ആര്യയോട് മാധ്യമങ്ങൾ കാണിച്ചത് അനീതി, മറ്റൊരു സ്ത്രീ ആയിരുന്നെങ്കിൽ ഈ നിലപാട് സ്വീകരിക്കുമായിരുന്നോ ?

ആര്യയോട് മാധ്യമങ്ങൾ കാണിച്ചത് അനീതി, മറ്റൊരു സ്ത്രീ ആയിരുന്നെങ്കിൽ ഈ നിലപാട് സ്വീകരിക്കുമായിരുന്നോ ?

ലസ്ഥാനത്തെ മേയര്‍ – കെ.എസ് ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ മാധ്യമങ്ങളുടെ ഇരട്ടതാപ്പ് നയമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവിനെയും വളഞ്ഞിട്ട് ആക്രമിക്കുന്ന ശൈലിയാണ് മാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. കടുത്ത സ്ത്രീപക്ഷ വാദികളായി ചാനല്‍ ചര്‍ച്ചകളില്‍ നിലപാട് സ്വീകരിക്കുന്ന അവതാരകര്‍ പോലും മേയര്‍ ആര്യ രാജേന്ദ്രനെ വില്ലത്തിയും കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ നായകനുമായി ചിത്രീകരിച്ചാണ് ചര്‍ച്ചകള്‍ നടത്തിയിരിക്കുന്നത്. അവര്‍ക്ക് മേയറോട് മോശമായി പെരുമാറിയ യദു എന്ന ഡ്രൈവര്‍ക്കെതിരെ കേസെടുത്തതില്‍ മാത്രമല്ല അരിശമുള്ളത്. മേയര്‍ക്ക് എതിരെ കേസെടുക്കാത്തതിലും മാധ്യമങ്ങള്‍ക്ക് ദേഷ്യമുണ്ട്.

ഇത് കൃത്യമായ രാഷ്ട്രീയ പകയാണ്. ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും സി.പി.എം രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാലാണ് ഈ വിഷയം ഇത്രയും വലിയ ചര്‍ച്ചയാക്കി മാധ്യമങ്ങള്‍ മാറ്റിയിരിക്കുന്നത്. ചുവപ്പിനോടുള്ള പകയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവും ഒരു ഔദ്യോഗിക പദവിയും ഇവിടെ ദുരുപയോഗം ചെയ്തിട്ടില്ല, മേയറുടെ ഔദ്യോഗിക കാറിലല്ല, സ്വകാര്യ വാഹനത്തിലാണ് ഇരുവരും യാത്ര ചെയ്തിരിക്കുന്നത്. കെ.എസ് ആര്‍.ടി.സി ഡ്രൈവറുടെ തെറ്റായ ഡ്രൈവിങ്ങും, മോശം പെരുമാറ്റവുമാണ്, കെ.എസ്.ആര്‍.ടി.സി വാഹനം തടയുന്ന രൂപത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. പ്രതികരണ ശേഷിയുള്ള ആരും ചെയ്തു പോകുന്ന പ്രവര്‍ത്തി തന്നെയാണിത്.

ചോദ്യം ചെയ്യേണ്ട കാര്യങ്ങള്‍ എവിടെ ആയാലും ചോദ്യം ചെയ്യുക തന്നെ വേണം. അതിന് മേയര്‍ക്ക് മേയറുടെ ഓഫീസോ എം.എല്‍.എയ്ക്ക് അദ്ദേഹത്തിന്റെ ഓഫീസോ വേണമെന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ രീതിയും അതല്ലെന്നതും ഓര്‍ത്ത് കൊള്ളണം. മേയറും എം.എല്‍.എയുമായി കഴിഞ്ഞാല്‍ പിന്നെ പ്രതികരണശേഷി പാടില്ലന്നത് എവിടുത്തെ നിയമമാണ് എന്നതും ഈ മാധ്യമകൂട്ടം പറയണം. സമാന സ്വഭാവത്തില്‍ വാഹനമോടിച്ച എത്രയോ ഡ്രൈവറുമായി ഇവിടുത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉടക്കുണ്ടാക്കിയിട്ടുണ്ട് എന്നതും ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്ന് മേയര്‍ വധം നടപ്പാക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

മുന്നില്‍ പോകുന്ന വാഹനത്തിന്റെ ഡ്രൈവര്‍ പ്രോക്രിത്തരം കാണിച്ചാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിളിച്ചു പറയുന്നതിന് മുന്‍പ് , അത് ചെയ്ത ഡ്രൈവറോട് തന്നെ നേരിട്ട് ചോദിച്ചത് എങ്ങനെയാണ് നിയമ വിരുദ്ധ പ്രവര്‍ത്തിയാകുക എന്നതിനും കമ്യൂണിസ്റ്റ് വിരുദ്ധ തിമരം ബാധിച്ച മാധ്യമ പ്രവര്‍ത്തകര്‍ മറുപടി പറയണം. കെ.എസ്.ആര്‍.ടി.സിയുടെ ട്രിപ്പ് മുടക്കിയത് മേയറും എം.എല്‍.എയുമല്ല. അതിനുള്ള ഉത്തരം ചോദിക്കേണ്ടത് കെ.എസ്.ആര്‍.ടി.സി അധികൃതരോടാണ്. പിന്നെ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് നിര്‍ത്തിയതാണ് പ്രശ്‌നമെങ്കില്‍ ഡ്രൈവറോട് പറന്ന് ചോദിക്കാന്‍ മേയര്‍ക്ക് ചിറകുകള്‍ ഇല്ല എന്നതും മനസ്സിലാക്കണം. കെ.എസ്.ആര്‍.ടി.സി ബസിന് കുറുകെ വാഹനമിടുന്നതും ചോദ്യം ചെയ്യുന്നതുമെല്ലാം ഇത് ആദ്യ സംഭവമൊന്നുമല്ല. സീബ്രാലൈനിന്റെ കണക്ക് എടുക്കുന്നവര്‍ സ്വയം ഒന്നു തിരിഞ്ഞു നോക്കുന്നതും നല്ലതാണ്.

ഡ്രൈവറുടെ ചെയ്തികള്‍ക്കു പിന്നില്‍ എന്തു വികാരം തന്നെ ആയാലും അതിനെ വെള്ളപൂശുന്നത് ഒരിക്കലും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനമല്ല. മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നല്ല ഏതു സ്ത്രീ ഇത്തരത്തില്‍ ഒരു പരാതി നല്‍കിയാലും ഉടനെ കേസെടുത്ത് നടപടി സ്വീകരിക്കുന്ന നിയമമാണ് നമുക്കുള്ളത്. ആ കര്‍ത്തവ്യമാണ് പൊലീസും സ്വീകരിച്ചിരിക്കുന്നത്. തനിക്കെതിരെ കേസു വന്നതോടെയാണ് കൗണ്ടര്‍ പരാതിയുമായി ഡ്രൈവര്‍ രംഗത്ത് വന്നിരിക്കുന്നത്. അതിനെ ഗൗരവത്തോടെ കാണേണ്ട കാര്യം പൊലീസിനുമില്ല. ഏത് കേസായാലും കുറ്റവാളികള്‍ പിന്തുടരുന്ന സാധാരണ രീതിയാണ് ഈ കൗണ്ടര്‍ കേസെന്നതും നാം ഓര്‍ക്കേണ്ടതുണ്ട്. മേയര്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ സമാന സ്വഭാവമുള്ള വിഷയത്തില്‍ മുന്‍പ് കേസുണ്ടായിരുന്നു എന്നതും മാധ്യമങ്ങള്‍ തുറന്നു പറയാന്‍ തയ്യാറാകണം.

റാഷ് ഡ്രൈവിംഗിന്റെ പേരില്‍ നിരവധി കേസ്സുകള്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിന്റെ പേരില്‍ ഉണ്ട്. മുമ്പ് തമ്പാനൂര്‍ ആര്‍ എം എസ്സിന്റെ മുന്നില്‍ വെച്ച് രണ്ട് വാഹനങ്ങളെ ഒരുമിച്ച് ഇടിച്ചെന്നതാണ് ഒരു കേസ്. ഇതിന്റെ FIR നമ്പര്‍ 1090/2022 ആണ്. സ്തീകള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയതിനാണ് മറ്റൊരു കേസുള്ളത്. ഇതാകട്ടെ തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നതുമാണ്. ഇതൊന്നും പരിഗണിക്കാതെയാണ് മുഖ്യധാരാ മാധ്യമങ്ങളടക്കം യദുവിനെ പിന്തുണക്കുന്നത്. രാഷ്ട്രീയമായ വിയോജിപ്പുകളുണ്ടെന്ന ഒറ്റ കാരണത്താല്‍ ഒരു സ്ത്രീയ്ക്ക് കിട്ടേണ്ട പരിഗണന പോലും ആര്യക്ക് ആരും നല്‍കുന്നില്ല. മാധ്യമങ്ങളുടെ ഇത്തരം നെറികെട്ടെ നിലപാട് ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിച്ച് കൊടുക്കാന്‍ കഴിയുകയില്ല.

ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് തലസ്ഥാനത്ത് നടന്നത് എന്നത് ജനങ്ങള്‍ അറിയണം. ശനിയാഴ്ച രാത്രി പത്ത് മണിയോടെ മേയര്‍ ആര്യാ രാജേന്ദ്രനു ഭര്‍ത്താവ് സച്ചിന്‍ എംഎല്‍എയും മറ്റു കുടുംബാംഗങ്ങളും സഞ്ചരിച്ച വാഗണര്‍ എന്ന ചെറിയ വാഹനത്തെ പട്ടം പ്ലാമൂട് വെച്ച് ഇടിച്ചു ഇടിച്ചില്ല എന്ന രീതിയില്‍ സൈഡ് ചേര്‍ത്ത് ഒരു കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ഓവര്‍ ടേക്ക് ചെയ്ത് കയറിപ്പോകുകയാണ് ഉണ്ടായത്. ഞെട്ടലില്‍ നിന്നും മുക്തരായ കാറില്‍ ഉണ്ടായിരുന്നവര്‍ തുടര്‍ന്ന് ഹോണടിച്ച് കെ.എസ്.ആര്‍.ടി.സിയെ ഓവര്‍ട്ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തനിനിറം കാണിച്ചിരിക്കുന്നത്. കാറിന്റെ പിന്നിലെ സീറ്റില്‍ ഇരുന്ന മേയറേയും ജേഷ്ടന്റെ ഭാര്യയേയും നോക്കി ഡ്രൈവര്‍ ബസ്സില്‍ ഇരുന്ന് ലൈംഗിക ചേഷ്ട കാണിക്കുകയാണ് ഉണ്ടായതെന്നാണ് മേയര്‍ തന്നെ പറയുന്നത്. അവര്‍ ഇക്കാര്യം പൊലീസിന് നല്‍കിയ പരാതിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.

അശ്ലീല ആംഗ്യത്തില്‍ സ്വാഭാവികമായും ഷോക്കായവര്‍ ബസ്സിനെ പിന്തുടരുകയാണ് ഉണ്ടായത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ ആളിറങ്ങാനുള്ളത് കാരണം ആ സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍. പിന്നാലെ എത്തിയ മേയറും സംഘവും കാര്‍ ബസ്സിന് മുന്നില്‍ പാര്‍ക്ക് ചെയ്ത് ഇറങ്ങുകയാണ് ചെയ്തത്. അതല്ലാതെ, ഓടുന്ന കെ.എസ്.ആര്‍.ടി.സിക്ക് മുന്നില്‍ വാഗണര്‍ കാര്‍ വിലങ്ങിടുകയല്ല ചെയ്തത്. അവിടെ വച്ചാണ് ഡ്രൈവറുടെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തിരിക്കുന്നത്. എം.എല്‍.എയോട് ഡ്രൈവര്‍ ചൂടാകുന്നതും പിന്നാലെ ഇറങ്ങി വിവരം തിരക്കുന്ന മേയറോട് തട്ടിക്കയറുന്നതിനും ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ സാക്ഷികളുമാണ്. ഡ്രൈവറുടെ പെരുമാറ്റ രീതി എങ്ങനെയായിരുന്നു എന്നതിന് പുറത്തു വന്ന ദൃശ്യങ്ങള്‍ തന്നെ ഉദാഹരണമാണ്.

‘മര്യാദയ്ക്ക് ശമ്പളം തന്നിട്ട് സംസാരിക്കടീ’ എന്ന് മേയറോട് പറഞ്ഞ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സംഘപരിവാറിന്റെ തൊഴിലാളി സംഘടനയില്‍ അംഗമാണെന്ന വിവരവും ഇപ്പോള്‍ പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്. അതായത് എം.എല്‍.എയും മേയറും ആരാണെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് ഡ്രൈവര്‍ പെരുമാറിയിരിക്കുന്നത്. ഇതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ പകയാണ് ഉള്ളത്. അത് ചുവപ്പ് കണ്ടാല്‍ കാളയെ പോലെ പെരുമാറുന്ന മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മനസ്സിലാകില്ലങ്കിലും അരിയാഹാരം കഴിക്കുന്ന മലയാളിക്ക് എന്തായാലും മനസ്സിലാകും. അതാകട്ടെ വ്യക്തവുമാണ് . . .

EXPRESS KERALA VIEW

Top