“സൈനിക മേധാവി അസിം മുനീർ ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നു”: ഗുരുതര ആരോപണവുമായി ഇമ്രാൻ ഖാൻ്റെ സഹോദരി

അസിം മുനീർ തീവ്ര ഇസ്‌ലാമിസ്റ്റും യാഥാസ്ഥിതികനുമാണെന്നും അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയുമായുള്ള യുദ്ധം ആഗ്രഹിക്കുന്നതെന്നും ഇമ്രാൻ ഖാൻ്റെ സഹോദരി

“സൈനിക മേധാവി അസിം മുനീർ ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നു”: ഗുരുതര ആരോപണവുമായി ഇമ്രാൻ ഖാൻ്റെ സഹോദരി
“സൈനിക മേധാവി അസിം മുനീർ ഇന്ത്യയുമായി യുദ്ധം ആഗ്രഹിക്കുന്നു”: ഗുരുതര ആരോപണവുമായി ഇമ്രാൻ ഖാൻ്റെ സഹോദരി

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ രംഗത്ത്. അസിം മുനീർ ഇന്ത്യയുമായി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ ഇമ്രാൻ ഖാൻ എപ്പോഴും ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാനാണ് ശ്രമിച്ചതെന്നും അലീമ ഖാൻ പറഞ്ഞു.

അലീമ ഖാന്റെ വാക്കുകൾ; “അസിം മുനീർ തീവ്ര ഇസ്‌ലാമിസ്റ്റും യാഥാസ്ഥിതികനുമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയുമായുള്ള യുദ്ധം ആഗ്രഹിക്കുന്നത്. ഇമ്രാൻ ഖാൻ അധികാരത്തിൽ വന്നപ്പോഴെല്ലാം, ഇന്ത്യയുമായും ബി.ജെ.പിയുമായും പോലും സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയുമായിരുന്നു. അസിം മുനീർ ഉള്ളപ്പോഴെല്ലാം, ഇന്ത്യയുമായി യുദ്ധം ഉണ്ടാകും. ഇന്ത്യ മാത്രമല്ല, ഇന്ത്യയുടെ സഖ്യകക്ഷികളും ഇതിൽ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്”.

ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പാശ്ചാത്യ ലോകം ഊർജിതമാക്കണമെന്നും അലീമ ഖാൻ അഭ്യർഥിച്ചു. നേരത്തെ, ഇമ്രാൻ ഖാന്റെ മറ്റൊരു സഹോദരി ഡോ. ഉസ്മ ഖാനും ജയിലിൽ വെച്ച് സഹോദരനെ സന്ദർശിച്ച ശേഷം ഗുരുതരമായ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ വെച്ച് ഇരുപത് മിനിറ്റോളം നീണ്ട കൂടിക്കാഴ്ചക്ക് ശേഷമാണ് ഉസ്മ ഖാൻ പ്രതികരിച്ചത്.

ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്ന് ഉസ്മ ഖാൻ സ്ഥിരീകരിച്ചിരുന്നു. എന്നാൽ അദ്ദേഹം മാനസികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും, തന്നെ തടവിലാക്കിയതിനും പീഡിപ്പിക്കുന്നതിനും പിന്നിൽ സൈനിക മേധാവി അസിം മുനീർ ആണെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചതായും ഉസ്മ ഖാൻ വെളിപ്പെടുത്തിയിരുന്നു.

Share Email
Top