മധുരത്തിൽ ഒരു ഇന്ത്യൻ കുതിപ്പ്; 53,000 കോടി കടക്കാൻ ഒരുങ്ങി നമ്മുടെ ചോക്ലേറ്റ് വിപണി!

സാധാരണ ബ്രാൻഡുകൾ ഫാക്ടറികളിൽ നിർമ്മിച്ച ചോക്ലേറ്റ് മിശ്രിതം വാങ്ങി അത് ഉരുക്കി രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്

മധുരത്തിൽ ഒരു ഇന്ത്യൻ കുതിപ്പ്; 53,000 കോടി കടക്കാൻ ഒരുങ്ങി നമ്മുടെ ചോക്ലേറ്റ് വിപണി!
മധുരത്തിൽ ഒരു ഇന്ത്യൻ കുതിപ്പ്; 53,000 കോടി കടക്കാൻ ഒരുങ്ങി നമ്മുടെ ചോക്ലേറ്റ് വിപണി!

ജൂലൈ 7-ാം തീയതിയായ ഇന്ന് ‘ലോക ചോക്ലേറ്റ് ദിനം’ ആഘോഷിക്കുന്നു. 16-ാം നൂറ്റാണ്ടിൽ യൂറോപ്പിലേക്ക് ചോക്ലേറ്റ് എത്തിയതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. സ്വിറ്റ്‌സർലൻഡ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളായിരുന്നു ചോക്ലേറ്റ് വിപണിയിൽ ദീർഘകാലമായി ആധിപത്യം പുലർത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ഇന്ത്യൻ ബ്രാൻഡുകളും ഈ മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമായി ഉറപ്പിച്ചു കഴിഞ്ഞു. പ്രത്യേകിച്ച്, കേരളത്തിലെയും ആന്ധ്രപ്രദേശിലെയും കൊക്കോ തോട്ടങ്ങളും, രാജ്യത്തുടനീളമുള്ള ആർട്ടിസാനൽ ചോക്ലേറ്റ് സ്റ്റുഡിയോകൾ വഴിയും പ്രീമിയം ചോക്ലേറ്റുകൾ നിർമ്മിക്കുന്ന ‘ബീൻ ടു ബാർ’ രീതി ഇന്ത്യയിൽ വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

എന്താണ് ‘ബീൻ ടു ബാർ’ രീതി എന്ന് പരിശോധിക്കാം. സാധാരണ ബ്രാൻഡുകൾ ഫാക്ടറികളിൽ നിർമ്മിച്ച ചോക്ലേറ്റ് മിശ്രിതം വാങ്ങി അത് ഉരുക്കി രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാൽ ‘ബീൻ ടു ബാർ’ രീതിയിൽ, കൊക്കോ തോട്ടങ്ങളിൽ നിന്ന് നേരിട്ട് കൊക്കോ ബീൻസ് ശേഖരിക്കുന്നത് മുതൽ അത് വറുത്തെടുക്കൽ, പൊടിക്കൽ, പാകപ്പെടുത്തൽ, ഒടുവിൽ ചോക്ലേറ്റ് ബാറുകളാക്കി മാറ്റുന്നത് വരെയുള്ള എല്ലാ പ്രക്രിയകളും ഒരൊറ്റ നിർമ്മാതാവ് തന്നെ നേരിട്ട് നിയന്ത്രിക്കുന്നു. ഇതിലൂടെ ചോക്ലേറ്റിന്റെ ഗുണനിലവാരവും തനത് രുചിയും പൂർണ്ണമായി നിലനിർത്താൻ സാധിക്കുന്നു.

Also Read:മുകളിലേക്ക് നോക്കിയവർ താഴേക്ക് നോക്കി; പിന്നെ കണ്ടത് ഭൂമിയിലെ ആകാശച്ചുഴികൾ!

ഇന്ത്യൻ ചോക്ലേറ്റ് വിപണി വളരെ വേഗത്തിലാണ് വളർന്നുകൊണ്ടിരിക്കുന്നത്. 2025-ൽ ഏകദേശം 29,112 കോടി രൂപയായിരുന്ന വിപണി മൂല്യം, 2034-ഓടെ ഏകദേശം 53,325 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7.01 ശതമാനമാണ് വിപണിയിലെ വളർച്ചാ നിരക്ക്. ഇതിൽ തന്നെ 11.52 ശതമാനം വളർച്ചാ നിരക്കുമായി ആർട്ടിസാനൽ അല്ലെങ്കിൽ ക്രാഫ്റ്റ് ചോക്ലേറ്റുകളാണ് മുന്നിട്ടുനിൽക്കുന്നത്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്ന മില്ലേനിയലുകളും ജനറേഷൻ സി വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കളുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. മികച്ച രുചിക്കും ആരോഗ്യത്തിനും വേണ്ടി കൂടുതൽ പണം ചെലവാക്കാൻ 30 വയസ്സിന് മുകളിലുള്ള പ്രൊഫഷണലുകൾ തയ്യാറാകുന്നതും ഈ മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു.

വലിയ ബ്രാൻഡുകൾ പാം ഓയിലും എമൽസിഫയറുകളും ഉപയോഗിക്കുമ്പോൾ, ക്രാഫ്റ്റ് ചോക്ലേറ്റ് ബ്രാൻഡുകൾ വളരെ കുറഞ്ഞ ചേരുവകൾ മാത്രമാണ് ഉപയോഗിക്കുന്നത്. കർഷകരിൽ നിന്നോ കോ-ഓപ്പറേറ്റീവുകളിൽ നിന്നോ നേരിട്ട് കൊക്കോ ബീൻസ് വാങ്ങുന്നതിലൂടെ കർഷകർക്ക് ഇരട്ടി ലാഭം ലഭിക്കുന്നു എന്നതും ഈ രീതിയുടെ പ്രത്യേകതയാണ്. ഒപ്പം പരിസ്ഥിതി സൗഹൃദമായ ഈ നിർമ്മാണ രീതി, വരും വർഷങ്ങളിൽ ചോക്ലേറ്റിന്റെ തനിമയും ഗുണമേന്മയും മനസ്സിലാക്കുന്ന ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുമെന്നും ഈ രംഗത്തുള്ളവർ വിലയിരുത്തുന്നു.

Share Email
Top