ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് പാലായിൽ കൊടിയേറി. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള കൊടിമരജാഥകൾ ഇന്നലെ സമ്മേളന നഗരിയിൽ എത്തിയതോടെയാണ് കോട്ടയം ജില്ലയിലെ യുവജന കൂട്ടായ്മയുടെ വലിയൊരു സംഗമത്തിന് തുടക്കമായത്. പ്രതിനിധി സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് നിർവഹിക്കും. തുടർന്ന് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നതിനായുള്ള വിവിധ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പും നടക്കും.
വരുംദിനങ്ങളിൽ സംഘടനയുടെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന ചർച്ചകളാണ് സമ്മേളനത്തിൽ നടക്കുക. ജില്ലാ സെക്രട്ടറി ബി. സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. ഇതിന്മേൽ പ്രതിനിധികൾ നടത്തുന്ന ഗ്രൂപ്പ് ചർച്ചകളുടെയും പൊതുചർച്ചകളുടെയും അടിസ്ഥാനത്തിലായിരിക്കും ഡിവൈഎഫ്ഐയുടെ വരുംകാല പ്രവർത്തനങ്ങൾക്കും പോരാട്ടങ്ങൾക്കും പാലായിൽ രൂപരേഖ തയ്യാറാക്കുക.






