യുദ്ധത്തിന്റെ കനലുകൾക്കിടയിലും ആഭ്യന്തര-ബാഹ്യ സമ്മർദങ്ങളെ അവഗണിച്ച് മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് വിടചൊല്ലാൻ ഇറാൻ ഒരുങ്ങി. ദിവസങ്ങൾ നീണ്ട വിലാപയാത്രകൾക്കൊടുവിൽ രാജ്യം ഇന്ന് പ്രിയനേതാവിന് അന്ത്യയാത്ര നൽകും. ഇറാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ-മതപരമായ ചടങ്ങുകളിലൊന്നായാണ് ഈ വിലാപയാത്ര വിലയിരുത്തപ്പെടുന്നത്.
കർശനമായ സുരക്ഷാ വലയത്തിൽ, പ്രതികാരത്തിന്റെ പ്രതീകമായ ചുവന്ന പതാകകളേന്തി ലക്ഷക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയത്. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർന്ന ചടങ്ങിൽ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പോസ്റ്ററുകൾക്ക് നേരെ കല്ലേറുമുണ്ടായി. ഫെബ്രുവരി 28-നുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അലി ഖമനയിയുടെയും കുടുംബാംഗങ്ങളുടെയും ഭൗതികശരീരങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രത്യേക വാഹനത്തെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് വഴിയോരങ്ങളിൽ തടിച്ചുകൂടിയത്.
അഹ്മദിനെജാദിന്റെ അപ്രതീക്ഷിത വരവ്
വിലാപയാത്രയിൽ മുൻ ഇറാൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദ് പങ്കെടുത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധത്തിന് ശേഷം ആദ്യമായാണ് അഹ്മദിനെജാദ് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. യുദ്ധത്തിന്റെ ആദ്യ നാളുകളിൽ അദ്ദേഹത്തിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് അംഗരക്ഷകർ കൊല്ലപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
2005 മുതൽ 2013 വരെ പ്രസിഡന്റായിരുന്ന അഹ്മദിനെജാദിനെ 2017-ലും പിന്നീട് 2021, 2024 തിരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നതിൽ നിന്ന് ഗാർഡിയൻ കൗൺസിൽ അയോഗ്യനാക്കിയിരുന്നു. ഖമനയിയുടെ വിലക്ക് ലംഘിച്ച് മുൻപ് നാമനിർദേശ പത്രിക സമർപ്പിച്ചതു വഴി ഇരുവരും തമ്മിൽ രാഷ്ട്രീയ ഭിന്നത നിലനിന്നിരുന്ന സാഹചര്യത്തിലാണ് അഹ്മദിനെജാദിന്റെ ഈ അപ്രതീക്ഷിത സാന്നിധ്യം.
എവിടെ മുജ്തബ? ഉറ്റുനോക്കി ലോകം
അലി ഖമനയിയുടെ മരണശേഷം പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഖമനയിയുടെ അസാന്നിധ്യമാണ് വിലാപയാത്രയിൽ ഉടനീളം നിഴലിച്ചു നിന്നത്. പിതാവിന്റെ വിലാപയാത്രയിൽ പോലും മുജ്തബ പ്രത്യക്ഷപ്പെടാത്തത് വലിയ നിഗൂഢതകൾക്ക് കാരണമായിട്ടുണ്ട്.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ശക്തമായ സമ്മർദത്തെ തുടർന്നാണ് മുജ്തബയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. എന്നാൽ, പിൻഗാമിയാകുന്ന ആരെയും ലക്ഷ്യമിടുമെന്ന ഇസ്രയേലിന്റെ മുൻകൂർ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ, കടുത്ത സുരക്ഷാ ഭീഷണിയെ തുടർന്നാണ് മുജ്തബ പൊതുവേദികളിൽ നിന്ന് മാറിനിൽക്കുന്നതെന്നാണ് വിലയിരുത്തൽ. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു.
‘നിഴൽ രാജകുമാരനെ’ കാത്ത് ട്രംപും നെതന്യാഹുവും
ഭരണരംഗത്ത് ഔദ്യോഗിക പദവികൾ ഒന്നും വഹിച്ചിരുന്നില്ലെങ്കിലും പിതാവിന്റെ കാലത്ത് ‘നിഴൽ രാജകുമാരൻ’ എന്ന പേരിൽ ഇറാന്റെ അധികാരകേന്ദ്രങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് മുജ്തബ. ഐആർജിസിയുടെ ഹബീബ് ബറ്റാലിയനിലെ സൈനിക പരിചയവും തീവ്ര യാഥാസ്ഥിതിക നിലപാടുകളുമുള്ള മുജ്തബയുടെ ആദ്യ പരസ്യരംഗപ്രവേശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഉറ്റുനോക്കുകയാണ്.
അദ്ദേഹം പരസ്യമായി രംഗത്തുവന്നാൽ അമേരിക്കയും ഇസ്രയേലും എന്ത് നീക്കമാകും നടത്തുക എന്നതും, പുതിയ നേതൃത്വത്തിന് കീഴിൽ സമാധാന ചർച്ചകൾക്ക് വഴിതുറക്കുമോ അതോ സംഘർഷം കൂടുതൽ വഷളാകുമോ എന്നതും ലോകരാജ്യങ്ങളെ ആകാംക്ഷയിലാഴ്ത്തുന്ന ചോദ്യങ്ങളാണ്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






