ആലപ്പുഴ: ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ മുട്ടക്കറിയുടെ പേരിൽ തർക്കമുണ്ടാക്കുകയും, തുടർന്ന് ഹോട്ടലുടമയേയും ജീവനക്കാരിയെയും ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ട് യുവാക്കളെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി മരുത്തോർവട്ടം സ്വദേശികളായ അനന്തു (27), കമൽ ദാസ് (25) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഒൻപതാം തീയതി വൈകിട്ട് പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ ഇരുവരും മുട്ടക്കറിയുടെ പേരിൽ ഹോട്ടലുമായി തർക്കമുണ്ടാക്കി. തുടർന്ന്, ഹോട്ടലിന്റെ അടുക്കളയിൽ അതിക്രമിച്ചു കയറിയ പ്രതികൾ കടയുടമയെയും ജോലിക്കാരിയെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനിടെ, ചപ്പാത്തി പരത്തുന്ന കോലെടുത്ത് കടയുടമയുടെ തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.
Also Read: മുളകുപൊടി കലർത്തിയ തിളച്ചവെള്ളം ഒഴിച്ച് ആക്രമണം; പൊള്ളലേറ്റയാൾ മരിച്ചു, അയൽവാസി അറസ്റ്റിൽ
സംഭവത്തിൽ നരഹത്യാശ്രമത്തിനാണ് മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ, മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും സ്റ്റേഷനിലെ സിസിടിവി കാമറ തകർക്കുകയും ചെയ്ത കേസുകളിലെ പ്രതികൾ കൂടിയാണ് ഇരുവരും. മാരാരിക്കുളം ഇൻസ്പെക്ടർ മോഹിത് പി കെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.






