CMDRF

ദേശീയ പുരസ്ക്കാരം ലഭിച്ച “ആട്ടം” ചിത്രത്തെ അഭിനന്ദിച്ച് അല്ലു അർജുൻ

ദേശീയ പുരസ്ക്കാരം ലഭിച്ച “ആട്ടം” ചിത്രത്തെ അഭിനന്ദിച്ച് അല്ലു അർജുൻ
ദേശീയ പുരസ്ക്കാരം ലഭിച്ച “ആട്ടം” ചിത്രത്തെ അഭിനന്ദിച്ച് അല്ലു അർജുൻ

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മൂന്ന് അവാർഡ് നേടിയ മലയാള ചിത്രം ‘ആട്ട’ത്തെ അഭിനന്ദിച്ച് നടൻ അല്ലു അർജുൻ. സംവിധായകനും തിരക്കഥാകൃത്തായ ആനന്ദ് ഏകര്‍ഷിയെയും, എഡിറ്റര്‍ മഹേഷ്‌ ഭുവനേന്ദിനെയും താരം അഭിനന്ദിച്ചു. ഒപ്പം ആട്ടം ടീമിനും താരം ആശംസകൾ അറിയിച്ചു. മികച്ച സിനിമ, മികച്ച എഡിറ്റര്‍, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് ചിത്രം ദേശീയ പുരസ്‌കാരം നേടിയത്. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അല്ലു അർജുൻ അവാര്‍ഡ്‌ ജേതാക്കളെ ആശംസിച്ചത്.

2022 ലെ സംസ്ഥാന പുരസ്കാരത്തില്‍ തഴയപ്പെട്ട ‘ആട്ടം’ ദേശീയ തലത്തില്‍ മികച്ച സിനിമയ്ക്കടക്കമുള്ള മൂന്ന് പുരസ്കാരങ്ങൾ നേടി. 2024 ജനുവരി 5നാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും 2022 ഡിസംബറില്‍ തന്നെ സെന്‍സറിങ് പൂര്‍ത്തിയാക്കിയിരുന്നു. 2023ലെ ഐഎഫ്എഫ്‌കെ അടക്കമുള്ള ഫെസ്റ്റിവലുകളില്‍ ചിത്രം മത്സരിക്കുകയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്തത്.

സുകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പുഷ്പ’യുടെ രണ്ടാം ഭാഗമായ ‘പുഷ്പ 2 ദി റൂൾ’ ആണ് അല്ലു അർജുന്റെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ‘പുഷ്പ 2’ ഡിസംബർ 6 ന് തിയേറ്ററുകളിലെത്തും. ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

Top