‘അറസ്റ്റിന്റെ ലക്ഷ്യം അപമാനിക്കല്‍, എഎപിയെ ശിഥിലമാക്കാന്‍ ശ്രമം’; കെജ്രിവാൾ ഹൈക്കോടതിയില്‍, വിധി നാളെ

‘അറസ്റ്റിന്റെ ലക്ഷ്യം അപമാനിക്കല്‍, എഎപിയെ ശിഥിലമാക്കാന്‍ ശ്രമം’; കെജ്രിവാൾ ഹൈക്കോടതിയില്‍, വിധി നാളെ

നാധിപത്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എഎപിയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഹൈക്കോടതിയില്‍. മദ്യനയ കേസില്‍ ഇഡി അറസ്റ്റിനെതിരെയാണ് കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ജയില്‍ മോചിതനാക്കണമെന്ന കെജ്‌രിവാളിന്റെ ഹര്‍ജി ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയാണ് പരിഗണിച്ചത്. മദ്യനയ അഴിമതിപ്പണത്തിന്റെ ഒരുപങ്ക് ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഇ ഡിക്കുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ എസ് വി രാജു കോടതിയില്‍ വാദിച്ചു. ഹര്‍ജി വിധി പറയാനായി ഹൈക്കോടതി നാളത്തേക്ക് മാറ്റി.

ഇ ഡി അറസ്റ്റിന്റെ ഏക ലക്ഷ്യം അരവിന്ദ് കെജ്‌രിവാളിനെ അപമാനിക്കുകയിരുന്നുവെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി വാദിച്ചു. വ്യക്തമായ അന്വേഷണമോ മൊഴിയോ അറസ്റ്റിലേക്ക് നയിക്കാന്‍ അടിസ്ഥാനമായേക്കാവുന്ന വസ്തുതകളോ ഇല്ലാതെയാണ് ഇഡി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വാദിച്ചു.

അറസ്റ്റിലേക്ക് കടക്കുന്നതിന് മുന്‍പ് കെജ്‌രിവാളിന്റെ മൊഴിയെടുക്കാന്‍ ഒരു ശ്രമവും നടന്നില്ല. അറസ്റ്റിലേക്ക് കടക്കുന്നതിന് മുന്‍പ് ഇഡി ഇത് ചെയ്യണമായിരുന്നവെന്നും സിങ്‌വി ചൂണ്ടിക്കാട്ടി. അരവിന്ദ് കെജ്‌രിവാള്‍ ഒളിച്ചോടാന്‍ സാധ്യതയുണ്ടായിരുന്നോ? ഒന്നര വര്‍ഷത്തിനിടെ ഏതെങ്കിലും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചോ? ചോദ്യം ചെയ്യാന്‍ അദ്ദേഹം വിസമ്മതിച്ചോയെന്നും സിങ് വി ചോദിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും പ്രതികള്‍ അത് സമ്മതിച്ചിട്ടുമുണ്ടെന്നും ഇഡി വാദിച്ചു. മൊഴിയുടെ ചില ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി കെജ് രിവാള്‍ പ്രതിരോധത്തിന് ശ്രമിക്കുയാണെന്നും ഇ ഡി വാദിച്ചു.

നേരത്തെ, അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി കോടതി ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇ ഡി കൂടുതല്‍ റിമാന്‍ഡ് ആവശ്യപ്പെടാത്തതിനെത്തുടര്‍ന്ന് റോസ് അവന്യൂ കോടതികളിലെ പ്രത്യേക സി ബി ഐ ജഡ്ജി കാവേരി ബവേജയാണ് ജുഡീഷ്യല്‍ കസ്റ്റഡി ഉത്തരവിട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് 21ന് രാത്രിയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്തത്.

അതേസമയം, തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനില മോശമാകുന്നതായി ആം ആദ്മി പാര്‍ട്ടി. കെജ്‌രിവാളിന്റെ ശരീരഭാരം ക്രമാതീതമായി കുറയുകയാണെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി സിങ് പ്രതികരിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അതിഷിയുടെ വെളിപ്പെടുത്തല്‍. ബിജെപി കെജ്‌രിവാളിനെ ജയിലിലിട്ട് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു അതിഷിയുടെ പ്രതികരണം.

Top