എസ് എഫ് ഐ നേതാക്കളെ തുറങ്കിലടച്ച് ജയിക്കാൻ നോക്കുന്നുവോ ? വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് വിവാദത്തിൽ !

സംസ്ഥാനത്തെ വിവിധ ക്യാപസുകളിലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് SFI നേതാക്കളുടെ അറസ്റ്റ് ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. സെക്രട്ടറിയറ്റ് മാർച്ചിലെ കേസുകളിൽ പൊലീസ് നടപടി ശക്തമാക്കിയത് സംഘടനാ പ്രവർത്തനം തടയാനെന്നാണ് SFI ആരോപിച്ചിരിക്കുന്നത്. ഇതോടെ വിദ്യാർത്ഥി യൂണിയനിലെ പോരാട്ടവും കടുക്കുകയാണ്. യു ഡി എഫ് സർക്കാർ അധികാരമേറ്റ ഉടനെ നടക്കുന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ആയതിനാൽ സംസ്ഥാന രാഷ്ട്രീയത്തിനും ഈ കാമ്പസ് വിധി നിർണായകമായിരിക്കും

എസ് എഫ് ഐ നേതാക്കളെ തുറങ്കിലടച്ച് ജയിക്കാൻ നോക്കുന്നുവോ ? വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് വിവാദത്തിൽ !
എസ് എഫ് ഐ നേതാക്കളെ തുറങ്കിലടച്ച് ജയിക്കാൻ നോക്കുന്നുവോ ? വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് വിവാദത്തിൽ !

വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ എസ്‌എഫ്‌ഐ നേതാക്കളെ ചെന്നിത്തലയുടെ പൊലീസ് ജയിലിലടയ്‌ക്കുകയാണ് എന്ന ഗുരുതര ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത് എസ്‌എഫ്‌ഐ നേതൃത്വമാണ്. സെപ്‌തംബർ രണ്ടിന്‌ സെക്രട്ടറിയറ്റിലേക്ക്‌ നടത്തിയ വിദ്യാർത്ഥി മാർച്ചുമായി ബന്ധപ്പെട്ട്, വധശ്രമം ഉൾപ്പെടെയാണ് എസ് എഫ് ഐ നേതാക്കൾക്കും പ്രവർത്തകർക്കും നേരെ പൊലീസ് മാർച്ച് ചെയ്തിരിക്കുന്നത്. ഈ സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് വിലങ്ങ് വച്ച് കൊണ്ടു പോകുന്ന ദൃശ്യവും ഇതിനകം തന്നെ പുറത്തു വന്നു കഴിഞ്ഞു. ഈ മാർച്ചിൽ പങ്കെടുത്ത എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ തിരുവനന്തപുരം പൊലീസ് അറസ്റ്റ് ചെയ്തത് കണ്ണൂരിൽ എത്തിയാണ്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതികൂടിയാണ് ജോയൽ.

കണ്ണൂർ കൃഷ്ണമേനോൻ സ്മാരക കോളജിൽ നിന്നാണ് ജോയൽ തോമസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കോളജിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ജോയൽ തോമസ്. ഒരു സംഘം പൊലീസുകാർ വളഞ്ഞിട്ടാണ് ഈ വിദ്യാർത്ഥി നേതാവിനെ, ഒരു തീവ്രവാദിയെ പിടികൂടുന്ന പോലെ പൊക്കിയിരിക്കുന്നത്. സെക്രട്ടറിയറ്റ് മാർച്ച് നടത്തി അതിനുശേഷം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, അതിനുശേഷം വീണ്ടും ഉപരോധം സംഘടിപ്പിച്ചു എന്നിങ്ങനെ മൂന്ന് കേസുകളാണ് സംഭവവുമായി ബന്ധ​​​പ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ സംഭവത്തിൽ എസ് എഫ് ഐ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പ്രതികളാണ്. ഇവരെ പിടികൂടാനും പൊലീസ് ഇപ്പോൾ പരക്കം പായുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.

പൊലീസിൻ്റെ ഈ നടപടിയെ അത്ര നിഷ്കളങ്കമായി എന്തായാലും കാണാൻ സാധിക്കുകയില്ല. എത്രയോ വിദ്യാർത്ഥി സമരങ്ങൾ അക്രമാസക്തമായതിന് ഈ കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിന് അതിൻ്റേതായ കാരണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ പൊലീസ് ഇപ്പോൾ നടത്തുന്ന വേട്ടയാടൽ, പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ താല്പര്യം സംരക്ഷിക്കാനാണോ എന്ന ചോദ്യമാണ് ഉയരുന്നത്.ഇത്തരം ഒരു ചോദ്യം ഉയരാൻ കാരണം, സ്‌കൂൾ, കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ തന്നെ, പൊലീസ് നടപടിയും വേഗതയിലായതു കൊണ്ടാണ്.

സെപ്തംബർ 17ന്‌ സ്‌കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പും, 18ന്‌ വിവിധ സർവകലാശാലകളിലെ കോളേജ്‌ യൂണിയൻ, പോളിടെക്‌നിക് തെരഞ്ഞെടുപ്പുകളുമാണ് നടക്കാനിരിക്കുന്നത്. യുഡിഎഫ് ഭരണം പിടിച്ച ശേഷം നടക്കുന്ന വിദ്യാർത്ഥി യൂണിയനിലേക്കുള്ള ഈ സുപ്രധാന തിരഞ്ഞെടുപ്പിൽ, വലിയ പരാജയം , ഭരണപക്ഷ സംഘടനകളായ കെഎസ് യു വിനും, എംഎസ്എഫിനും സംഭവിച്ചാൽ, അത് രാഷ്ടിയമായി വിഡി സർക്കാറിനുള്ള പ്രഹരമായാണ് ചിത്രീകരിക്കപ്പെടുക. ഈ അവസ്ഥ ഒഴിവാക്കാൻ, എസ് എഫ് ഐയുടെ സംഘടനാ വർക്ക് തടസ്സപ്പെടുത്തുക എന്നതാണ്, ഭരണപക്ഷം ലക്ഷ്യമിടുന്നത് എന്നത് , ന്യായമായും സംശയിക്കാവുന്ന ഒരു ആരോപണം തന്നെയാണ്. നയിക്കാൻ എസ്എഫ്ഐ നേതാക്കൾ ഇല്ലങ്കിൽ, സംഘടനാ പ്രവർത്തനം താളം തെറ്റുമെന്നും, അത് മുതലെടുത്ത് നില മെച്ചപ്പെടുത്താം എന്നുമാണ് ഭരണപക്ഷ വിദ്യാർത്ഥി സംഘടനകൾ കണക്ക് കൂടുന്നത്.

എന്നാൽ, ആ കണക്ക് കൂട്ടൽ ശരിയാവാനുള്ള ഒരു സാധ്യതയും നിലവിലില്ല. നേതാക്കൾ കളത്തിൽ ഇല്ലങ്കിൽ പോലും എസ് എഫ് ഐക്ക് വിജയിക്കാൻ സാധിക്കും. അതാണ് ആ സംഘടനയുടെ സെറ്റപ്പ്.

എസ്എഫ്ഐ ലീഡർഷിപ്പ് ഒന്നടങ്കം അഴിക്കുള്ളിൽ ആയാലും, ആ വിദ്യാർത്ഥി സംഘടനയെ തോൽപ്പിക്കാനുളള കരുത്തൊന്നും, കെ.എസ് യു , എം എസ് എഫ് സഖ്യത്തിന് എന്നല്ല , മറ്റെല്ലാ വിദ്യാർത്ഥി സംഘടനകളും ഒരുമിച്ച് എതിർത്താൽ പോലും ആ സംവിധാനത്തിനും ഇനിയൊട്ട് ഉണ്ടാവാനും പോകുന്നില്ല. അത്രയ്ക്കും കരുത്ത്, കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന് ഇടയിൽ എസ് എഫ് ഐ ക്കുണ്ട്. 10 വർഷം തുടർച്ചയായി ഇടതുപക്ഷം ഭരിച്ചിട്ട് പോലും, ചോരാത്ത കരുത്തും, സമര വീര്യവുമാണത്.

കേരളത്തിലെ ബഹുഭൂരിപക്ഷം കാമ്പസുകളും ഇപ്പോഴും ഭരിക്കുന്നത് എസ് എഫ് ഐയാണ്. അതിൽ സ്‌കൂൾ മുതൽ കോളജ് കാമ്പസുകളും, സർവ്വകലാശാലാ യൂണിയനുകളും വരെ വരും. കാലിക്കറ്റ് സർവ്വകലാശാല ഒഴികെ, മറ്റെല്ലാ സർവ്വകലാ ശാല യൂണിയനുകളും, ഇൻ്റർപോളി, ഐ ടി ഐയൂണിയനുകളിലും എസ് എഫ് ഐ തന്നെയാണ് നിലവിൽ ഭരിക്കുന്നത്. ഈ വിജയങ്ങൾ എല്ലാം എസ് എഫ് ഐ ഒറ്റയ്ക്ക് നേടുന്നതാണ് എന്നതും എടുത്ത് പറയേണ്ട പ്രത്യേകതയാണ്. പല ക്യാമ്പസുകളിലും എസ് എഫ് ഐ ഒരു ഭാഗത്തും, എസ് എഫ് ഐ വിരുദ്ധർ മറു ഭാഗത്തും എന്ന നിലയിലാണ് മത്സരം നടക്കാറുള്ളത്. എന്നിട്ട് പോലും എസ് എഫ് ഐയെ തോൽപ്പിക്കാൻ ഈ കൂട്ടായ്മക്ക് കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

എം എസ് എഫ് – കെ എസ് യു സഖ്യമില്ലാതെ, ഒറ്റയക്ക് മത്സരിക്കാൻ ഈ ഭരണപക്ഷ സംഘടനകൾക്ക് ധൈര്യമുണ്ടോ എന്ന ചോദ്യത്തിൻ്റെ പ്രസക്തി വർദ്ധിക്കുന്നതും ഇവിടെയാണ്. അങ്ങനെ ഒരു മത്സരം സംഭവിച്ചാൽ, ഭരണപക്ഷസംഘടനകളുടെ പൊടി പോലും പിന്നെ കാണുകയില്ല.

കാലിക്കറ്റ് സർവ്വകലാശാലാ യൂണിയനിൽ എം എസ് എഫ് , കെ എസ് യു സഖ്യം വിജയിച്ചത് തന്നെ, അശാസ്ത്രീയമായ രീതിയിലുള്ള തിരഞ്ഞെടുപ്പ് അവിടെ നടക്കുന്നതു കൊണ്ട് കൂടിയാണ്. അറബിക് കോളജുകളിൽ നിന്നുൾപ്പെടെയുള്ള മാനേജ്മെൻ്റുകളിലെ യുയുസിമാരുടെ വോട്ട് നേടാൻ, മുസ്ലീംലീഗ് നേതൃത്വവും ചില മത സംഘടനകളും എം എസ് എഫിനെ സഹായിക്കുന്നുണ്ട് എന്ന ആക്ഷേപം, വളരെ മുൻപ് തന്നെ ഉയർന്നു കേൾക്കുന്നതാണ്. എന്നിട്ട് പോലും, കഷ്ടിച്ചാണ് കഴിഞ്ഞ തവണ എം എസ് എഫ് – കെ എസ് യു സഖ്യത്തിന് ഭരണം ലഭിച്ചിട്ടുള്ളത്. ഇത്തവണ കൈവശമുള്ള ഏക സർവ്വകലാശാലാ യൂണിയനും നഷ്‌ടപ്പെടുമോ എന്ന ആശങ്ക, ഭരണപക്ഷ സംഘടനകൾക്കുണ്ട്. ഈ ആശങ്കയും ഇപ്പോൾ നടക്കുന്ന എസ് എഫ് ഐക്ക് എതിരായ പൊലീസ് നടപടിക്ക് പിന്നിലുണ്ടോ എന്നതും, ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്.

സെപ്‌തംബർ രണ്ടിന്‌ സെക്രട്ടറിയറ്റിലേക്ക്‌ നടന്ന മാർച്ചിലാണ്‌ പൊലീസ്‌ എസ്‌എഫ്‌ഐ നേതാക്കളെ ജയിലിലടയ്‌ക്കുന്നത്‌. ഇവിടെ നിന്നു തന്നെയാണ് വേട്ടയും ആരംഭിക്കുന്നത്. സംഘപരിവാർ താൽപ്പര്യത്തിന്‌ വഴങ്ങി കേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിൽ, വനിതാ നേതാക്കളെയടക്കം പൊലീസ്‌ ക്രൂരമായി മർദിച്ചിരുന്നു. ഇതാണ് എസ് എഫ് ഐ യെ സെക്രട്ടറിയേറ്റ് മാർച്ചിന് പ്രേരിപ്പിച്ചിരുന്നത്. പൊലീസ് ആക്രമണത്തിൽ മുഖത്ത് പരിക്കേറ്റ് ചോരയൊലിപ്പിച്ച് നിൽക്കുന്ന ഒരു എസ് എഫ് ഐ പ്രവർത്തകയുടെ ചിത്രമാണ്, ഇപ്പോൾ ക്യാംപസ് തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ സംസ്ഥാന വ്യാപകമായി ഉയർത്തിക്കാട്ടുന്നത്. ഇതോടൊപ്പം പൊലീസ് ലാത്തിചാർജിൻ്റെ വിവിധ ദൃശ്യങ്ങളും വ്യാപകമായി വിദ്യാർത്ഥികൾക്കിടയിൽ പ്രചരിക്കപ്പെടുന്നുണ്ട്. ഇതെല്ലാം തന്നെ ഭരണപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ഉറക്കം കെടുത്തുന്ന നീക്കങ്ങളാണ് എന്നതും പറയാതിരിക്കാൻ കഴിയുകയില്ല.

എസ് എഫ് ഐ വിദ്യാർഥികളെ അറസ്റ്റ്‌ ചെയ്യാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ, എസ് എഫ് ഐ നേതാക്കൾ സുകുമാരകുറുപ്പുമാരോ, തീവ്രവാദികളോ ഒന്നുമല്ലല്ലോ ? കൊലക്കേസ് പ്രതികൾക്കും , ഗുണ്ടകൾക്കും എതിരെപോലും കൈവിലങ്ങ് ഇടാത്തവരാണ് വിദ്യാർത്ഥി നേതാക്കളെ തേടിപിടിച്ച് കൈവിലങ്ങിട്ട് മനോവീര്യം കെടുത്താനും, അപമാനിക്കാനും ശ്രമിക്കുന്നത്. ഇതൊന്നും തന്നെ, ഭരണപക്ഷം ഉദ്ദേശിച്ച റിസൾട്ട് അവർക്ക് ലഭിക്കാൻ കാരണമാവുകയില്ല.

വർദ്ധിച്ച വീര്യത്തോടെ തെരുവിൽ ഇനിയും നിങ്ങൾക്ക് എസ് എഫ് ഐ എന്ന സംഘടനയെ കാണാൻ കഴിയും. അതായത്, വിഡി സതീശൻ സർക്കാറിന് ഉറക്കമില്ലാത്ത രാത്രികളാണ് ഇനി വരാൻ പോകുന്നത്. അതിന് എസ് എഫ് ഐക്ക് നൽകുന്ന ഊർജജമായി , ഈ വരുന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പും മാറുമെന്ന് തന്നയാണ് കരുതുന്നത്. കേരള സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ, നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ, 76 കോളേജിൽ 41 ഇടത്തും എസ്‌എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് തന്നെ, ഇതിൻ്റെ വ്യക്തമായ സൂചനയാണ്.

EXPRESS VIEW

വീഡിയോ കാണാം…

Share Email
Top