സ്തനാർബുദം അഥവാ ബ്രെസ്റ്റ് ക്യാൻസർ എന്നത് സ്തനത്തിലെ അസാധാരണ കോശങ്ങൾ നിയന്ത്രണാതീതമായി വളർന്ന് ട്യൂമറായി മാറുന്ന ഒരു രോഗാവസ്ഥയാണ്. കൃത്യമായ സ്വയം പരിശോധനകളും മാമോഗ്രാം പോലുള്ള വൈദ്യപരിശോധനകളും വഴി രോഗം നേരത്തെ കണ്ടെത്തുന്നത് അതിജീവന നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. സ്തനത്തിലെ ഒരു ചെറിയ മുഴയിൽ നിന്നാണ് ഇതിന്റെ തുടക്കം. ഈ മുഴകൾക്ക് വലുപ്പം കൂടുന്തോറും അവ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും, പ്രത്യേകിച്ച് ശ്വാസകോശം, കരൾ, മസ്തിഷ്കം, അസ്ഥികൾ തുടങ്ങിയ അവയവങ്ങളിലേക്കും പടരാൻ സാധ്യതയുണ്ട്.
പൊണ്ണത്തടി, വ്യായാമക്കുറവ്, പാരമ്പര്യ ഘടകങ്ങൾ, മദ്യപാനം, പുകവലി, അമിതമായ ഹോർമോൺ ചികിത്സ, ജനന നിയന്ത്രണ ഗുളികകളുടെ അമിതോപയോഗം എന്നിവ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ബി.ആർ.സി.എ ടെസ്റ്റിലൂടെ രോഗസാധ്യത മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കും. സ്തനങ്ങളിലോ കക്ഷത്തിലോ അനുഭവപ്പെടുന്ന വേദനയില്ലാത്ത മുഴകൾ, സ്തനത്തിന്റെ ആകൃതിയിലോ വലിപ്പത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ, ചർമ്മത്തിൽ ചുളിവുകൾ വീഴുകയോ ഉള്ളിലേക്ക് വലിയുകയോ ചെയ്യുക, മുലക്കണ്ണിൽ നിന്ന് രക്തമോ മറ്റ് സ്രവങ്ങളോ വരിക, സ്തനഭാഗത്ത് വീക്കമോ ചുവന്ന നിറമോ അനുഭവപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
എല്ലാ മുഴകളും ക്യാൻസർ ആകണമെന്നില്ല. ഫൈബ്രോഡിനോമിയ പോലെയുള്ള ക്യാൻസർ അല്ലാത്ത മുഴകളും സ്തനങ്ങളിൽ സാധാരണയായി കണ്ടുവരാറുണ്ട്. എങ്കിലും, എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം പരിശോധനയോടൊപ്പം അൾട്രാസൗണ്ട് സ്കാൻ, മാമോഗ്രാം, എം.ആർ.ഐ, ബയോപ്സി തുടങ്ങിയ പരിശോധനകൾ കൃത്യസമയത്ത് നടത്തേണ്ടത് അത്യാവശ്യമാണ്. പുകവലിയും പാസ്സീവ് സ്മോക്കിങ്ങും ഒഴിവാക്കുന്നതും, ക്യാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതും രോഗസാധ്യത ലഘൂകരിക്കാൻ സഹായിക്കുമെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.






