കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാം സ്ഥിരമായി കേള്‍ക്കുന്ന ഒരു പദമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എ.ഐ. ഇപ്പോള്‍ ലോകമെമ്പാടുമുള്ള പല തൊഴില്‍ മേഖലകളിലും എ.ഐയുടെ സ്വാധീനം പ്രകടമായിട്ടുണ്ട്. പല തൊഴിലിടങ്ങൾക്കും ഭീഷണിയെന്നോണമാണ് ഇപ്പോൾ എഐ വളരുന്നത്. ഇതിൽ കൂടുതൽ ആശങ്കയിലായിരിക്കുന്നത് ഐ.ടി മേഖലകളിൽ ജോലിചെയ്യുന്നവരാണ്. ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ എല്ലാ മേഖലകളിലും ഇപ്പോള്‍ എ.ഐ സ്വാധീനം പ്രകടമാണ്. അതൊടൊപ്പമുള്ള മറ്റൊരു പ്രധാന പ്രശ്നമാണ് തൊഴിലില്ലായ്മ. എഞ്ചിനീയറിംഗ് രംഗത്താണ് ഇത് കൂടുതലായും ബാധിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ എ.ഐയുടെ സ്വാധീനം കടന്നുകയറിയിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
അതേസമയം, ഇന്ത്യയിലെ എഞ്ചിനീയറിംഗ് ബിരുദധാരികളുടെ തൊഴില്‍പ്രശ്‌നം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗൗരമേറിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. തൊഴിലവസരങ്ങളുടെ കുറവും, തൊഴില്‍ക്ഷമതയില്ലായ്മയും, വിപുലമായ വിദ്യാഭ്യാസമേഖലയിലും വ്യവസായത്തിലുമുള്ള പിരിമുറുക്കങ്ങളും ഈ പ്രശ്‌നത്തിന്റെ മൂല കാരണങ്ങളായി കണക്കാക്കാം. 2030 ഓടെ കൂടുതല്‍ ആളുകള്‍ എഞ്ചിനീയറിംഗ് രംഗത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഇന്ത്യ 115 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. സമ്പദ് വ്യവസ്ഥ വികസിക്കുന്നതിന് സേവനങ്ങളും ഉല്‍പാദനവും വര്‍ധിപ്പിക്കേണ്ടതും അപ്പോൾ അത്യാവശ്യമായി വരും.
Also Read:അമേരിക്കൻ യുദ്ധ വിദഗ്ദർ കൊല്ലപ്പെട്ടു, യുക്രെയ്നെ ഇരുട്ടിലാക്കി തലസ്ഥാനം കത്തിക്കാൻ റഷ്യ
എന്നിരുന്നാലും, എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനാല്‍ രാജ്യം പ്രധാന പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം 1.5 ദശലക്ഷം പേരാണ് എഞ്ചിനീയറിംഗ് ബിരുദം കഴിഞ്ഞിറങ്ങുന്നത്. എന്നാല്‍, ഏകദേശം 60 ശതമാനം പേര്‍ക്ക് മാത്രമേ തൊഴില്‍ ലഭിക്കുന്നുള്ളൂ, 45 ശതമാനം പേര്‍ മാത്രമാണ് വ്യവസായിക അടിസ്ഥാനത്തിലുള്ള എഞ്ചിനിയറിംഗ് മേഖലയിലേയ്ക്ക് പ്രവേശിക്കുന്നുള്ളൂ. എന്തായിരിക്കാം അതിന് കാരണമെന്നാണ് വിദഗ്ധര്‍ ചോദിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിഗ്രി അപ്രന്റീസ്ഷിപ്പ് സേവന ദാതാവ് എന്ന് അവകാശപ്പെടുന്ന ടീംലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഈ സാമ്പത്തിക വര്‍ഷം ബിരുദം നേടുമെന്ന് പ്രതീക്ഷിക്കുന്ന എഞ്ചിനീയര്‍മാരില്‍ 10% പേര്‍ക്ക് മാത്രമേ ജോലി ലഭിക്കുകയുള്ളൂവെന്നാണ് കണക്ക്. ഇതിനെല്ലാം കാരണമായി പറയുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ്. ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ഗ്രേറ്റ് ലേണിംഗ് റിപ്പോര്‍ട്ട് കാണിക്കുന്നത് 67.5% എഞ്ചിനീയര്‍മാര്‍ തങ്ങളുടെ ജോലിയെ എ.ഐയുടെ വരവ് പ്രതികൂലമായി ബാധിച്ചതായി കരുതുന്നു.
മാത്രമല്ല എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി കുറഞ്ഞതോടെ, ആ മേഖലയുമായി ബന്ധപ്പെട്ട് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും കുറഞ്ഞു. ഇതോടെ പല എഞ്ചിനീയറിംഗ് കോളേജുകളും അടച്ചുപൂട്ടി. എഞ്ചിനീയറിംഗ് കോളേജുകളിലെ പ്രൊഫസര്‍മാര്‍ ജോലി നഷ്ടപ്പെട്ട ശേഷം കൊറിയര്‍ ആയി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ഇതെല്ലാം സംഭവിക്കുന്നത് ഇന്ത്യയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആത്മനിര്‍ഭര്‍ ഭാരത് എല്ലാ മേഖലകളിലും ”സ്വയം പര്യാപ്തത” ആക്കാനുള്ള കാമ്പെയ്നിന് ഇടയിലാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇന്ത്യയില്‍ ഇതിനെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതാണ്. അതിനായി പ്രായോഗിക പരിശീലനത്തിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Also Read: ഗാസയെ നശിപ്പിക്കാനുള്ള ഇസ്രയേലിന്റെ കുതന്ത്രം; തെളിവായി സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍
മേക്ക് ഇന്‍ ഇന്ത്യ പോലുള്ള കാമ്പെയ്നുകള്‍ വഴി കൂടുതല്‍ തൊഴില്‍ സൃഷ്ടി ലക്ഷ്യമാക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ ചേര്‍ന്ന് തൊഴില്‍ അന്വേഷകര്‍ക്കുള്ള അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകള്‍ പ്രോത്സാഹിപ്പിക്കാനും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. എഞ്ചിനീയറിംഗ്, മെഡിക്കല്‍ ബിരുദങ്ങള്‍ എന്നിവയെ കൂടാതെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനായി സിവില്‍ സര്‍വീസ് ജോലികളും ഇപ്പോള്‍ മാതാപിതാക്കള്‍ കൂടുതലായി തെരഞ്ഞെടുക്കുന്ന പ്രവണത ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ട്. തങ്ങളുടെ മക്കള്‍ ഡോക്ടര്‍മാരോ കളക്ടര്‍മാരോ ആകണമെന്ന് സ്വപ്‌നം കാണുന്ന മാതാപിതാക്കള്‍ പ്രശസ്തമായ കോച്ചിംഗ് സെന്ററുകളില്‍ കുട്ടികളെ തള്ളിവിടുന്ന പതിവ് ഇന്നും ഇന്ത്യയില്‍ സര്‍വസാധാരണമാണ്.
നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനികളുടെ (നാസ്‌കോം) 2019-ല്‍ നടത്തിയ സര്‍വേയില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 1.5 ദശലക്ഷം എഞ്ചിനീയറിംഗ് ബിരുദധാരികളാണ് പഠിച്ചിറങ്ങുന്നത്. ഇതില്‍ 2,50,000 പേര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്. 45 ശതമാനം മാനേജ്മെന്റ് ബിരുദധാരികളും എഞ്ചിനീയറിംഗ് പഠിച്ച 48 ശതമാനം പേരും തൊഴില്‍രഹിതരാണെന്ന് 2023-ല്‍ നിതി ആയോഗിന്റെ മുന്‍ വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെ പോലുള്ള ഇന്ത്യയിലെ പ്രശസ്ത സ്ഥാപനങ്ങളില്‍ നിന്നുള്ള 36 ശതമാനം ബിരുദധാരികളാണ് തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്നത്. കൂടുതലായും തൊഴിലില്ലായ്മ നേരിടുന്നത് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് തുടങ്ങിയ കോഴ്സുകളെടുത്ത ബിരുദധാരികള്‍ക്കാണ്.
Also Read:സൈനിക മേഖലയിലും ബന്ധം ഊട്ടിയുറപ്പിക്കാന്‍ റഷ്യയും ഇന്ത്യയും
പഠന രീതിയും പാറ്റേണും പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും എഞ്ചിനീയറിംഗില്‍ വ്യത്യസ്തമാണ്. പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന ഒരു വിദ്യാര്‍ത്ഥി ലാബില്‍ നല്ലവനായിരിക്കില്ല. എഞ്ചിനീയറിംഗ് ബിരുദധാരികള്‍ ജോലി തേടിയിറങ്ങുമ്പോള്‍ അവരുടെ പ്രായോഗിക പരിജ്ഞാനം പരിശോധിക്കാതെ ഗ്രേഡുകള്‍ അടിസ്ഥാനമാക്കിയാണ് അവരെ നിയമിക്കുന്നത്. ഇന്ത്യയിലെ ഇത്തരത്തിലുള്ള പഠനരീതിയ്ക്ക് മാറ്റം വരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
അതേസമയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ വ്യാപനം ലോകത്തെ 40 ശതമാനം തൊഴിലിനെയും ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി മുന്നറിയിപ്പ് നല്‍കിയതോടെ മനുഷ്യന്‍ സൃഷ്ടിച്ച എ.ഐ മനുഷ്യര്‍ക്ക് തന്നെ തിരിച്ചടിയുണ്ടാക്കുന്ന ഒരു കാഴ്ചയ്ക്കാണ് ലോകം സാക്ഷിയാകാന്‍ പോകുന്നത്. ”നിലവിലെ സാഹചര്യത്തില്‍ എഐ സാങ്കേതിക വിദ്യ സ്വാധീനം ആഗോളതലത്തിലുള്ള അസമത്വം കൂടുതല്‍ വഷളാക്കും. കൂടുതല്‍ സാമൂഹിക പിരിമുറുക്കങ്ങള്‍ തടയാന്‍ സര്‍ക്കാരുകള്‍ കൃത്യമായ നയരൂപീകരണം നടത്തേണ്ടത് അത്യാവശ്യമാണ്,” ഐഎംഎഫ് മേധാവി പറയുമ്പോള്‍ എ.ഐ സ്വാധീനം മനുഷ്യരെ എത്ര മാത്രം ബാധിക്കും എന്നുള്ള കാര്യം വളരെയേറെ പ്രസക്തമാണ്.
Also Read: ആ ഉപരോധം ഇനി വേണ്ട; ഇറാന്റെ അന്ത്യശാസനം
എ.ഐക്ക് ലഭിച്ച സ്വീകരണം വ്യത്യസ്തമാണ്. ഏതാനും ചിലരെ സംബന്ധിച്ചിടത്തോളം, ഇത് ഒരു ഭീകരമായ ഭാവിയുടെ തുടക്കമാണ്. എന്നാല്‍ സ്ഥാപനങ്ങളെ സംബന്ധിച്ച് എ.ഐ അവര്‍ക്ക് മികച്ച മുതല്‍ക്കൂട്ടാണ്, കാരണം അവര്‍ക്ക് മാൻ പവറിന്റെ ആവശ്യമില്ല എന്നതു തന്നെ കാരണം. പക്ഷെ ഇത് ഭാവി തലമുറയെയും പഠിച്ചിറങ്ങുന്ന യുവത്വങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നത് വളരെ ആശങ്കാജനകമായ കാര്യമാണ്. യുവത്വങ്ങൾ വഴിമാറി യന്ത്രങ്ങളും, സാങ്കേതികതയും വളർച്ച കൈവരിക്കുന്നൊരു ഭാവിയിലേക്കാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ ഭാവി നേരിടാൻ പോകുന്ന വെല്ലുവിളികളെന്തെല്ലാമാണെന്ന് നമ്മുക്ക് ചിന്തിക്കാൻ സാധിക്കില്ല എന്നതാണ് സത്യം.