി.ജെ.പിക്കു പിന്നില്‍ മൂന്നാമതായത്.
Also Read: മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നു; മന്ത്രി കെ രാജൻ
ആര്യാടന്‍ ഷൗക്കത്ത് 2016ല്‍ നിലമ്പൂരില്‍ പി.വി അന്‍വറിനോട് 11504 വോട്ടിനാണ് പരാജയപ്പെട്ടത്. പിന്നീട് 5 വര്‍ഷം നിലമ്പൂരില്‍ സജീവമായിട്ടും 2021ല്‍ ആര്യാടന്‍ ഷൗക്കത്തിന് സീറ്റ് നിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിനാണ് സീറ്റ് നല്‍കിയത്. ഡി.സി.സി പ്രസിഡന്റ് സ്ഥാനമാണ് ആര്യാടന്‍ ഷൗക്കത്തിന് പകരം കോണ്‍ഗ്രസ് നേതൃത്വം നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ആര്യാടന്‍ ഷൗക്കത്തിനെ നീക്കുകയും ചെയ്തു. അന്ന് പൊട്ടിത്തെറിക്കാതെ ആര്യാടന്‍ ഷൗക്കത്ത് നേതൃത്വത്തിന് വഴങ്ങുകയായിരുന്നു. ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടാല്‍ അത് സി.പി.എമ്മിന് ആയുധമാകുമെന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. നിലമ്പൂരില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് സി.പി.എം നീക്കം. മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചയിലേക്ക് സി.പി.എം കടന്നിരിക്കുകയാണ്.

കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായാല്‍, അത് ഉപയോഗപ്പെടുത്തി സ്വതന്ത്രനെ രംഗത്തിറക്കാന്‍ സി.പി.എം ശ്രമിക്കും. ഈ സാധ്യത അടഞ്ഞാല്‍ മാത്രമേ മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കുകയുള്ളൂ. അതെന്തായാലും വോട്ട് സമാഹരിക്കാന്‍ ശേഷിയുള്ള നേതാവ് തന്നെയായിരിക്കും. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും നിലവില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു. ഷറഫലി, ജില്ലാ പഞ്ചായത്തംഗം ഷൊറോണ റോയി, സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വി.എം ഷൗക്കത്ത്, നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം എന്നിവരുടെ പേരുകളൊക്കെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അതുക്കും മീതെ ഒരാള്‍ എത്തുമെന്നാണ് സി.പി.എം നേതൃത്വം നല്‍കുന്ന സൂചന. പി.വി അന്‍വറിലൂടെ പിടിച്ചെടുത്ത മണ്ഡലം, അന്‍വര്‍ ഇല്ലെങ്കിലും നിലനിര്‍ത്തുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ വാശിയാണ്. ഈ ആവേശം അവരുടെ അണികളിലും പ്രകടമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകള്‍ കൂടി ലഭിച്ചതോടെ, മൂന്ന് മുന്നണികളും ഉഷാറായിട്ടുണ്ട്. ഇനി കേരള രാഷ്ട്രീയമാകെ നിലമ്പൂരിലേക്കാണ് ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ പോകുന്നത്.
Express View
വീഡിയോ കാണാം…