സഹകരണ മേഖലയുടെ പങ്കാളിത്തത്തോടെ ‘കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി’ ആരംഭിക്കാനുള്ള വൻ പദ്ധതിക്ക് തുടക്കത്തിൽ തന്നെ വൻ സ്വീകാര്യത. പദ്ധതിക്കായി തുക സമാഹരിച്ച് തുടങ്ങിയതിന്റെ ആദ്യ ആഴ്ചയിൽ തന്നെ 5 കോടി രൂപയുടെ പ്രാഥമിക മൂലധനം ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വരുന്ന ഓണം സീസണോടെ കമ്പനിയുടെ ആദ്യ വിമാനം പറന്നുയർത്താനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ 200 സഹകരണ സംഘങ്ങളിൽ നിന്ന് 2 കോടി രൂപ വീതം നിക്ഷേപം സ്വീകരിച്ച് 400 കോടി രൂപയുടെ മൂലധനത്തോടെ കേരള സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കാനാണ് തീരുമാനം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാൽ മാതൃകയിലായിരിക്കും പ്രവർത്തനം. സഹകരണ മേഖലയുടെ നേതൃത്വത്തിൽ രാജ്യത്ത് ആരംഭിക്കുന്ന ആദ്യ വിമാനക്കമ്പനി എന്ന സവിശേഷതയും ഇതിനുണ്ട്. 50 കോടി രൂപയുടെ ഓഹരി മൂലധനം പൂർത്തിയാകുന്നതോടെ പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യും.
Also Read: സ്വർണവിലയിൽ തീപ്പൊരി! പവന് ഒറ്റയടിക്ക് 2,360 രൂപ കൂടി
ഗൾഫ് നാടുകളിലേക്ക് അടക്കമുള്ള പ്രവാസികളുടെ യാത്രാച്ചെലവും സീസൺ സമയങ്ങളിലെ ടിക്കറ്റ് നിരക്കുകളിലെ വൻ വർധനവും നിയന്ത്രിക്കാൻ ഈ സംരംഭം വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും ഡി.ജി.സി.എയുടെയും ആവശ്യമായ എല്ലാ ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമായാൽ ഓണത്തോടെ ആദ്യ വിമാന സർവീസ് ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






