ഭാര്യയെ കാണാൻ പുലർച്ചെയെത്തി; ഭാര്യാസഹോദരന് നേരെ എയർഗണ്ണിൽ നിന്ന് വെടിയുതിർത്തു, പ്രതി അറസ്റ്റിൽ

പ്രതി തോക്കുചൂണ്ടിയ ഉടൻ തന്നെ ഭാര്യാസഹോദരൻ കൈകൊണ്ട് തോക്ക് തട്ടിമാറ്റിയതിനാലാണ് വെടിയുണ്ട ശരീരത്തിൽ കൊള്ളാതെ ഒഴിവായതെന്ന് പോലീസ് വ്യക്തമാക്കി

ഭാര്യയെ കാണാൻ പുലർച്ചെയെത്തി; ഭാര്യാസഹോദരന് നേരെ എയർഗണ്ണിൽ നിന്ന് വെടിയുതിർത്തു, പ്രതി അറസ്റ്റിൽ
ഭാര്യയെ കാണാൻ പുലർച്ചെയെത്തി; ഭാര്യാസഹോദരന് നേരെ എയർഗണ്ണിൽ നിന്ന് വെടിയുതിർത്തു, പ്രതി അറസ്റ്റിൽ

മലപ്പുറം: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യാസഹോദരനെ എയർഗണ്ണിൽ നിന്ന് വെടിയുതിർത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചുങ്കത്തറ പള്ളിക്കുത്ത് കരിങ്കോറമണ്ണ സ്വദേശി പഴമ്പാലക്കോട് ജയചന്ദ്രനെയാണ് (43) പൂക്കോട്ടുംപാടം പോലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ 5.45-ഓടെയായിരുന്നു സംഭവം.

കുറച്ചുകാലമായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു പ്രതിയായ ജയചന്ദ്രൻ. തിങ്കളാഴ്ച പുലർച്ചെ ഭാര്യാസഹോദരന്റെ വീട്ടിലെത്തിയ ഇയാൾ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം വീട്ടുകാർ നിരസിച്ചതോടെ ജയചന്ദ്രൻ കടുത്ത പ്രകോപനത്തിലേക്ക് തിരിയുകയായിരുന്നു. തുടർന്ന് കൈയിൽ കരുതിയിരുന്ന എയർഗൺ പുറത്തെടുത്ത് ഭാര്യാസഹോദരന് നേരെ വെടിയുതിർത്തു. പ്രതി തോക്കുചൂണ്ടിയ ഉടൻ തന്നെ ഭാര്യാസഹോദരൻ കൈകൊണ്ട് തോക്ക് തട്ടിമാറ്റിയതിനാലാണ് വെടിയുണ്ട ശരീരത്തിൽ കൊള്ളാതെ ഒഴിവായതെന്ന് പോലീസ് വ്യക്തമാക്കി.

Also Read: വിവാഹ വാഗ്ദാനം നൽകി പീഡനം; കായംകുളത്ത് 26-കാരന് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പൂക്കോട്ടുംപാടം പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യംചെയ്യലിനും തുടർനടപടികൾക്കും ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ദിനേശ് കുമാർ, എ.എസ്.ഐ. സുബ്രഹ്മണ്യൻ, സി.പി.ഓ. നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Share Email
Top