ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍. പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കെജ്‌രിവാള്‍ പ്രഖ്യാപനം നടത്തിയത്. രണ്ട് ദിവസത്തിനകം രാജി വെക്കുമെന്നാണ് പറയുന്നത് .
“രണ്ടുദിവസം കഴിഞ്ഞാല്‍ ഞാന്‍ മുഖ്യമന്ത്രി പദം രാജിവെയ്ക്കും. ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കും വരെ ഞാന്‍ ആ കസേരയില്‍ ഇരിക്കില്ല. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ബാക്കി. എനിക്ക് കോടതിയില്‍നിന്ന് നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയിൽനിന്നും നീതി ലഭിക്കണം. ജനങ്ങളുടെ വിധിപ്രഖ്യാപനം ഉണ്ടായതിനു ശേഷം മാത്രമേ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കൂ” എന്ന് കെജ്‌രിവാള്‍.
ALSO READ: സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച അരവിന്ദ് കെജ്രിവാള്‍ മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനുശേഷം കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ഹരിയാനയിലും ഡൽഹിയിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽക്കൂടിയാണ് കെജ്‌രിവാളിന്‍റെ ഇപ്പോഴത്തെ നീക്കമെന്നാണ് സൂചന.ഡല്‍ഹിയില്‍ അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ്, ഈവര്‍ഷം നവംബറില്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു.
കെജ്‌രിവാളിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ രാജിവെയ്ക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.എന്നാൽ, ജയിലിലിരുന്നും ഭരണം നടത്താന്‍ കഴിയുമെന്ന് ബി.ജെ.പി. സര്‍ക്കാരിനു മുന്‍പില്‍ തെളിയിക്കുന്നതിനാണ് രാജിയിലേക്ക് പോകാതിരുന്നതെന്ന് കെജ്‌രിവാർ തെളിയിക്കുകയാണ് ഇവിടെ.ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ നടത്തിയിരുന്നതിനേക്കാള്‍ കിരാതമായ ഭരണവാഴ്ചയാണ് ബി.ജെ.പി. സര്‍ക്കാര്‍ ഇന്ത്യയില്‍ കാഴ്ചവെക്കുന്നതെന്നും കെജ്രിവാള്‍ ആരോപിക്കുകയുണ്ടായി.