“HISTORY IS WRITTEN WITH BLOOD , SWEAT, AND TEARS”…
ഓരോ ചരിത്രവും രചിക്കപ്പെട്ടിരിക്കുന്നത് രക്തവും വിയർപ്പും കണ്ണീരും കൊണ്ടാണ്...
നൂറ്റാണ്ടുകളുടെ ചരിത്രവും നിഗൂഢതകളും പേറുന്ന ഒരു മഹാത്ഭുതമാണ് ചൈനയുടെ വൻമതിൽ. വെറുമൊരു കൽക്കെട്ട് എന്നതിലുപരി, ഒരു ജനതയുടെ സ്വപ്‌നങ്ങളെയും ഭയങ്ങളെയും അടയാളപ്പെടുത്തുന്ന ഒരു ഭീമാകാരമായ ഇതിഹാസമാണത്. കാലം മായ്ക്കാത്ത എത്രയെത്ര കഥകളാണ് അതിൻ്റെ ഓരോ കല്ലിലും ഒളിഞ്ഞുകിടക്കുന്നത്… കല്ലുകൾക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, കാലത്തിൻ്റെ കുത്തൊഴുക്കിൽ സാമ്രാജ്യങ്ങളുടെ ഉദയാസ്തമയങ്ങൾക്ക് മൂഖസാക്ഷികളായി നിലകൊണ്ട ആ കല്ലുകൾക്ക് അവയുടെ ഓർമ്മകൾ പങ്കുവെക്കാൻ സാധിച്ചേനെ. യുദ്ധങ്ങളുടെയും വിജയങ്ങളുടെയും ചോരയുടെയും കഥ പറയുന്ന ഈ നിർമിതിയുടെ പിന്നാമ്പുറ രഹസ്യങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. ആത്മീയതയുടെയും ചരിത്രത്തിൻ്റെയും രഥത്തിലേറി നമുക്ക് ആ പ്രാചീനകാലത്തേക്ക് ഒരു യാത്ര പോകാം…
യുദ്ധങ്ങളുടെയും വിയർപ്പിന്റെയും കഥ
വൻമതിലിലെ ഓരോ കല്ലും ഓരോ ചുടുകട്ടയും ഒരു സഹസ്രാബ്ദത്തിൻ്റെ കഥയാണ് നമ്മോട് മന്ത്രിക്കുന്നത്. അവിടെ മുഴങ്ങിക്കേൾക്കുന്നത് വാളുകൾ കൂട്ടിയിടിക്കുന്നതിൻ്റെ കിണിനാദവും അമ്പുകൾ പാഞ്ഞു പോകുന്നതിൻ്റെ ചൂളംവിളിയുമാണ്. ഈ മഹാമതിലിൻ്റെ നിർമ്മാണത്തിനായി ജീവിതം ഹോമിച്ച ലക്ഷക്കണക്കിന് തൊഴിലാളികളുടെ ദുരിത കഥകൾ പകുതിയും ദ്രവിച്ചു പോയെങ്കിലും ഇന്നും ഏറെ ആഢ്യത്വത്തോടെ തലയുയർത്തി നിൽക്കുന്ന ആ വന്മതിലിന് പറയാനുണ്ടാകും. ലക്ഷക്കണക്കിന് മനുഷ്യരുടെ വിയർപ്പിൻ്റെ ഉപ്പുരസവും കണ്ണീരിൻ്റെ നനവും അവസാന നിശ്വാസങ്ങളുടെ നേർത്ത ചൂടും ആ ചുടുകട്ടകൾ ഇന്നും പേറുന്നുണ്ടാവാം…
ചൈനയുടെ വൻമതിലിനെ പലരും ഒരു മതിൽകെട്ടായി മാത്രമാണ് കാണുന്നത്. എന്നാൽ അത് ഒരു ജനതയുടെ മുഴുവൻ അഭിലാഷങ്ങളും ഭയങ്ങളും ഉൾക്കൊള്ളുന്ന ഒന്നാണ്. ഇതൊരു മതിലിൻ്റെ കഥ മാത്രല്ല മലനിരകളുടെ നട്ടെല്ലിലൂടെ ഒരു ഭീമാകാരനായ കൽ സർപ്പം ഇഴഞ്ഞുപോകുന്നതിൻ്റെ കാഴ്ചയുമല്ല, ഇത് മനുഷ്യൻ്റെ സ്വപ്നങ്ങളുടെയും ഭയങ്ങളുടെയും കൂടി കഥയാണ്…
വൻമതിലിൻ്റെ ആസൂത്രണ രഹസ്യങ്ങൾ: ഭയത്തിൽ പിറന്ന മഹാശില്പം

വാസ്തവത്തിൽ ചൈനീസ് വൻമതിൽ പണി കഴിപ്പിച്ചത് കേവലം ഒരു പ്രതിരോധ മാർഗ്ഗമെന്ന നിലയിൽ മാത്രമായിരുന്നില്ല; അത് ചൈനീസ് സാമ്രാജ്യത്തിൻ്റെ രാഷ്ട്രീയവും സൈനികവുമായ ഭയത്തിൽനിന്ന് പിറന്ന ആശയമായിരുന്നു.
ബാഹ്യലോകത്തുനിന്നുള്ള ഭീഷണികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്നതിലുപരി വലിയ ലക്ഷ്യങ്ങൾ ഇതിനുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഒരു ജനതയെ പുറംലോകത്തു നിന്ന് അടച്ചിടാനും അതേസമയം ആ ജനതയുടെ സംസ്കാരത്തെയും അസ്തിത്വത്തെയും നിർവചിക്കാനും ഒരുപോലെ ശ്രമിച്ച ഒരു മഹാ പ്രയത്നത്തിൻ്റെ കഥ ഇതിനുണ്ട്.
Also Read: യൂസഫലി അല്ല..! വെറും ‘2 ‘ രൂപയുടെ ഉൽപ്പന്നം കൊണ്ട് 17,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത മലയാളി!
വടക്കൻ ഗോത്രവർഗ്ഗക്കാരായ ഷിയോൻഗ്നുവിൻ്റെ (Xiongnu) നിരന്തരമായ ആക്രമണങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. ചിൻ രാജവംശത്തിലെ ആദ്യ ചക്രവർത്തിയായ ചിൻ ഷി ഹുവാങ്ങിൻ്റെ (Qin Shi Huang) കാലത്താണ് ഇതിൻ്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ സംയോജിപ്പിക്കാൻ തുടങ്ങിയത്. പുറംലോകത്തുനിന്നുള്ള ശത്രുക്കളെ അകറ്റി നിർത്തി സാമ്രാജ്യത്തിനുള്ളിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കുക എന്നതായിരുന്നു ഭരണകൂടത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യം.
ഈ വൻമതിലിനെക്കുറിച്ച് നിലനിന്നിരുന്ന ഒരു വലിയ വിശ്വാസമുണ്ടായിരുന്നു, ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാവുന്ന ഭൂമിയിലെ ഒരേയൊരു മനുഷ്യനിർമ്മിതി എന്നൊരു വിശ്വാസം, വാമൊഴിയായി പ്രചരിച്ചു വന്നതാവാം എങ്കിലും പലരും ഇന്നുമത് വിശ്വസിക്കുന്നു എന്നതാണ് വസ്തുത.
Also Read: എണ്ണാൻ എടുത്തത് 18 മണിക്കൂർ ! കിട്ടിയത് കണ്ട് കണ്ണ് തള്ളി ഉദ്യോഗസ്ഥർ, അന്ന് നടന്നത്…
അടിത്തറയിൽ ഉറങ്ങുന്ന അസ്ഥികൂടങ്ങൾ: തൊഴിലാളികളുടെ കണ്ണീരും ദുരിതവും
ചൈനീസ് വൻമതിലിൻ്റെ അടിത്തറയിൽ കല്ലുകൾ മാത്രമല്ല, മനുഷ്യജീവിതങ്ങൾ കൂടി ഉറങ്ങുന്നുണ്ടെന്ന സത്യം ഞെട്ടിപ്പിക്കുന്നതാണ്. ഈ നിർമ്മിതിയുടെ പിന്നിലെ മനുഷ്യൻ്റെ ദുരിതമയമായ കഥകൾ അതീവ വേദനാജനകമാണ്. ഇതിൻ്റെ അടിത്തറയിൽ ഉറങ്ങുന്നത് കല്ലുകൾ മാത്രമാണോ അതോ എണ്ണമറ്റ മനുഷ്യരുടെ അസ്ഥിക്കൂടങ്ങൾ കൂടിയാണോ എന്ന ചോദ്യം ഇന്നും പ്രസക്തമാണ്.
ഈ മഹാമതിൽ സാധാരണക്കാരുടെ ജീവിതത്തെ ദുരിതത്തിൻ്റെ ആഴങ്ങളിലേക്ക് തള്ളിവിട്ടു. നിർബന്ധിത സൈനിക സേവനത്തിൻ്റെ ഭാഗമായി അടിമകളും കർഷകരും കുറ്റവാളികളുമുൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് മതിൽ പണിയാനായി നിയോഗിക്കപ്പെട്ടത്. തണുത്തുറഞ്ഞ മലനിരകളിലൂടെ കല്ലുകളും ചുടുകട്ടകളും തലച്ചുമടായി കിലോമീറ്ററുകളോളം എത്തിച്ചു.

പട്ടിണി, കൊടും തണുപ്പ്, അസുഖങ്ങൾ, അമിതാധ്വാനം, പീഡനം എന്നിവ കാരണം ധാരാളം തൊഴിലാളികൾ മരണപ്പെട്ടു. വൻമതിലിൻ്റെ ഓരോ കല്ലിനടിയിലും ഒരു മനുഷ്യൻ്റെ അസ്ഥികൂടമുണ്ടെന്ന് പറയപ്പെടാൻ കാരണം ഇതായിരുന്നു. അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഈ സാധരണക്കാരുടെ വിയർപ്പും രക്തവുമാണ് ഈ ഇതിഹാസ നിർമ്മിതിയുടെ അടിത്തറയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ആ ഘടനയിൽ നിന്ന് ഇതുവരെ അസ്ഥികൾ കണ്ടെത്തിയിട്ടില്ല… നിർമ്മാണ വേളയിൽ ലക്ഷക്കണക്കിന് തൊഴിലാളികൾ മരിച്ചുവെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അവരുടെ മൃതദേഹങ്ങൾ മതിലിനുള്ളിൽ സംസ്കരിച്ചില്ല എന്നും റിപ്പോർട്ടുകൾ പറയുന്നത്, കാരണം അത് ഘടനയെ ദുർബലപ്പെടുത്തുകയും മരിച്ചവരെക്കുറിച്ചുള്ള സാംസ്കാരിക വിശ്വാസങ്ങൾക്ക് വിരുദ്ധമാകുകയും ചെയ്യുമായിരുന്നു. മൃതദേഹങ്ങൾ മതിലിനു ചുറ്റും കുഴിച്ചിട്ടിരിക്കാനോ അല്ലെങ്കിൽ സാധാരണയായി, ഈ ആശയം പദ്ധതിയുടെ മനുഷ്യച്ചെലവിന്റെ പ്രതീകമായി മാറിയിരിക്കാനോ സാധ്യതയുണ്ട്.
Also Read: ബോംബെ അധോലോകത്തിലെ ‘ജെന്റിൽമാൻ ഡോൺ’..! ഹാജി മസ്താൻ എന്ന സാക്ഷാൽ ‘സുൽത്താൻ മിർസ’
സൈനികപരമായ പരാജയങ്ങൾ ഉണ്ടായിട്ടും ഈ മതിൽ കാലത്തെ അതിജീവിച്ച് ഒരു ജനതയുടെ ശക്തമായ പ്രതീകമായി പുനർജനിച്ചു. എന്നാൽ മറ്റൊരു കാര്യത്തിൽ അത് ചരിത്രത്തിലെ മറ്റേതൊരു നിർമ്മിതിയെക്കാളും വിജയിച്ചു എന്നതാണ് വസ്തുത. ഒരുപക്ഷെ കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ആ വൻമതിലിൽ നമ്മൾ കണ്ണടച്ചു നിന്നാൽ കേൾക്കുന്നത് കാറ്റിൻ്റെ ശബ്ദം മാത്രമായിരിക്കില്ല, നൂറ്റാണ്ടുകളുടെ കഥകൾ മന്ത്രിക്കുന്ന ആത്മാക്കളുടെ നേർത്ത ശബ്ദം കൂടിയാവാം…






