പച്ചക്കറികൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തിയാലും അവയിലെ പോഷകഗുണങ്ങൾ പൂർണ്ണമായും ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പാചകരീതിയിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ വിദഗ്ധർ. നാം നിത്യജീവിതത്തിൽ പിന്തുടരുന്ന ചില തെറ്റായ അടുക്കള ശീലങ്ങൾ പച്ചക്കറികളിലെ വിറ്റാമിനുകളും മിനറലുകളും നഷ്ടപ്പെടാൻ കാരണമാകുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ താഴെ പറയുന്നവയാണ്.
- അശാസ്ത്രീയമായ സൂക്ഷിപ്പ് രീതി
പച്ചക്കറികൾ ശരിയായ രീതിയിൽ സംഭരിച്ചില്ലെങ്കിൽ അവയിലെ പോഷകങ്ങൾ വേഗത്തിൽ നശിക്കും. അമിതമായ ചൂട്, വെളിച്ചം, ഈർപ്പം എന്നിവ പച്ചക്കറികളുടെ ഗുണനിലവാരം കുറയ്ക്കും. കാറ്റും വെളിച്ചവും കടക്കാത്ത രീതിയിൽ കൂടുതൽ ദിവസം അടച്ചുവെക്കുന്നതും ഗുണകരമല്ല.
Also Read: ഫാറ്റി ലിവറിനോട് ‘നോ’ പറയാം; കൂട്ടിന് ഇനി ബീറ്റ്റൂട്ട്
- അമിതമായി കഴുകുന്നത് ഒഴിവാക്കുക
പച്ചക്കറികൾ അമിതമായി കഴുകുന്നതും മണിക്കൂറുകളോളം വെള്ളത്തിൽ മുക്കിവെക്കുന്നതും വിറ്റാമിനുകൾ നഷ്ടപ്പെടാൻ കാരണമാകും. പച്ചക്കറികൾ മുറിക്കുന്നതിന് മുൻപ് കഴുകുന്നതാണ് ഉചിതം. മുറിച്ച ശേഷം കഴുകുന്നത് വെള്ളത്തിൽ ലയിക്കുന്ന പോഷകങ്ങൾ നഷ്ടപ്പെടുത്തും.
- തൊലി കളയുമ്പോൾ ശ്രദ്ധിക്കുക
പല പച്ചക്കറികളുടെയും തൊലിയിലാണ് വിറ്റാമിനുകളും ഫൈബറും (നാരുകൾ) ധാരാളമായി അടങ്ങിയിരിക്കുന്നത്. ആവശ്യമില്ലാതെ തൊലി കളയുന്നത് പോഷകനഷ്ടമുണ്ടാക്കും. കഴിയുന്നതും തൊലിയോട് കൂടി ഉപയോഗിക്കാൻ ശ്രമിക്കുകയോ, വളരെ നേർത്ത രീതിയിൽ മാത്രം തൊലി നീക്കം ചെയ്യുകയോ ചെയ്യുക.
- പാചകത്തിന് വെള്ളം കുറയ്ക്കാം
അമിതമായി വെള്ളം ഒഴിച്ച് പച്ചക്കറികൾ വേവിക്കുന്നത് ഒഴിവാക്കണം. ഇങ്ങനെ ചെയ്യുമ്പോൾ പോഷകങ്ങൾ വെള്ളത്തിലേക്ക് അലിഞ്ഞുചേരുകയും, ആ വെള്ളം ഊറ്റിക്കളയുന്നതോടെ പോഷകങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു. ആവിയിൽ വേവിക്കുന്നതാണ് ഏറ്റവും ഉചിതമായ രീതി.
- അമിതമായി വേവിക്കരുത്
ദീർഘനേരം ഉയർന്ന ചൂടിൽ പച്ചക്കറികൾ പാകം ചെയ്യുന്നത് വിറ്റാമിൻ-സി പോലുള്ള ഘടകങ്ങൾ നശിക്കാൻ കാരണമാകും. പച്ചക്കറികളുടെ നിറവും സ്വാഭാവിക ഗുണവും നഷ്ടപ്പെടാത്ത രീതിയിൽ പാകം ചെയ്യാൻ ശ്രദ്ധിക്കണം.
- ഉപയോഗിക്കാൻ വൈകരുത്
പച്ചക്കറികൾ അധികനാൾ ഫ്രിഡ്ജിലോ പുറത്തോ സൂക്ഷിക്കുന്നത് അവയുടെ ഫ്രഷ്നസ് കുറയ്ക്കും. പോഷകങ്ങൾ പൂർണ്ണമായും ലഭിക്കുന്നതിനായി പച്ചക്കറികൾ വാങ്ങി അധികം വൈകാതെ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
നമ്മുടെ ഭക്ഷണരീതിയിൽ വരുത്തുന്ന ഇത്തരം ചെറിയ മാറ്റങ്ങൾ പച്ചക്കറികളിലെ ഗുണങ്ങൾ പൂർണ്ണമായി ശരീരത്തിലെത്താൻ സഹായിക്കുമെന്ന് ഡയറ്റീഷ്യൻമാർ അഭിപ്രായപ്പെടുന്നു.






