‘തുടക്കം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. അഭിനയത്തിന് പുറമെ കവിത, മാർഷ്യൽ ആർട്സ്, ചിത്രംവര എന്നിവയിലെല്ലാം താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള വിസ്മയ, സഹോദരൻ പ്രണവ് മോഹൻലാലിന്റെയും തന്റെയും യാത്രാരീതികളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ഇരുവരും ധാരാളം യാത്രകൾ ചെയ്യുന്നവരാണെങ്കിലും യാത്രാ പ്ലാനിംഗുകളിൽ വലിയ വ്യത്യാസമുണ്ടെന്നാണ് വിസ്മയ വ്യക്തമാക്കുന്നത്.
യാത്ര തിരിച്ചു കഴിഞ്ഞ ശേഷമാണ് പ്രണവ് എങ്ങോട്ട് പോകണമെന്ന് പ്ലാൻ ചെയ്യുന്നതെന്നും അവിടെ എത്തിയാൽ മാത്രമേ താമസിക്കാനുള്ള സ്ഥലം പോലും തിരയാറുള്ളൂവെന്നും വിസ്മയ പറയുന്നു. യാത്രകളിൽ മിനിമലിസ്റ്റായ പ്രണവിന് അതിലാണ് രസമെങ്കിൽ, താൻ കൃത്യമായ പ്ലാനിംഗോടെ മാത്രം യാത്ര പോകുന്ന, കംഫർട്ട് സോൺ ഇഷ്ടപ്പെടുന്നയാളാണെന്നും വിസ്മയ കൂട്ടിച്ചേർത്തു.
പ്രണവും കസിൻസുമൊന്നിച്ച് നടത്തിയ ഹിമാലയൻ യാത്രയാണ് തന്റെ ഓർമ്മയിൽ എന്നും നിറഞ്ഞുനിൽക്കുന്നതെന്നും വിസ്മയ പറഞ്ഞു. വഴിയിലുടനീളം ഒരു പട്ടിക്കുട്ടിയും തങ്ങളോടൊപ്പമുണ്ടായിരുന്നുവെന്നും, നിരവധി വിദേശരാജ്യങ്ങളിൽ പോയിട്ടുണ്ടെങ്കിലും മനസ്സിനോട് ചേന്നുനിൽക്കുന്നത് ഈ ഹിമാലയൻ യാത്രയാണെന്നും വിസ്മയ ഓർത്തെടുത്തു.






