വാഷിങ്ടൺ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 25 മില്യൺ ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. മദൂറോ മൂന്നാമതും വെനസ്വേലൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയായിരുന്നു അമേരിക്കയുടെ ഈ പ്രഖ്യാപനം. രാജ്യാന്തര തലത്തിൽ മദൂറോയ്ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മദൂറോ മൂന്നാമതും അധികാരമേറ്റത്. മദൂറോയെ കൂടാതെ, ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്കും അമേരിക്ക പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. 15 മില്യൺ ഡോളറാണ് പ്രതിരോധ മന്ത്രി വ്ലാദിമിർ പഡ്രിനോയെ അറസ്റ്റ് ചെയ്യാൻ സഹായിച്ചാൽ പ്രതിഫലമായി അമേരിക്ക ഓഫർ ചെയ്തിരിക്കുന്നത്.
അതിനിടെ ജഡ്ജിമാരും സുരക്ഷ സേനയിലെ അംഗങ്ങളും, സൈനിക ഉദ്യോഗസ്ഥരുമടക്കമുള്ള വെനസ്വേലയിലെ 15 ഉന്നത ഉദ്ധ്യോഗസ്ഥർക്കെതിരെ യു.കെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ജനാധിപത്യത്തെയും നിയമവാഴ്ചയെയും തകർത്തതിനും വെനസ്വേലയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലുമാണ് ഉപരോധം ഏർപ്പെടുത്തിയതെന്ന് യു.കെ അറിയിച്ചു. യൂറോപ്യൻ യൂണിയനും വെള്ളിയാഴ്ച വെനസ്വേലയ്ക്കെതിരായ നിലപാട് കടുപ്പിച്ചിരുന്നു. നിയമവാഴ്ചയും ജനാധിപത്യവും പുനസ്ഥാപിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് യൂറോപ്യൻ യൂണിയന്റെ വാദം. കാനഡയും വെനസ്വേലക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: മെറ്റയിൽ ‘ഒഴിവാക്കൽ’, ട്രംപിനെ കൈയ്യിലെടുക്കാൻ സക്കർ ബർഗ്
കഴിഞ്ഞ വർഷം മുതൽ അമേരിക്ക വെനസ്വേലക്കെതിരായ ഇന്ധന ഉപരോധം പുനസ്ഥാപിച്ചിരുന്നു. കൊക്കെയ്ൻ ഉൽപ്പാദനം വർധിപ്പിച്ച് അമേരിക്കൻ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്നും മയക്കുമരുന്ന് ഒരു ആയുധമായി ഉപയോഗിക്കുന്നുവെന്നുമായിരുന്നു മദൂറോക്കെതിരെ അമേരിക്ക ഉയർത്തിയ പ്രധാന ആരോപണം. എന്നാൽ 2020 മുതൽ പാശ്ചാത്യ രാജ്യങ്ങളുടെയും പ്രതിപക്ഷ നേതാക്കളുടെയും ആരോപണങ്ങളെ തള്ളുകയാണ് മദൂറോ. രാജ്യത്തിന്റെ സാമ്പത്തിക തകർച്ചക്ക് കാരണം അമേരിക്കയുടെ നേതൃത്വത്തിലുള്ള ഉപരോധങ്ങളാണെന്നും മദൂറോ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂലൈ 28നാണ് വെനസ്വേലയിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്. ബ്രസീലും കൊളംബിയയും അടക്കമുള്ള രാജ്യങ്ങൾ തെരഞ്ഞെടുപ്പിനെ അംഗീകരിച്ചിരുന്നില്ല.