കാതു നിറയെ കുത്തി ചെറിയ ഡയമണ്ട് കമ്മലുകളിടുന്നത് വലിയ ട്രെന്‍ഡാണ്. എന്നാല്‍ ഇത്തരത്തില്‍ കാതു നിറയെ കുത്തുന്നത് സുരക്ഷിതമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ചെവിയിലെ ഇയര്‍ലോബ് എന്നറിയപ്പെടുന്ന ഭാഗത്താണ് സാധാരണയായി കമ്മലിടാറുള്ളത്. അത് സുരക്ഷിതവുമാണ്. എന്നാല്‍ കാര്‍ട്ടിലേജ് (തരുണാസ്ഥി)ഭാഗത്ത് കാതുകുത്തി കമ്മലിടുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ഡോക്ടര്‍മാര്‍ നൽകുന്ന മുന്നറിയിപ്പ്. ഇപ്പോഴാണെങ്കില്‍ കാര്‍ട്ടിലേജില്‍ കാതുകുത്തുന്നതാണ് ജെന്‍ സീക്കാര്‍ക്കിടയില്‍ ട്രെന്‍ഡും.
കാര്‍ട്ടിലേജില്‍ കുത്തുന്നതുകൊണ്ടുള്ള അപകടം
കാര്‍ട്ടിലേജ് ഇയര്‍ലോബുകളെ അപേക്ഷിച്ച് കനമേറിയ ഭാഗമാണ്. തന്നെയുമല്ല നിരവധി ചെറുരക്തക്കുഴലുകള്‍ അടങ്ങിയ ഭാഗം കൂടിയാണ് കാര്‍ട്ടിലേജ്. അതിനാല്‍ തന്നെ അവിടെ കാതുകുത്തുന്നത് വേദനാജനകമാണ്. മാത്രമല്ല അതിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അണുബാധ ഉണ്ടായിക്കഴിഞ്ഞാല്‍ ആ മുറിവ് പെട്ടെന്ന് ഉണങ്ങില്ലെന്ന് മാത്രമല്ല ചെവി കോളിഫ്‌ളവര്‍ ഇയര്‍ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് വരെ പോയെന്നും വരാം.
നീര്‍ക്കെട്ടോ, രക്തം കട്ടപിടിക്കുകയോ മൂലം ചെവി ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് കോളിഫ്‌ളവര്‍ ഇയര്‍ എന്ന് പറയുന്നത്. ഇത് കാര്‍ട്ടിലേജിനെ പെരികോണ്‍ഡ്രിയത്തില്‍ നിന്നും വേര്‍തിരിക്കുകയും രക്തചംക്രമണം തടസപ്പെടുത്തുകയും ചെയ്യും. ഇതിന്റെ ഫലമായി ഈ ഭാഗം എല്ലാക്കാലത്തേക്കും നീര്‍ക്കെട്ടുള്ളതും ആകൃതി നഷ്ടപ്പെട്ടതുമായി മാറുന്നു. ഇത് കണ്ടാല്‍ ഒരു കോളിഫ്‌ളവർ പോലെ തോന്നിപ്പിക്കുന്നത് കൊണ്ടാണ് കോളിഫ്‌ളവർ ഇയര്‍ എന്ന് പറയുന്നത്.
Also Read : വന്യജീവി ലോകത്തെ ‘കോമഡി സ്റ്റാറുകൾ’..! ഫൈനലിസ്റ്റുകൾ വൈറൽ
കാര്‍ട്ടിലേജില്‍ കാതുകുത്തിയവര്‍ എന്തുചെയ്യും?
അണുബാധ വരാതെ നോക്കുക മാത്രമാണ് ഇതിനുള്ള പ്രതിവിധി. കാതുകുത്തിയ മുറിവ് ഒരു തരത്തിലും ഉണങ്ങുന്നില്ലെങ്കില്‍ കമ്മല്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. അതുപോലെ കൈ സാനിറ്റൈസ് ചെയ്തതിന് ശേഷം മാത്രം ആ മുറിവുകൾ വൃത്തിയാക്കുകയും സ്പര്‍ശിക്കുകയും ചെയ്യുക.






