സോഷ്യൽ മീഡിയ ഭീമനായ മെറ്റയിൽ 7,800-ഓളം ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. കമ്പനിയുടെ ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളം വരുമിത്. മെയ് 20-ഓട് കൂടി പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ജീവനക്കാർക്ക് ഇമെയിൽ വഴി ലഭിക്കുമെന്നാണ് സൂചന. വ്യക്തിഗത വിവരങ്ങൾ പുതുക്കാൻ കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടത് ഈ നീക്കത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ ഒഴിവുള്ള ഏകദേശം 6,000 തസ്തികകൾ നികത്തേണ്ടതില്ലെന്നും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിനായി പ്രവർത്തനച്ചെലവ് കുറയ്ക്കാനാണ് മെറ്റയുടെ ഈ നീക്കം. ഈ വർഷം എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി 125 മുതൽ 145 ബില്യൺ ഡോളർ വരെയാണ് കമ്പനി ചിലവിടാൻ ഉദ്ദേശിക്കുന്നത്. നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുമ്പോൾ മറ്റ് മേഖലകളിൽ ചിലവ് കുറയ്‌ക്കേണ്ടി വരുമെന്നും അതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് ജീവനക്കാരോട് വിശദീകരിച്ചിട്ടുണ്ട്.
പിരിച്ചുവിടൽ നടപടികൾ നേരിട്ട് എഐ വഴി ജോലി നഷ്ടപ്പെടുന്ന സാഹചര്യമല്ലെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ടെങ്കിലും, എഐ ടൂളുകൾ ടീമുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്ന് മാനേജ്‌മെന്റ് കരുതുന്നു. ഇതേത്തുടർന്ന് ഭാവിയിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് ജീവനക്കാർ. അമേരിക്കയിലെ ജീവനക്കാർക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളവും സേവനകാലയളവ് അനുസരിച്ചുള്ള ആനുകൂല്യങ്ങളും അടങ്ങുന്ന സെവറൻസ് പാക്കേജാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.





