ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരിൽ വിവാഹ ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അതിഥികളിലൊരാളുടെ വസ്ത്രത്തിൽ അബദ്ധത്തിൽ ചിക്കൻ കറി വീണതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് വലിയ അക്രമത്തിൽ കലാശിച്ചത്. വരന്റെ സംഘത്തിലുണ്ടായിരുന്ന സുമിത് കുമാർ (26) ആണ് മരിച്ചത്. സംഘർഷത്തിൽ ആറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിച്ചിയയിലെ വിവാഹ മണ്ഡപത്തിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
വിവാഹ ഘോഷയാത്രയ്ക്കിടെയുണ്ടായ തർക്കം രൂക്ഷമായതോടെ വരന്റെ സംഘവും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. വടികളും ബെൽറ്റുകളും ഇഷ്ടികകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തതായും അന്വേഷണം ഊർജിതമാക്കിയതായും നോർത്ത് എസ്പി ഗ്യാനേന്ദ്ര കുമാർ അറിയിച്ചു.






