ശ്രീനഗർ: തീവ്രവാദികളെ ലക്ഷ്യമിട്ട് ജമ്മു കശ്മീരിൽ സുരക്ഷാ സേനയുടെ പുതിയ നീക്കം. കിഷ്ത്വാറിൽ ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്നോ നാലോ തീവ്രവാദികൾ കുടുങ്ങിയതായി റിപ്പോർട്ട്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയും പോലീസും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. സിംഗ്‌പോറയിലെ ചട്രൂ മേഖലയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മേഖലയിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളുടെ തുടർച്ചയാണിത്.
രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പോലീസ്, ഇന്ത്യൻ ആർമി, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവയുടെ സംയുക്ത സംഘമാണ് കിഷ്ത്വാറിലെ സിംഗ്‌പോറ, ചട്രൂ മേഖലയിൽ തിരച്ചിൽ ആരംഭിച്ചത്. തീവ്രവാദികൾ വെടിയുതിർത്തതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. ജയ്ഷ്-ഇ-മുഹമ്മദുമായി ബന്ധമുള്ള തീവ്രവാദികളാണ് ഇവിടെ കുടുങ്ങിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഈ തീവ്രവാദികൾ നേരത്തെ നടന്ന ഒരു ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ടവരാണെന്നും സൂചനയുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏപ്രിൽ 22-ന് പഹൽഗാമിൽ 26 സാധാരണക്കാർ വെടിയേറ്റ് മരിച്ച ഭീകരാക്രമണത്തിന് ശേഷം ദക്ഷിണ കശ്മീരിലെ തീവ്രവാദ വിരുദ്ധ നടപടികൾ സുരക്ഷാ സേന ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പുൽവാമയിലെ ഷോപ്പിയാനിലെ കെല്ലർ പ്രദേശത്തും ത്രാലിലെ നാദർ പ്രദേശത്തും നടന്ന ഏറ്റുമുട്ടലുകളിൽ ആറ് തീവ്രവാദികളെ വധിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഷാഹിദ് കുട്ടായി എന്ന പ്രമുഖ തീവ്രവാദിയും ഉൾപ്പെടുന്നു.