കൊച്ചി: ട്രെയിൻ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും ബുക്കിംഗ് പ്രക്രിയയിലെ സുതാര്യത വർധിപ്പിക്കുന്നതിനുമായി പുതിയ സുരക്ഷാ സംവിധാനം നടപ്പിലാക്കി ഇന്ത്യൻ റെയിൽവേ. തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ഇനി മുതൽ യാത്രക്കാരുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (OTP) വെരിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ട് റെയിൽവേ ബോർഡ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ ഈ പുതിയ സുരക്ഷാ സംവിധാനം പ്രാബല്യത്തിൽ വന്നു. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ നൽകുന്ന മൊബൈൽ നമ്പറിലേക്ക് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഒടിപി അയയ്ക്കുന്ന രീതിയാണ് പുതിയ മാറ്റം. ഈ ഒടിപി വെരിഫൈ ചെയ്താൽ മാത്രമേ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂവെന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.
ഐആർസിടിസി (IRCTC) വെബ്സൈറ്റ്, മൊബൈൽ ആപ്പ്, റെയിൽവേ കൗണ്ടറുകൾ എന്നിവ ഉൾപ്പെടെ എല്ലാ ബുക്കിംഗ് ചാനലുകൾക്കും ഈ പുതിയ സംവിധാനം ബാധകമാകും. ഇതിലൂടെ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കുന്നതും മറ്റും തടയാനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ഒടിപി അടിസ്ഥാനമാക്കിയുള്ള ഈ തത്കാൽ ഓതൻ്റിക്കേഷൻ സംവിധാനം ആദ്യ ഘട്ടത്തിൽ പരീക്ഷിക്കുന്നത് മുംബൈ സെൻട്രൽ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസ്സിലാണ് (ട്രെയിൻ നമ്പർ 12009/12010). ഇവിടെ വിജയകരമായി നടപ്പിലാക്കിയ ശേഷം ഇത് ഇന്ത്യൻ റെയിൽവേ ശൃംഖലയിലെ മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും. തത്കാൽ ടിക്കറ്റ് ബുക്കിംഗിലെ അപാകതകൾ പരിഹരിക്കുന്നതിൽ ഈ നടപടി നിർണായകമാകും.






