ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ ഭരണപക്ഷം തിരിച്ചടിച്ചു. പ്രതിപക്ഷത്തിന്റേത് സമരാഭാസമെന്നും ഇവർ കവല ചട്ടമ്പിമാരാണോ എന്നും ഡി കെ മുരളി എംഎൽഎ ആഞ്ഞടിച്ചു. പ്രതിപക്ഷത്തിന്റെ നടപടികൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി എം.ബി. രാജേഷ് കുറ്റപ്പെടുത്തി. ഉന്നയിച്ച ആരോപണങ്ങളെല്ലാം കോടതിയിൽ തള്ളപ്പെട്ടതിന്റെ ജാള്യം മറയ്ക്കാനാണ് പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിൽ അതിക്രമം കാണിക്കുന്നതെന്നും, കോടതിയിൽ പരാജയപ്പെടുമ്പോൾ സഭ തടസ്സപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി വി. ശിവൻകുട്ടിയും പ്രതിപക്ഷത്തിനെതിരെ കടുത്ത പരിഹാസവുമായി രംഗത്തെത്തി. മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് പ്രതിപക്ഷം സഭയിൽ ബഹളം വെക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എം.എൽ.എമാരെ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ പഠിപ്പിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്ന് പരിഹസിച്ച മന്ത്രി, സഭയിൽ ഒരു പാരഡി ഗാനവും ആലപിച്ചു. “സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ; സംരക്ഷിക്കുന്നത് ആരപ്പാ, സോണിയ ഗാന്ധിയാണേ അയ്യപ്പാ” എന്ന പാരഡി ഗാനത്തിലൂടെയാണ് അദ്ദേഹം പ്രതിപക്ഷത്തെ നേരിട്ടത്. വികസന മുരടിപ്പ് ലക്ഷ്യമിട്ടാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്ത് ഒരു വികസനവും അനുവദിക്കില്ലെന്ന വാശിയാണ് ഇവർക്കെന്നും അദ്ദേഹം വിമർശിച്ചു.





