ആരോഗ്യസംരക്ഷണത്തിനും പ്രതിരോധശേഷി വർധിപ്പിക്കാനുമായി മലയാളികൾക്കിടയിൽ ഹെർബൽ ടീകളുടെ ഉപയോഗം വർധിച്ചുവരികയാണ്. എന്നാൽ ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെ വിപണിയിലെത്തുന്ന പല പാനീയങ്ങളും ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡിറ്റോക്സ് പാനീയങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന പല ഉൽപ്പന്നങ്ങളും കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കാം.
ശരീരഭാരം കുറയ്ക്കാനായി പലരും ആശ്രയിക്കുന്ന ‘സെന്ന ടീ’ ഇതിലൊന്നാണ്. സെന്നയിലുള്ള സെന്നോസൈഡ് എന്ന ഘടകം മലവിസർജനം വേഗത്തിലാക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് ദീർഘകാലം ഉപയോഗിക്കുന്നത് കുടലിന്റെ സ്വാഭാവിക പ്രവർത്തനത്തെ തകരാറിലാക്കുകയും ഹൃദയമിടിപ്പിൽ വ്യതിയാനം വരുത്തുകയും ചെയ്യും. അതുപോലെതന്നെ അപകടകാരിയാണ് സിംഫൈറ്റം ഒഫീഷ്യനാലെ എന്ന സസ്യത്തിൽ നിന്നുണ്ടാക്കുന്ന ‘കോംഫ്രേ ടീ’. ഇതിലെ പിറോളിസിഡിൻ എന്ന രാസവസ്തു കരളിനെ ഗുരുതരമായി ബാധിക്കാനും കാൻസർ പോലുള്ള രോഗങ്ങൾക്കും കാരണമായേക്കാം.
Also Read: മനുഷ്യരുമായുള്ള ചങ്ങാത്തം നായ്ക്കളുടെ തലച്ചോറ് 46 ശതമാനം കുറച്ചു; പുതിയ പഠനം പുറത്ത്!
ആരോഗ്യത്തിന് നല്ലതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഗ്രീൻ ടീയുടെ കാര്യത്തിലും ജാഗ്രത വേണം. ഹൈ ഡോസ് ഗ്രീൻ ടീ എക്സ്ട്രാക്റ്റുകൾ അമിതമായി ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തം, കരൾവീക്കം എന്നിവയ്ക്ക് കാരണമാകാറുണ്ട്. ഒഴിഞ്ഞ വയറ്റിൽ ഇത്തരം എക്സ്ട്രാക്റ്റുകൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.
നമ്മുടെ അടുക്കളകളിൽ ഉപയോഗിക്കുന്ന കടുകെണ്ണയുടെ കാര്യത്തിലും ചില മുൻകരുതലുകൾ അത്യാവശ്യമാണ്. ഇതിലടങ്ങിയിരിക്കുന്ന എറൂസിക് ആസിഡ് ഹൃദയപേശികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. അതിനാൽ ശുദ്ധീകരിച്ച കടുകെണ്ണ മാത്രമേ പാചകത്തിനായി ഉപയോഗിക്കാവൂ. ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ കരളിനും വൃക്കകൾക്കും സ്വയം സാധിക്കുമെന്നിരിക്കെ, വ്യാജമായ അവകാശവാദങ്ങളുമായി എത്തുന്ന ഡിറ്റോക്സ് പാനീയങ്ങളിൽ വഞ്ചിതരാകരുതെന്നും ഏതൊരു ഹെൽത്ത് ഡ്രിങ്ക് ഉപയോഗിക്കുന്നതിന് മുൻപും വിദഗ്ധോപദേശം തേടണമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.






