മഹാരാഷ്ട്രയിലെ തിരിച്ചടിയിൽ പകച്ച് ബി.ജെ.പി നേതൃത്വം, നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പെന്ന് ഇന്ത്യാ സഖ്യം

മഹാരാഷ്ട്രയിലെ തിരിച്ചടിയിൽ പകച്ച് ബി.ജെ.പി നേതൃത്വം, നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പെന്ന് ഇന്ത്യാ സഖ്യം

ബിജെപിയുടെ കാലുമാറ്റ രാഷ്ട്രീയത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോൾ മറാത്ത മണ്ണിൽ ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. ശിവസേനയെയും എൻസിപിയെയും പിളർത്തി മഹാരാഷ്ട്ര ഭരണം പിടിച്ച ബിജെപിയുടെ കാലുമാറ്റ രാഷ്ട്രീയത്തിനാണ് മറാത്തയുടെ മണ്ണിൽ വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എം.പിമാരെ പാർലമെന്റിലേക്കയക്കുന്ന സംസ്ഥാനമാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം കൂടിയായ മഹാരാഷ്ട്ര.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 48 സീറ്റുകളിൽ 41 സീറ്റും എൻഡിഎക്കായിരുന്നു. ബിജെപി 23 സീറ്റും ശിവസേന 18 സീറ്റുമാണ് സഖ്യത്തിൻ്റെ ഭാഗമായി നേടിയിരുന്നത്. യുപിഎയിൽ എൻസിപിക്ക് 4 സീറ്റും കോൺഗ്രസിന് 1 സീറ്റും മാത്രമാണ് 2019-ൽലഭിച്ചിരുന്നത്. അസദുദീൻ ഒവൈസിയുടെ പാർട്ടിയും സ്വതന്ത്രനും ഓരോ സീറ്റുകളും ആ തിരഞ്ഞെടുപ്പിൽ നേടുകയുണ്ടായി. ഇത്തവണ ഇതിൽ പകുതിയിലേറെ സീറ്റുകളിലും ഇന്ത്യാ സഖ്യമാണ് മുന്നേറിയിരിക്കുന്നത്. യഥാർത്ഥ ശിവസേന ഉദ്ധവ് വിഭാഗമാണെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പു കൂടിയാണിത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശിവസേന സഖ്യം അധികാരമേറ്റെങ്കിലും ശിവസേന നേതാവ് ഉദ്ധവ് താക്കറെക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാത്തതിനെ തുടർന്ന് ശിവസേന ബിജെപി സഖ്യം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. തുടർന്ന് കോൺഗ്രസ്, എൻസിപി മുന്നണിയുടെ യുപിഎക്കൊപ്പം ശിവസേന ചേരുകയും മഹാവികാസ് അഖാഡിക്ക് രൂപം നൽകുന്ന കാഴ്ചയുമാണ് രാജ്യം കണ്ടത്. ഈ സഖ്യം അധികാരത്തിൽ ഏറിയപ്പോൾ രോക്ഷാകുലരായ ബിജെപി നേതൃത്വം ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായ ആ സർക്കാരിനെ അട്ടിമറിക്കാൻ സകല അടവുകളും പയറ്റുകയാണ് ഉണ്ടായത്.

തുടർന്ന് ശിവസേനയെയും എൻസിപിയെയും പിളർത്തുന്ന തന്ത്രമാണ് ബിജെപി പയറ്റിയത്. ശിവസേനയിൽ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ അടർത്തിയെടുത്തും എൻസിപിയിൽ അജിത് പവാർ വിഭാഗത്തെ ഒപ്പം കൂട്ടിയും മഹാസഖ്യ സർക്കാറിനെ വീഴ്ത്തിയ ബിജെപി വിമത ശിവസേന നേതാവ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയാണ് മഹാരാഷ്ട്രയിൽ തട്ടിക്കൂട്ട് സർക്കാർ ഉണ്ടാക്കിയിരുന്നത്. ഈ രാഷ്ട്രീയ കളിയിൽ ശിവസേനയിൽ ഉദ്ദവ് വിഭാഗത്തിനും എൻസിപിയിൽ ശരത് പവാർ വിഭാഗത്തിനും സ്വന്തം ചിഹ്നം പോലും നഷ്ടമാകുന്ന സാഹചര്യവും ഉണ്ടായി.

എന്നാൽ ഇതിനെല്ലാം മധുരമായ ഒരു പകവീട്ടലാണ് ഇപ്പോൾ ശിവസേന ഉദ്ധവ് വിഭാഗം നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യം നൽകിയിരിക്കുന്നത്. കാലുമാറ്റ രാഷ്ട്രീയത്തിന് വൻ തിരിച്ചടി ലഭിക്കുന്ന കാഴ്ചയാണ് മഹാരാഷ്ട്രയിൽ ഇപ്പോൾ നൽകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്കുണ്ടായ ഈ തിരിച്ചടി മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിലും ഇനി വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ഷിൻഡെക്കൊപ്പം പോയ ശിവസേന നേതാക്കളും പ്രവർത്തകരും എല്ലാം ഉദ്ദവ് താക്കറെക്കൊപ്പം ചേരാനാണ് സാധ്യത. അജിത് പവാറിനൊപ്പം പോയ എൻസിപി പ്രവർത്തകരും ശരത് പവാർ വിഭാഗത്തിലേക്ക് മടങ്ങി എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

ലോകസഭ തിരഞ്ഞെടുപ്പ് റിസൾട്ട് വന്നശേഷം അധികം താമസിയാതെ തന്നെ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര എന്നതിനാൽ ഇന്ത്യാ സഖ്യത്തിൻ്റെ വിജയത്തിന് മാനങ്ങൾ ഏറെയാണ് . . .

EXPRESS KERALA VIEW

Top