പുതിയ ഫോണുകളിൽ ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശത്തോട് ആപ്പിൾ സഹകരിക്കില്ലെന്ന് റിപ്പോർട്ട്. ലോകത്ത് ഒരിടത്തും ഇത്തരം നിർദ്ദേശങ്ങൾ കമ്പനി അംഗീകരിക്കാറില്ല എന്നതാണ് ആപ്പിളിന്റെ നിലപാട്. ഈ നീക്കം ഐ.ഒ.എസ്. ഇക്കോസിസ്റ്റത്തിൻ്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. ആപ്പിൾ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക പ്രതികരണം ഉടൻ തന്നെ ആപ്പിൾ കമ്പനി കേന്ദ്ര സർക്കാരിനെ നേരിട്ടറിയിക്കുമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
അതേസമയം ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തത വരുത്തി രംഗത്തെത്തി. ആപ്പ് വേണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാമെന്ന് മന്ത്രി വ്യക്തമാക്കി. സൈബർ സുരക്ഷ മുൻനിർത്തിയാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ നൽകിയത്. നിലവിൽ ആപ്പിന്റെ കാര്യത്തിൽ ഒരു നിർബന്ധവുമില്ല എന്നും ജ്യോതിരാദിത്യ സിന്ധ്യ വിശദീകരിച്ചു.






