മാധ്യമങ്ങൾക്ക് വേറെ ഒരു പണിയുമില്ലേ ? സി.പി.എമ്മിലെ ഒറ്റപ്പെട്ട പ്രാദേശിക വിഷയവും വലിയ വാർത്ത !

സി.പി.എമ്മിനെ ജനവിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ആ പാര്‍ട്ടിയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ചരിത്രമാണ് ആദ്യം പഠിക്കേണ്ടത്. എന്നിട്ടു വേണം കടന്നാക്രമിക്കാന്‍. പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ നൂറ്റാണ്ട് പിന്നിട്ടതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം. മാര്‍ക്‌സിസം - ലെനിനിസത്തെ പ്രതിരോധിക്കുവാനും ഇന്ത്യന്‍ അവസ്ഥയില്‍ ക്രിയാത്മകമായി അത് പ്രയോഗിക്കുവാനുമുള്ള പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ ചരിത്രം കൂടിയാണത്

മാധ്യമങ്ങൾക്ക് വേറെ ഒരു പണിയുമില്ലേ ? സി.പി.എമ്മിലെ ഒറ്റപ്പെട്ട പ്രാദേശിക വിഷയവും വലിയ വാർത്ത !
മാധ്യമങ്ങൾക്ക് വേറെ ഒരു പണിയുമില്ലേ ? സി.പി.എമ്മിലെ ഒറ്റപ്പെട്ട പ്രാദേശിക വിഷയവും വലിയ വാർത്ത !

സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ മാധ്യമങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കേരളത്തിലെ മാധ്യമങ്ങള്‍ അത് ദൃശ്യമാധ്യമങ്ങളായാലും പ്രിന്റ് മീഡിയകളായാലും യൂട്യൂബ് ചാനലുകളായാലും അവരില്‍ മഹാഭൂരിപക്ഷത്തിന്റെയും നിലപാട് ഇടതുപക്ഷ വിരുദ്ധതയാണ്. കൃത്യമായി പറഞ്ഞാല്‍ സി.പി.എം വിരുദ്ധ നിലപാടുകളാണ് ഈ മാധ്യമങ്ങളെല്ലാം തന്നെ പിന്തുടരുന്നത്. സി.പി.എം സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നല്‍കുന്ന വാര്‍ത്തകളിലും വിശകലനങ്ങളിലും അത് വ്യക്തവുമാണ്.

സി.പി.എം ബ്രാഞ്ച് സമ്മേളനം മുതല്‍ ആരംഭിച്ച വിവാദം നിലവില്‍ ഏരിയാ സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഒറ്റപ്പെട്ട ചില ലോക്കല്‍ സമ്മേളനങ്ങളിലെയും ഏരിയാ സമ്മേളനങ്ങളിലെയും തര്‍ക്കങ്ങള്‍ മഹാ സംഭവമാക്കി പ്രത്യേക ചര്‍ച്ചകള്‍ വരെ സംഘടിപ്പിക്കുന്ന രൂപത്തിലേക്കാണ് ദൃശ്യ മാധ്യമങ്ങള്‍ തരാംതാണിരിക്കുന്നത്. ഇനി നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങള്‍ മുതല്‍ സംസ്ഥാന സമ്മേളനം വരെ സി.പി.എം നേതൃത്വവും ആ പാര്‍ട്ടിയുമായിരിക്കും മാധ്യമങ്ങളുടെ പ്രധാന ടാര്‍ഗറ്റ്.

വിമര്‍ശനവും സ്വയം വിമര്‍ശനവും നടത്തി തികച്ചും സംഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്ന ഒരു പാര്‍ട്ടിയെയാണ് പൊതു സമൂഹത്തില്‍ താറടിച്ചു കാണിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. എന്തൊക്കെ പോരായ്മ ചൂണ്ടിക്കാണിച്ചാലും കൃത്യമായി താഴെ തട്ടുമുതല്‍ സംഘടനാ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച് പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുന്ന രാജ്യത്തെ രാഷ്ട്രീയ സംവിധാനം എന്നു പറയുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. അതില്‍ തന്നെ പ്രധാനി സി.പി.എമ്മാണ്.

K Sudhakaran

ഈ പാര്‍ട്ടിയുടെ സമ്മേളനങ്ങളില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല വിലയിരുത്തപ്പെടാറുള്ളത്, പ്രാദേശികം മുതല്‍ അന്തര്‍ദേശീയം വരെയുള്ള രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഈ സമ്മേളനങ്ങളില്‍ എടുക്കുന്ന തീരുമാന പ്രകാരമാണ് പാര്‍ട്ടി ഘടകങ്ങള്‍ താഴെ തട്ടുമുതല്‍ പ്രവര്‍ത്തിക്കുക. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തിരിച്ചടി നേരിട്ടാലും ഇല്ലെങ്കിലും അതൊന്നും തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാ പ്രവര്‍ത്തനത്തെയോ സംഘടനാ സമ്മേളനങ്ങളേയോ ബാധിക്കാറില്ല.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടു പഠിക്കേണ്ട മാതൃകയാണിത്. കോണ്‍ഗ്രസ്സിനെ സെമി കേഡര്‍പാര്‍ട്ടിയാക്കുമെന്ന് പറഞ്ഞ് ചുമതലയേറ്റ കെ സുധാകരന് കോണ്‍ഗ്രസ്സിന്റെ സംഘടനാ സമ്മേളനം നടത്താന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ്സും ബി.ജെ.പിയും ഇപ്പോഴും നോമിനേഷനിലൂടെയാണ് നേതൃത്വത്തെ നിയോഗിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ പാര്‍ട്ടികളിലാണ് ഏകാധിപത്യ പ്രവണതകള്‍ കൂടുതലുള്ളത്.

കോണ്‍ഗ്രസ്സില്‍ രാഹുല്‍ ഗാന്ധിയും ബി.ജെ.പിയില്‍ മോദിയും അമിത് ഷായും എടുക്കുന്ന തീരുമാനമാണ് നടപ്പാക്കുന്നത്. ഈ നേതാക്കളുടെ ഗുഡ് ലിസ്റ്റില്‍ ഇടംപിടിച്ചവര്‍ മന്ത്രിമാരും സംസ്ഥാന നേതാക്കളുമാകും. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന നേതാക്കള്‍ താഴെ തട്ടില്‍ അവര്‍ക്കിഷ്ടപ്പെട്ടവരെ നിയോഗിക്കുന്നതോടെ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പാണ് ഇല്ലാതാകുന്നത്. ഇതൊന്നും ചോദ്യം ചെയ്യാന്‍ ഒരു മാധ്യമവും തയ്യാറാവുകയില്ല.

Amit Shah And Narendra Modi

അവരുടെ കഴുകന്‍ കണ്ണുകള്‍ സി.പി.എമ്മിന്റെ ബ്രാഞ്ച് സമ്മേളനത്തിലേക്കും ലോക്കല്‍ – ഏരിയ സമ്മേളനങ്ങളിലേക്കുമാണ് നീളുന്നത്. ഒറ്റപ്പെട്ട ചില തര്‍ക്കങ്ങളെ മഹാ സംഭവമാക്കി ചിത്രീകരിക്കുന്നതില്‍, ഒരു പ്രത്യേകലഹരി തന്നെ മാധ്യമങ്ങള്‍ക്കുണ്ട്. ഈ താല്‍പ്പര്യം എന്തായാലും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ചേര്‍ന്ന് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും കടന്നാക്രമിച്ചിട്ടും അത് ഇടതുപക്ഷത്തിന്റെ ജനസ്വാധീനത്തെ കാര്യമായി ബാധിച്ചിട്ടില്ലന്നതും മനസ്സിലാക്കുന്നത് നല്ലതാണ്.

കടുത്ത രാഷ്ട്രീയ പ്രതികൂല സാഹചര്യത്തിലും നല്ല ഭൂരിപക്ഷത്തില്‍ ചേലക്കരയില്‍ വിജയിക്കാന്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ, ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് മണ്ഡലത്തിലും വോട്ടുകള്‍ കൂടുതല്‍ നേടാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. അതായത്, മൂന്നാംവട്ടവും ഇടതുപക്ഷത്തിന് ഭരണം ലഭിക്കാനുള്ള സാധ്യത നിലനിര്‍ത്തുന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.

മാധ്യമ അജണ്ടകള്‍ പൊളിച്ചെഴുതിയ ഇടതുപക്ഷ മുന്നേറ്റത്തിലുള്ള അസഹിഷ്ണുതയാണ് സി.പി.എം സമ്മേളനങ്ങളോട് ഇപ്പോള്‍ മാധ്യമങ്ങള്‍ കാണിച്ചു കൊണ്ടിരിക്കുന്നത്. ഏത് ചെറിയ സംഭവവും അവര്‍ക്ക് ബ്രേക്കിങ് ന്യൂസുകളാണ്. ഒരു പ്രാദേശിക നേതാവ് സി.പി.എം വിട്ടാലും പുറത്താക്കിയാലും എല്ലാം ചാനല്‍ മുറികളില്‍ ഇരുന്ന് ചര്‍ച്ച ചെയ്യാന്‍ പറ്റിയ വിഭവമാക്കിയാണ് അതിനെ അവര്‍ പാകപ്പെടുത്തി മാറ്റുക. ചുവപ്പ് കണ്ട കാളയുടെ പകയോടെ നടത്തുന്ന കമ്മ്യൂണിസ്റ്റ് വേട്ടയാണിത്.

SFI

പൊതു സമൂഹത്തിനിടയില്‍ സി.പി.എമ്മിനെയും അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളെയും മോശക്കാരായി ചിത്രീകരിച്ച് വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന നീക്കം അതിന്റെ സകല പരിധിയും ലംഘിച്ചാണ് ഇപ്പോള്‍ മുന്നേറുന്നത്. എസ്.എഫ്.ഐയെ ക്രിമിനല്‍ സംഘമാക്കി ചിത്രീകരിച്ച് നടത്തിയ പ്രചരണത്തിന് കാമ്പസുകളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയെ വിജയിപ്പിച്ചാണ് വിദ്യാര്‍ത്ഥി സമൂഹം മറുപടി നല്‍കിയിരിക്കുന്നത്.

ഡി.വൈ.എഫ്.ഐ നിഷ്‌ക്രിയമാണെന്ന് പറഞ്ഞ മാധ്യമങ്ങള്‍ക്ക് തന്നെ വയനാട് ദുരന്തമുഖത്തെ ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കേണ്ടി വന്നതും ഈ നാട് കണ്ട കാഴ്ചയാണ്. ചെറിയ കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ച് വലുതാക്കി അതില്‍ നിന്നും മുതലെടുപ്പ് നടത്തുന്ന മാധ്യമ രീതി ഈ സമൂഹത്തിന് തന്നെ ഭീഷണിയാണ്. അന്തിചര്‍ച്ചകള്‍ക്ക് വിഭവമൊരുക്കാന്‍ എന്ത് കിട്ടിയാലും മതിയെന്ന നിലപാടിലേക്കാണ് മാധ്യമങ്ങള്‍ അധപതിച്ചിരിക്കുന്നത്. ചാനല്‍ കിടാമത്സരം മുന്‍പൊന്നും ഇല്ലാത്ത വിധം ശക്തമായതാണ് ഇതിന് പ്രധാന കാരണം.

സി.പി.എമ്മിനെ ജനവിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ആ പാര്‍ട്ടിയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ചരിത്രമാണ് ആദ്യം പഠിക്കേണ്ടത്. എന്നിട്ടു വേണം കടന്നാക്രമിക്കാന്‍. പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ നൂറ്റാണ്ട് പിന്നിട്ടതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം. മാര്‍ക്‌സിസം – ലെനിനിസത്തെ പ്രതിരോധിക്കുവാനും ഇന്ത്യന്‍ അവസ്ഥയില്‍ ക്രിയാത്മകമായി അത് പ്രയോഗിക്കുവാനുമുള്ള പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ ചരിത്രം കൂടിയാണത്.

DYFI

വര്‍ഗ്ഗീയതയ്ക്ക് എതിരെയും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയും കമ്മ്യൂണിസ്റ്റുകള്‍ പ്രത്യേകിച്ച് സി.പി.ഐ.എം നടത്തിയ പോരാട്ടം പോലെ മറ്റൊരു പോരാട്ടവും രാജ്യത്തെ മറ്റൊരു പാര്‍ട്ടിയും നടത്തിയിട്ടില്ലെന്നതും നാം ഓര്‍ക്കണം. ചോരയില്‍ എഴുതിയ ചരിത്രമാണത്. 1920-ല്‍ താഷ്‌കെന്റില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ യൂണിറ്റ് രൂപം കൊണ്ടശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ ആദ്യ തലമുറ അവരില്‍ പ്രധാനി ആയിരുന്ന എം എന്‍ റോയ് സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗ്ഗവീക്ഷണവും വര്‍ഗ്ഗരാഷ്ട്രീയവും മുന്നോട്ടു വെക്കാന്‍ അദ്ദേഹം ശ്രമം നടത്തി. അവര്‍ ബ്രിട്ടീഷ് ഭരണത്തെ സാമ്രാജ്യത്വത്തിന്റെ ഭാഗമായി വിശകലനം ചെയ്യാന്‍ പ്രയത്‌നിച്ചു.

സാമ്രാജ്യത്വ ഭരണത്തിനെതിരെയുള്ള സമരത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെയും കര്‍ഷകരുടെയും പങ്കും അവര്‍ നിര്‍വചിച്ചു. അങ്ങനെ ചിറകു മുളച്ചിട്ടില്ലാത്ത ദേശീയ ബൂര്‍ഷ്വാസി നയിക്കുന്ന ദേശീയ സമരത്തിന് ശരിയായ സമീപനം നല്‍കാനായിരുന്നു അവരുടെ ശ്രമം. ഈ പ്രക്രിയക്കിടയില്‍ ചില പിശകുകളും കുറവുകളും സംഭവിച്ചിട്ടുണ്ടെങ്കിലും ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ നിന്നും ഉയര്‍ന്നു വരുന്ന സ്വതന്ത്രമായ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പാര്‍ട്ടിക്ക് അടിത്തറയിടുവാന്‍ ആ പ്രത്യയശാസ്ത്രപോരാട്ടത്തിന് സാധിച്ചിരുന്നു. സാമ്രാജ്യത്വ വിരുദ്ധ, ജന്മിത്വ വിരുദ്ധ പോരാട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടേതായ സവിശേഷ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇടതുപക്ഷ വിഭാഗീയ ചിന്തയ്ക്കും വലതുപക്ഷ റിവിഷനിസത്തിനും എതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും മല്ലിടേണ്ടി വന്നു. രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന്റെ ഫലമായുണ്ടായ ഇടതുപക്ഷ വിഭാഗീയ ചിന്ത 1948 നും 1950 നും ഇടയിലുള്ള ചെറിയ കാലയളവിലേ ഉണ്ടായിരുന്നുള്ളൂവെങ്കിലും റിവഷനിസ്റ്റ് പ്രവണത ആയിരുന്നു പ്രധാന ഭീഷണി ഉയര്‍ത്തിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ റിവിഷനിസത്തിനു കാരണം സ്വാതന്ത്ര്യം ലഭിച്ച ശേഷം അധികാരത്തിലെത്തിയ ബൂര്‍ഷാസിയുടെ സ്വാധീനമാണെന്നത് കാണാന്‍ കഴിയും. വന്‍കിട ബൂര്‍ഷ്വാസി നേത്യത്വം നല്‍കുന്ന ദേശീയ ബൂര്‍ഷ്വാസിയെ വര്‍ഗ്ഗശത്രു ആയി കാണുവാന്‍ റിവിഷനിസ്റ്റ് പ്രവണതകള്‍ക്ക് കഴിഞ്ഞിരുന്നില്ല.

CPM

സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ എല്ലാ വര്‍ഗ്ഗങ്ങളുടെയും ഐക്യമുന്നണി ഉണ്ടായിരുന്നതു പോലെ തന്നെ, അവരുമായി സഹകരിക്കണമെന്ന സമീപനമാണ് അവര്‍ക്കുണ്ടായിരുന്നത്. ബൂര്‍ഷ്വാ – ജന്മി വര്‍ഗ്ഗ പ്രത്യയശാസ്ത്ര പോരാട്ടത്തെ പ്രതിനിധീകരിക്കുന്ന ഭരണവര്‍ഗ്ഗമായ കോണ്‍ഗ്രസ്സുമായി ദേശീയ തലത്തില്‍ ഐക്യമുന്നണി ഉണ്ടാക്കണം എന്നതാണ് റിവിഷനിസ്റ്റ് ലൈന്‍ മുന്നോട്ടുവെച്ചിരുന്ന സമീപനം.

1956 ല്‍ പാലക്കാട് നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ പ്രവണതയും പൊങ്ങി വന്നിരുന്നു. കേന്ദ്രകമ്മിറ്റിയുടെ കരട് രാഷ്ട്രീയ പ്രമേയത്തിനെതിരെ ദേശീയതലത്തില്‍ കോണ്‍ഗ്രസ്സുമായി മുന്നണി ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുന്ന ബദല്‍ പ്രമേയം എസ് എ ഡാങ്കെ, പി സി ജോഷി, സി രാജേശ്വര റാവു, എം എന്‍ ഗോവിന്ദന്‍ നായര്‍ എന്നിവരാണ് കൊണ്ടുവന്നിരുന്നത്. ഈ പ്രമേയം പരാജയപ്പെട്ടെങ്കിലും പ്രതിനിധികളില്‍ മൂന്നില്‍ ഒരാളുടെ പിന്തുണ അതിനു ലഭിക്കുകയുണ്ടായി.

അന്നു മുതലാണ് പാര്‍ട്ടി പരിപാടി സംബന്ധിച്ച് ഉള്‍പ്പാര്‍ട്ടി സംഘര്‍ഷവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തുടങ്ങിയിരുന്നത്. ഭരണകൂടത്തിന്റെ സ്വഭാവം, കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വര്‍ഗ്ഗ സ്വഭാവം, ബൂര്‍ഷ്വാസിയെക്കുറിച്ചുള്ള വിലയിരുത്തല്‍, ഇന്ത്യയിലെ മുതലാളിത്ത വളര്‍ച്ചയുടെ പ്രകൃതം തുടങ്ങിയ പ്രശ്‌നങ്ങള്‍ തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമായി മാറുകയുണ്ടായി. ഇന്ത്യന്‍ വിപ്ലവത്തെക്കുറിച്ചുള്ള അടവും തന്ത്രവും സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ക്കു പിന്നില്‍, പ്രത്യയശാസ്ത്രവ്യത്യാസങ്ങളും മാര്‍ക്‌സിസം-ലെനിനിസത്തില്‍ നിന്നുള്ള വ്യതിചലനവുമാണ് ഉണ്ടായിരുന്നത്.

CPIM

സോവിയറ്റ് യൂണിയനിലെ ഭരണ കക്ഷിയായിരുന്ന സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണ് റിവിഷനിസ്റ്റ് സമീപനത്തിന്റെ സ്രോതസ്. 1956 ലെ 20 -ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് മുതല്‍ സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവര്‍ത്തനമുണ്ടായി. ഇന്ത്യപോലെയുള്ള രാജ്യങ്ങളിലാണ് സമാധാനപരമായ പരിവര്‍ത്തനം സംഭവിച്ചിരുന്നത്. അവികസിത രാജ്യങ്ങളില്‍ മുതലാളിത്തേതരമാര്‍ഗ്ഗത്തിലൂടെ സോഷ്യലിസത്തിലേക്കുള്ള വികസനം സാമ്രാജ്യത്വവും സോഷ്യലിസ്റ്റ് വ്യവസ്ഥയും കൂടിയുള്ള സമാധാനപരമായ സഹവര്‍ത്തിത്വം തുടങ്ങിയ ആശയങ്ങളാണ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടു വെക്കാന്‍ തുടങ്ങിയിരുന്നത്.

ഇത്തരത്തില്‍ മാര്‍ക്‌സിസം-ലെനിനിസത്തില്‍ നിന്നുള്ള വ്യതിചലനങ്ങളുടെയും റിവിഷനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും സ്വാധീനമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും കണ്ടുതുടങ്ങിയത്. വലതുപക്ഷ റിവിഷനിസത്തിനെതിരെയുള്ള ഉള്‍പ്പാര്‍ട്ടി സംഘര്‍ഷമാണ് പാര്‍ട്ടിയുടെ പിളര്‍പ്പിലേക്കും സിപിഐഎമ്മിന്റെ രൂപീകരണത്തിലേക്കും കാരണമായിരുന്നത്. 1991 ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതും സോഷ്യലിസത്തിനേറ്റ തിരിച്ചടികളും സിപിഎമ്മിനും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

മിഖായേല്‍ ഗോര്‍ബച്ചേവിന്റെ നേതൃത്വത്തില്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച റിവിഷനിസ്റ്റ് നാശോന്മുഖ നിലപാടിനെ സിപിഎം പരസ്യമായിതന്നെ എതിര്‍ത്തു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 27 -ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം, അതീവ ഗുരുതരമായി മാര്‍ക്‌സിസം-ലെനിനിസത്തില്‍ നിന്നും വ്യതിചലിക്കുകയാണെന്ന വിമര്‍ശനമാണ് സി.പി.എം ഉയര്‍ത്തിയത്. ഈ രാഷ്ട്രീയ പ്രമേയം ബാഹ്യമായി സാമ്രാജ്യത്വവുമായും ആന്തരികമായി മുതലാളിത്ത ഘടകങ്ങളുമായും വര്‍ഗ്ഗസഹകരണത്തിന് ആഹ്വാനം ചെയ്യുന്നതായിരുന്നു.

Also Read: യുക്രെയ്ന്‍ അധിനിവേശം; പ്രതിരോധ ബജറ്റ് ഉയര്‍ത്തി റഷ്യ

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു ശേഷം 1992 ല്‍ ചേര്‍ന്ന സിപിഎമ്മിന്റെ പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഒരു പ്രമേയം അംഗീകരിക്കുകയുണ്ടായി. ഇതാണ് പാര്‍ട്ടിയുടെ രണ്ടാമത്തെ സുപ്രധാനമായ പ്രത്യയശാസ്ത്ര ഇടപെടല്‍. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാര്‍ക്‌സിസം – ലെനിനിസത്തില്‍ നിന്നുള്ള വ്യതിചലനം, സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നതില്‍ ഉണ്ടായ വീഴ്ചകള്‍, പ്രത്യയശാസ്ത്ര വ്യതിചലനങ്ങള്‍ ഇവ സോവിയറ്റ് രാജ്യത്തെയും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഉന്നത തലത്തിലേക്ക് സോഷ്യലിസത്തെ എത്തിക്കുന്നതിനുള്ള മാര്‍ഗ്ഗത്തില്‍ നിന്നും വഴിമാറ്റിയത് എങ്ങനെയെന്നുമെല്ലാം ഈ പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.

സോവിയറ്റ് യൂണിയനില്‍ സംഭവിച്ചത് മാര്‍ക്‌സിസം – ലെനിനിസത്തിന്റെ പരാജയമല്ലെന്നും മറിച്ചു മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് തത്ത്വങ്ങള്‍ തെറ്റായി പ്രയോഗിച്ചതു മൂലം ഉണ്ടായതാണെന്നുമാണ് ഇതില്‍ എടുത്ത് പറഞ്ഞിരുന്നത്. ഇതിനു പുറമെ, ലോകത്തു നിലനില്‍ക്കുന്ന നാലു സുപ്രധാന വൈരുധ്യങ്ങളുടെ പ്രാമാണ്യതയെക്കുറിച്ചും സോഷ്യലിസം കെട്ടിപ്പടുക്കുന്നതില്‍ മെച്ചപ്പെട്ട സിദ്ധാന്തവും പ്രയോഗവും വികസിപ്പിക്കുന്നതിനും, സോവിയറ്റ് അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ പ്രമേയം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Also Read: സിറിയയ്ക്ക് ഇറാന്റെയും റഷ്യയുടെയും പരസ്യ പിന്തുണ

ബൂര്‍ഷ്വാ, ജന്മിത്വ, പ്രതിലോമ സാമൂഹ്യ പ്രത്യയശാസ്ത്രങ്ങളുമായി നിരന്തരം എതിരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് സി.പി.എം. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പ്രധാന ദൗത്യം തന്നെ വര്‍ഗ്ഗീയതയും ജാതി മേധാവിത്വവും പോലെയുള്ള പ്രതിലോമ പ്രത്യയശാസ്ത്രങ്ങളെ എതിര്‍ക്കുകയും അവയെ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ്. യുക്തിയിലും സാമ്പത്തികസമത്വത്തിലും സാമൂഹ്യ വിമോചനത്തിലും അടിസ്ഥാനപ്പെടുത്തി പ്രത്യയശാസ്ത്രത്തെ വളര്‍ത്തുക എന്നതും സി.പി.എം മുന്നോട്ട് വെയ്ക്കുന്ന വിപ്ലവ ദൗത്യമാണ്. ഈ പോരാട്ടത്തിന്റെ കാതല്‍ ഇന്ന് ഹിന്ദുത്വ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെയുള്ളതാണ്.

പ്രത്യയശാസ്ത്ര പോരാട്ടമാണ് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജീവശക്തി പകരുന്നത്. മനുഷ്യവിമോചനം എന്ന വീക്ഷണത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള പ്രത്യയശാസ്ത്ര പോരാട്ടം ശക്തമായി തുടരേണ്ടതുണ്ട്. അതാണ് സി.പി.എമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളും രാജ്യത്ത് നടത്തുന്നത്. ആര്‍.എസ്.എസ് അവരുടെ പ്രഖ്യാപിത ശത്രുവായി കാണുന്നതും കമ്മ്യൂണിസ്റ്റുകളെയാണ്. സി.പി.എമ്മിനെയാണ് ആര്‍.എസ്.എസ്-സി.പി.എം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കുന്നത് നൂറ് കണക്കിന് പേരാണ്. ഇവിടെയൊന്നും ഒരു യു.ഡി.എഫുകാരനെയും നമുക്ക് കാണാന്‍ കഴിയുകയില്ല. കാവി പ്രത്യയശാസ്ത്രത്തിന്റെ ഒരു ഏടിലും കോണ്‍ഗ്രസ്സിനേയോ ലീഗിനെയോ ശത്രുവായി രേഖപ്പെടുത്തിയിട്ടില്ലെന്നതും രാഷ്ട്രീയ കേരളം തിരിച്ചറിയണം.

ആ ചെങ്കൊടി പ്രസ്ഥാനത്തെയാണ് രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ചേര്‍ന്ന് ഒരുവിഭാഗം മാധ്യമങ്ങളും ഇപ്പോള്‍ താറടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഒരു ഏരിയാ സമ്മേളനം മാറ്റി വെച്ചതുകൊണ്ടോ ഏതെങ്കിലും ലോക്കല്‍ സമ്മേളനം നിര്‍ത്തിവച്ചതു കൊണ്ടോ അവസരവാദിയായ ഏതെങ്കിലും നേതാക്കള്‍ പാര്‍ട്ടി വിട്ടതു കൊണ്ടോ തകരാന്‍ ഇത് വ്യക്തി കേന്ദ്രീകൃത പാര്‍ട്ടിയല്ലെന്നത് ശീതീകരിച്ച ചാനല്‍ വേദിയിലിരുന്ന് വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും.


Express View

വീഡിയോ കാണാം

Share Email
Top