തിയറ്ററിൽ നിന്ന് ഭക്ഷണവും പാനീയങ്ങളും വാങ്ങാൻ കഴിയാത്തവർ വീട്ടിൽനിന്ന് കൊണ്ടുവരുന്ന കുടിവെള്ളവും ലഘുഭക്ഷണവും തടയുന്നത് മനുഷ്യാവകാശ ലംഘനമാകുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മൾട്ടിപ്ലക്സ് തിയറ്ററുകളോട് അനുബന്ധിച്ചുള്ള കഫേകളിൽനിന്ന് മാത്രം ഭക്ഷണവും പാനീയങ്ങളും വാങ്ങണമെന്ന രീതിയിൽ പ്രേക്ഷകരെ നിയന്ത്രിക്കുന്നതിനെതിരെ വിശദമായ പരിശോധന നടത്തണമെന്നും കമ്മിഷൻ നിർദേശിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളുള്ളവരുടെയും അവകാശങ്ങൾ കൂടി കണക്കിലെടുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
വീട്ടിൽനിന്ന് കൊണ്ടുവരുന്ന കുടിവെള്ളവും ലഘുഭക്ഷണവും ഏകപക്ഷീയമായി തടയുന്നത് വാണിജ്യ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന നടപടിയാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇത്തരം നിയന്ത്രണങ്ങൾ സാധാരണക്കാരുടെ സിനിമ ആസ്വദിക്കാനുള്ള അവകാശത്തെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതിനാൽ ബന്ധപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ വിഷയം ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പരിശോധിക്കണം.
ALSO READ:പണം ഒഴുക്കിയിട്ടും വളർച്ചയില്ല..! 2,700 കോടിയുടെ ‘ഷുഗർ’ 600 കോടിയിലേക്ക് വീണത് എങ്ങനെ?
മനുഷ്യാവകാശ പ്രശ്നങ്ങൾ മുൻനിർത്തി ഏർപ്പെടുത്തിയ വിലക്കുകൾ നിയമപ്രകാരം നിലനിൽക്കുന്നതല്ലെങ്കിൽ അവ അവസാനിപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി. ബന്ധപ്പെട്ട തിയറ്ററുകൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കേണ്ടത് ഭക്ഷ്യസുരക്ഷാ കമ്മിഷണറും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുമാണ്. സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഇരുവരും മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു.
ഒക്ടോബറിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തിയറ്ററുകളിലെ ഭക്ഷണ-പാനീയ നിയന്ത്രണങ്ങൾ സംബന്ധിച്ച് സാധാരണ പ്രേക്ഷകരുടെ അവകാശങ്ങളും നിയമപരമായ വ്യവസ്ഥകളും പരിശോധിക്കേണ്ടതിന്റെ ആവശ്യകതയാണ് കമ്മിഷന്റെ ഇടപെടലിലൂടെ വീണ്ടും ഉയരുന്നത്.






