വാഷിംഗ്ടൺ ഡിസി: ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ-അൽ-സുഡാനിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇറാഖിന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം തുടങ്ങിയ കാര്യങ്ങളിൽ അമേരിക്കയ്ക്കും പ്രതിബദ്ധതയുണ്ടെന്ന് ആന്റണി ബ്ലിങ്കൻ പറഞ്ഞു. സിറിയയിൽ ബാഷർ-അൽ-അസദ് സർക്കാരിനെ അട്ടിമറിച്ച് സുന്നി വിഭാഗ സേനയായ എച്ച്ടിഎസ് അധികാരത്തിലേറിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഇറാഖ് സന്ദർശനം.
”സിറിയയുടെ ഭാവിയും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്യാൻ ഇറാഖ് പ്രധാനമന്ത്രി സുഡാനിയുമായി കൂടിക്കാഴ്ച നടത്തി. സിറിയ ഭീകരവാദത്തിന്റെ വേദിയായി മാറരുത്. ഇറാഖിന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവയോടുള്ള അമേരിക്കയുടെ പ്രതിബദ്ധത കൂടിക്കാഴ്ചയിൽ പ്രത്യേകം അടിവരയിട്ടു.”- ആന്റണി ബ്ലിങ്കൻ കുറിച്ചു.
സ്വേച്ഛാധിപത്യത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള സിറിയയുടെ മാറ്റം എല്ലാ ന്യൂനപക്ഷങ്ങളെയും ഉൾക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യുന്നതാകണം. സിറിയയെ ഭീകരവാദത്തിന്റെ വേദിയാക്കാൻ സാധിക്കില്ല.
Also Read: ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
അമേരിക്കയും ഇറാഖും ഐഎസ്‌ഐഎസ് ( ദാഇഷ് ഭീകരസംഘടന) സ്ഥാപിച്ച പ്രാദേശിക ഖിലാഫത്തിനെ തകർക്കുന്നതിന് ഒരുമിച്ച് പ്രവർത്തിച്ചവരാണ്. ഇറാഖിലും സിറിയയിലും ദാഇഷിന് വീണ്ടും ഉയർന്നുവരാൻ സാധിക്കില്ലെന്ന് ഉറപ്പാക്കാൻ അമേരിക്കയും ഇറാഖും ദൃഢനിശ്ചയം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള സിറിയയിലെ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ചർച്ച നടത്തിയെന്നും ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. ഭീകരവാദ സംഘടനയായ അൽ-ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള സുന്നി വിഭാഗ സേനയാണ് എച്ച്ടിഎസ്. 13 വർഷത്തോളം ബാഷർ ഭരണകൂടത്തെ വീഴ്‌ത്തുന്നതിനായി ആഭ്യന്തര യുദ്ധം ചെയ്ത് വിമതസേന അധികാരത്തിലേറുമ്പോൾ താലിബാൻ നിയമങ്ങൾ നടപ്പിലാക്കുന്ന മറ്റൊരു രാജ്യമായി സിറിയ മാറുമോയെന്ന ആശങ്കയാണ് ഉയരുന്നത്.