കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് ഇ ഡി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ജയിലില്‍ നിന്നും അരവിന്ദ് കെജ്രിവാള്‍ ആദ്യ ഉത്തരവ് പുറത്തിറക്കിയെന്ന എഎപിയുടെ ജലവിഭവ വകുപ്പ് മന്ത്രി അതിഷി മെര്‍ലേനയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. അതിഷി ചൂണ്ടിക്കാണിച്ച ഉത്തരവ് വ്യാജമാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് കസ്റ്റഡിയില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കാന്‍ സാധിക്കുന്ന പശ്ചാത്തല സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന വിവരം പുറത്ത് വരുന്നത്.

ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് വ്യാജമെന്ന് ബിജെപി ആരോപിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണഘടനാ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി മജീന്ദര്‍ സിങ് സര്‍സ ആരോപിച്ചിരുന്നു. കത്ത് കെട്ടിച്ചമച്ചതാണെന്നും ഡല്‍ഹി സര്‍ക്കാര്‍ ഓഫീസ് ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു മജീന്ദര്‍ സിങ് സര്‍സയുടെ ആരോപണം. നടക്കുന്നത് അധികാര ദുര്‍വിനിയോ?ഗമാണെന്നും മുഖ്യമന്ത്രിയുമായി ബന്ധപ്പെടാതെ എങ്ങനെയാണ് ഉത്തരവിറക്കുകയെന്നും ചോദിച്ച സര്‍സ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ?ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.ശുദ്ധജല വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ കസ്റ്റഡിയിലിരിക്കുന്ന കെജ്രിവാള്‍ നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു നേരത്തെ അതിഷി മെര്‍ലേന അറിയിച്ചത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും അതിഷി പറഞ്ഞിരുന്നു. ജയിലിലായിരിക്കുമ്പോഴും ഡല്‍ഹിയിലെ ജനങ്ങളെക്കുറിച്ചാണ് കെജ്രിവാളിന്റെ ചിന്തയെന്നും അരുഷി ചൂണ്ടിക്കാണിച്ചിരുന്നു.

ഭാര്യ സുനിത കെജ്രിവാളിനും പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിനും മാത്രമാണ് കെജ്രിവാളിനെ സന്ദര്‍ശിക്കുന്നതിനായി കോടതി അനുമതി നല്‍കിയിരിക്കുന്നത്. എല്ലാദിവസവും വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയില്‍ അരമണിക്കൂര്‍ നേരമാണ് കൂടിക്കാഴ്ചയ്ക്ക് അനുമതിയുള്ളത്. എപിജെ അബ്ദുള്‍കലാം റോഡിലെ ഇ ഡി ആസ്ഥാനത്ത് അറസ്റ്റിലുള്ളവരുമായി അഭിഭാഷകരോ കുടുംബമോ കൂടിക്കാഴ്ച നടത്തുന്ന സ്ഥലം സിസിടിവി നിരീക്ഷണത്തിലാണെന്നും ഇ ഡി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.

Top